-->
മാവേലിക്കര: നൂറനാടിനു പിന്നാലെ തഴക്കര കല്ലുമലയിലും കാട്ടുപോത്തിനെ കണ്ടത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കല്ലുമല കണ്ണാട്ടുമോടി ഭാഗത്ത് കാട്ടുപോത്തിനെ കണ്ടത്. ഗാനമേള സംഘം തിരുവനന്തപുരത്തെ പരിപാടി കഴിഞ്ഞ് തിരികെ എത്തുമ്പോഴാണ് റോഡിലൂടെ നടന്നുപോകുന്ന കാട്ടുപോത്തിനെ കണ്ടത്. ലൈറ്റ് ഓപ്പറേറ്ററായ ജയ്‌സണ്‍ ഇതിന്റെ വീഡിയോ പകര്‍ത്തി.
റോഡിന്റെ നടുവിലൂടെ സാവധാനം നടന്നു പോയ കാട്ടുപോത്തിന് പിന്നാലെ അരമണിക്കൂറോളം വാഹനം പതിയെ ഓടിക്കുകയായിരുന്നെന്ന് ജയ്‌സണ്‍ പറഞ്ഞു. ഇതിനുശേഷം പോത്ത് റോഡരികിലുള്ള സ്‌ഥലത്തേക്കു കയറി. പിന്നീട് കല്ലുമല എം.ബി ഐറ്റിസിക്കു സമീപം കാട്ടുപോത്തിനെ കണ്ടവരുണ്ട്. ഐ.ടി.ഐയുടെ അടുത്തുനിന്ന് വടക്കോട്ടുള്ള റോഡിലേക്കു പോയതായാണ് അവസാനം കണ്ടത്.
കായംകുളം-പുനലൂര്‍ റോഡില്‍ നൂറനാട് ലെപ്രസി സാനിട്ടോറിയത്തിനു സമീപം ചൊവ്വാഴ്‌ച പുലര്‍ച്ചെ വഴിയാത്രക്കാര്‍ കാട്ടുപോത്തിനെ കണ്ടിരുന്നു. പ്രദേശവാസികളും ഫോട്ടോഗ്രാഫര്‍മാരുമായ സന്തോഷ് ഫോട്ടോവേള്‍ഡ്, ഷാജി ഡേലൈറ്റ് എന്നിവര്‍ കാറില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്കു പോകുമ്പോഴാണ് റോഡിന്റെ മധ്യഭാഗത്തു കൂടി വേഗത്തില്‍ പോകുന്ന കാട്ടുപോത്തിനെ കണ്ടത്. വാഹനത്തിലിരുന്നുതന്നെ ഇവര്‍ ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. ആദ്യം പശുവാണെന്നു കരുതിയെങ്കിലും കാലുകളിലെ വെള്ള നിറവും വലിയ കൊമ്പുകളും കണ്ടതോടെയാണ് കാട്ടുപോത്താണെന്ന് ഉറപ്പിച്ചത്. വാഹനം അടുത്തെത്താറായപ്പോള്‍ ഇത് സാനിട്ടോറിയത്തിന് എതിര്‍വശത്ത് കാടുപിടിച്ചു കിടക്കുന്ന പുരയിടത്തിലേക്ക് ഓടിപ്പോയി. ബ്ലോക്ക് പഞ്ചായത്തംഗം എസ്. നിയാസ് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ മുഖാന്തിരം റാന്നി ഫോറസ്‌റ്റ് റേഞ്ചില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരെത്തി തെരച്ചില്‍ നടത്തിയിട്ടും കാട്ടുപോത്തിനെ കണ്ടെത്താനായില്ല.
നൂറനാട്ടുനിന്നും ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള ചുനക്കര കളിക്കണ്ടം ഭാഗത്ത് ബുധനാഴ്‌ച പുലര്‍ച്ചെ കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരെത്തി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ചുനക്കരവഴി കടന്നുപോകുന്ന 220 കെ.വി ഹൈടെന്‍ഷന്‍ ലൈനിനടിയിലൂടെ കളിക്കണ്ടത്തിനു കിഴക്കുഭാഗത്തുള്ള പുഞ്ചയിലേക്ക് കാട്ടുപോത്ത് കടന്നതായാണു കണ്ടെത്തിയത്. പുഞ്ചയില്‍ ബണ്ട് കടന്നാല്‍ അച്ചന്‍കോവിലാറിന്റെ കരയിലൂടെ കാട്ടുപോത്ത് വനത്തിലേക്കു തിരികെ പോകുമെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ നിഗമനം. എന്നാല്‍ ഇതിനിടെയാണ് കാട്ടുപോത്ത് മാവേലിക്കരയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ പട്രോളിങ് നടത്തുന്നുണ്ട്.