-->
ആലപ്പുഴ: സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിന് അടിത്തറയും സുരക്ഷിതത്വവും ഉറപ്പാക്കുകയെന്നതിനാണ് സംസ്‌ഥാനസര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ വൈ.എം.സി.എ. ഹാളില്‍ നടന്ന ജില്ലാതല പട്ടയമേള ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് കേരളത്തിലെ എല്ലാ മേഖലകളെയും അത്ഭുതാവഹമായ പുരോഗതിയിലേക്ക് നയിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇതുവരെ 4,56,689 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റുവാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ ഇത് അഞ്ച് ലക്ഷമാക്കാനുള്ള ശ്രമത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. ജില്ലാതല പട്ടയമേളയില്‍ ആകെ 142 പട്ടയങ്ങളാണ് വിതരണം ചെയ്‌തത്. എം.എല്‍.എമാരായ പി.പി. ചിത്തരഞ്‌ജന്‍, എച്ച്. സലാം, തോമസ് കെ. തോമസ്, ജില്ലാ കളക്‌ടര്‍ അലക്‌സ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് പട്ടയങ്ങള്‍ വിതരണം ചെയ്‌തത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2016-21 കാലയളവില്‍ 1205 പട്ടയങ്ങളും 2021-25 കാലയളവ് വരെ 1527 പട്ടയങ്ങളും ജില്ലയില്‍ വിതരണം ചെയ്‌തു. 2026-ല്‍ ജില്ലയില്‍ 123 പട്ടയങ്ങളാണ് ലക്ഷ്യമായി നിശ്‌ചയിച്ചിരുന്നതെങ്കിലും 142 പട്ടയങ്ങള്‍ വിതരണത്തിന് തയാറാക്കാന്‍ റവന്യൂ വകുപ്പിന് സാധിച്ചു.ഇതില്‍ ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചാത്തനാട് നഗറിലെ 32 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനായത് സര്‍ക്കാര്‍ തലത്തില്‍ കൈക്കൊണ്ട പ്രത്യേക തീരുമാനം കൊണ്ടാണ്. ആലപ്പുഴ നഗരസഭയിലെ ശുചീകരണ തൊഴിലാളികളായിരുന്ന ഇവര്‍ മുനിസിപ്പല്‍ പ്രദേശങ്ങളിലെ ഭൂമിപതിവ് ചട്ടപ്രകാരമുള്ള ഉയര്‍ന്ന വരുമാന പരിധി മൂലം വര്‍ഷങ്ങളായി ഉടമസ്‌ഥാവകാശ രേഖയ്‌ക്കായി കാത്തിരിക്കുകയായിരുന്നു.ആലപ്പുഴ മണ്ഡലത്തിന്റെ പരിധിയിലുള്ള 62 കുടുംബങ്ങള്‍ക്ക് ചടങ്ങില്‍ പട്ടയം വിതരണം ചെയ്‌തു.
അമ്പലപ്പുഴ മണ്ഡലത്തിലെ ആലിശേരി നഗറില്‍ താമസിക്കുന്ന 25 കുടുംബങ്ങള്‍ ഉള്‍പ്പടെ ആകെ 44 പേര്‍ക്ക് പട്ടയം നല്‍കി. കൂടാതെ ചേര്‍ത്തല മണ്ഡലത്തില്‍ 20 പേര്‍ക്കും അരൂര്‍ മണ്ഡലത്തില്‍ 19 പേര്‍ക്കും കുട്ടനാട് മണ്ഡലത്തിലെ 10 പേര്‍ക്കും ഹരിപ്പാട് ഒരാള്‍ക്കും കായംകുളത്ത് രണ്ടുപേര്‍ക്കും ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നാല് പേര്‍ക്കുമാണ് പട്ടയങ്ങള്‍ വിതരണം ചെയ്‌തത്.