-->
ഹരിപ്പാട്: സര്‍ക്കാരിന്റെ ഡേറ്റാമോഷണ വിവാദം ജനങ്ങളില്‍ നിന്ന് മറച്ചുവയ്‌ക്കുന്നതിനായി ആരോഗ്യമന്ത്രിയും സി.പി.എം സംസ്‌ഥാന സെക്രട്ടറിയും ചേര്‍ന്നുനടത്തുന്ന നാടകമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിക്കു നേരേ ആക്രമണം നടത്തിയെന്ന കള്ളപ്രചാരണമെന്ന് രമേശ് ചെന്നിത്തല. ഹരിപ്പാട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ ദേഹത്ത് ഒരു മണ്ണുപോലും ആരും നുള്ളിയിട്ടിട്ടില്ല. നാല്‍പ്പതിലധികം വരുന്ന പൊലീസുകാരുടെ വലയത്തിലായിരുന്ന മന്ത്രിയുടെ അടുത്തേക്ക് ഒരു കെ.എസ്.യു പ്രവര്‍ത്തകന്‍ പോലും എത്തിയിട്ടില്ല. എന്നിട്ടും അവര്‍ക്കെതിരെ കൊലപാതകശ്രമം ചുമത്തിയത് പ്രതിഷേധാര്‍ഹമാണ്. വീണാ ജോര്‍ജ് മികച്ച നടിയാണെന്ന് ഇപ്പോഴാണ് കേരളത്തിന് മനസ്സിലായത്. എം.വി ഗോവിന്ദനും വീണാ ജോര്‍ജും തമ്മില്‍ അഭിനയ മത്സരമാണു നടക്കുന്നത്. മന്ത്രിയെ തടഞ്ഞ പൊലീസുകാര്‍ക്കെതിരെയാണ് യഥാര്‍ത്ഥത്തില്‍ കേസെടുക്കേണ്ടത്.
പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. നിയമസഭാ സ്‌പീക്കര്‍ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെപ്പോലെയാണ് പെരുമാറുന്നത്. പാര്‍ട്ടികള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കേണ്ടയാളാണ് സ്‌പീക്കര്‍. ഭരണഘടനാ പദവിയുടെ വില കളയുന്ന നടപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ സംഭവങ്ങളുടെയെല്ലാം മറവില്‍ സംസ്‌ഥാനത്തുടനീളം കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ സിപിഎം ആക്രമണം നടത്തുകയാണ്. പുതുയുഗ യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും പ്രചാരണ വാഹനങ്ങളും സി.പി.എം അടിച്ചു തകര്‍ക്കുകയാണ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ചപ്പോള്‍പ്പോലും ഒരു പ്രതിഷേധവും വേണ്ടെന്ന് ആഹ്വാനം ചെയ്‌ത പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. പ്രതിപക്ഷം പുറത്തുകൊണ്ടുവന്ന ഡേറ്റാ മോഷണത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഈ അഭ്യാസങ്ങള്‍ മുഴുവന്‍. ഡേറ്റാ മോഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.