-->
പത്തനംതിട്ട: ഡ്യൂട്ടിക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട വനം വാച്ചറുടെ ഭാര്യക്ക് ഇടത് അനുകൂല സംഘടനയുടെ പരിപാടിയില്‍ ആശ്രിത നിയമന ഉത്തരവ് കൈമാറാന്‍ തീരുമാനിച്ച ചടങ്ങ് വിവാദമായതോടെ ഉന്നത ഉദ്യോഗസ്‌ഥരും പ്രമോദ് നാരായണന്‍ എം.എല്‍.എ യും പരിപാടിക്ക് എത്തിച്ചേര്‍ന്നില്ല.
കെ.എഫ്.പി.എസ്.എ പത്തനംതിട്ട ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എ. എസ് ബിജു അനുസ്‌മരണ ചടങ്ങുകള്‍ പെരുന്നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു ഉത്‌ഘാടനം ചെയ്‌തു.2020 ഫെബ്രുവരി മാസം 26 നാണ് അത്തിക്കയം മടന്തമണ്ണില്‍ ജനവാസ മേഘലയിലിറങ്ങിയ കാട്ടാനയെ തുരത്തി വനത്തിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ ഫോറസ്‌റ്റ് വാച്ചറായിരുന്ന എ. എസ് ബിജു മരിച്ചത്. രക്‌തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ഭാര്യയുടെ ആശ്രിത നിയമന ഉത്തരവ് കൈമാറാനുള്ള തീരുമാനമാണ് പ്രതിപക്ഷ സര്‍വ്വീസ് സംഘടനകളുടെ രൂക്ഷമായ എതിര്‍പ്പിന് ഇടയാക്കിയത്.
ബിജുവിനെ അനുസ്‌മരിക്കുക തന്നെ വേണമെന്നും, എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് സംഘടനയുടെ പരിപാടിയില്‍ സര്‍ക്കാര്‍ ജോലിയുടെ ഉത്തരവ് നല്‍കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും കേരളാ ഫോറസ്‌റ്റ് പ്ര?ട്ടക്‌ടീവ് സ്‌റ്റാഫ് സംഘ് സംസ്‌ഥാന പ്രസിഡന്റ് ബി. എസ് ഭദ്രകുമാര്‍ പറഞ്ഞു. പ്രമോദ് നാരായണന്‍ എം .എല്‍ .എ യുടെ തിരഞ്ഞെടുപ്പ പ്രചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് ആരോപണം ഉയര്‍ന്നത്.
എന്നാല്‍ എം.എല്‍.എ പരിപാടിയില്‍ എത്തിച്ചേര്‍ന്നില്ല. കൊല്ലം സതേണ്‍ സര്‍ക്കിള്‍ സി. സി. എഫ്, ഡോ. ആര്‍ കമലഹാര്‍ ആണ് ചടങ്ങില്‍ നിയമന ഉത്തരവ് കൈമാറേണ്ടിയിരുന്നത്.
എന്നാല്‍ അദ്ദേഹവും റാന്നി ഡി. എഫ്. ഓ, എന്‍ രാജേഷും എത്തിയില്ല. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ എത്തിച്ചേരാതിരുന്നതോടെ ചടങ്ങില്‍ നിയമന ഉത്തരവ്‌നല്‍കിയതുമില്ല.
2021 മുതല്‍ കെ. എഫ്.പി.എസ്.എ യുടെ ആഭിമുഖ്യത്തില്‍ .ബിജു അനുസ്‌മരണം സംഘടിപ്പിച്ച് വരുന്നുണ്ടെന്നും, നൂറനാട് ഇറങ്ങിയ കാട്ടുപോത്തിനെ തിരികെ വനത്തില്‍ എത്തിക്കുന്നതിനുള്ള തിരക്കിലായതിനാലാണ് ഉദ്യോഗസ്‌ഥര്‍ക്ക് ചടങ്ങില്‍ എത്തിച്ചേരാനാവാതിരുന്നതെന്നുമാണ് സംഘാടകരുടെ വിശദീകരണം.