-->
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍.ഡി.എഫിനായി മൂന്നു പുതുമുഖങ്ങള്‍ സ്‌ഥാനാര്‍ഥികളായേക്കും. പുതുപ്പള്ളി, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലാണ് പുതുമുഖങ്ങള്‍ സ്‌ഥാനാര്‍ഥിയാകാനുള്ള സാധ്യതയേറിയത്.
എന്നാല്‍, മൂന്നു മണ്ഡലങ്ങളിലും മത്സരിക്കുന്ന പാര്‍ട്ടികളില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ല. വൈക്കത്ത് സി.കെ. ആശയ്‌ക്ക് സി.പി.ഐ. മത്സരിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ മാത്രമാകും പുതുമുഖത്തിന് അവസരം ലഭിക്കുക. പുതുപ്പള്ളിയില്‍ കെ.എം.രാധാകൃഷ്‌ണന്‍ അല്ലെങ്കില്‍ സുഭാഷ് പി.വര്‍ഗീസ്, കടുത്തുരുത്തിയില്‍ പി.എം. മാത്യു, വൈക്കത്ത് പി. പ്രദീപ് എന്നീ പുതുമുഖങ്ങളാണ് മത്സരിക്കാന്‍ സാധ്യതയുള്ളത്.
ജില്ലയില്‍ സി.പി.എം. മത്സരിക്കുന്ന ഏറ്റുമാനൂരില്‍ വി.എന്‍.വാസവനും കോട്ടയത്ത് കെ.അനില്‍കുമാറും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ബുധനാഴ്‌ച സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.എന്‍. വാസവനും പി.കെ. ബിജും പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം കോട്ടയം മണ്ഡലത്തിലേക്ക് പി.കെ. ഹരികുമാര്‍, സുരേഷ് കുറുപ്പ് എന്നിവരുടെ പേരും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്‌ഥാന നേതൃത്വത്തിനു നല്‍കി ലിസ്‌റ്റില്‍ ഈ പേരുകളുമുണ്ടെങ്കിലും ഇരുവരും മത്സരിക്കാനില്ലെന്ന് അറിയിച്ചു. പുതുപ്പള്ളിയില്‍ റെജി സഖറിയ, കെ.എം.രാധാകൃഷ്‌ണന്‍ എന്നിവരുടെ പേരുകളായിരുന്നു ആദ്യ പരിഗണനയില്‍. എന്നാല്‍, റെജി സഖറിയ വിസമ്മതം പറഞ്ഞതോടെ ഏരിയാ സെക്രട്ടറിയാ സുഭാഷ് പി. വര്‍ഗീസിന്റെ പേരും ഉള്‍പ്പെടുത്തി.
കേരളാ കോണ്‍ഗ്രസിന്റെ അഞ്ചു സീറ്റുകളില്‍ എം.എല്‍.എമാരായ ഡോ. എന്‍. ജയരാജ്, സെബാസ്‌റ്റ്യന്‍ കുളത്തിങ്കല്‍, ജോബ് മൈക്കിള്‍ എന്നിവര്‍ മത്സരിക്കും. പാലായില്‍ ജോസ് കെ.മാണി തന്നെയാകും മത്സര രംഗത്തു തന്നെയുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്‌്. വികസന സന്ദേശ സദസുകളുമായി അദ്ദേഹം മണ്ഡലത്തില്‍ സജീവാണ്. എന്നാല്‍, കടുത്തുരുത്തിയില്‍ ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്ന പലരെയും ഒഴിവാക്കി മുന്‍ ജില്ലാ പഞ്ചായത്ത് അംഗം പി.എം. മാത്യുവിനു നറുക്കു വീഴാനുള്ള സാധ്യതയേറി. മണ്ഡലത്തില്‍ പാര്‍ട്ടി നടത്തിയ രഹസ്യ പഠനത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. മണ്ഡലത്തിലെ വികസന സന്ദേശ യാത്ര നയിക്കുന്നതും മാത്യുവാണ്.
സിറിയക് ചാഴികാടന്‍, ബ്രൈറ്റ് വട്ടനിരപ്പേല്‍, സഖറിയാസ് കുതിരവേലി തുടങ്ങിയവരുടെ പേരുകള്‍ നേരത്തെ ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു.ജില്ലയില്‍ സി.പി.ഐ. മത്സരിക്കുന്ന ഏക സീറ്റായ വൈക്കത്ത് ഇതുവരെ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. രണ്ടു ടേം കഴിഞ്ഞതിനാല്‍ സി.കെ. ആശ മാറുമെന്നും എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി പി.പ്രദീപ് മത്സരിക്കുമെന്നുമായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, ടേം വ്യവസ്‌ഥയില്‍ നിന്നു പിന്‍മാറാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ ആശ വീണ്ടും മത്സരിക്കാനുള്ള സാധ്യതയേറി. ജില്ലാ ഘടകം സംസ്‌ഥാന നേതൃത്വത്തിനു നല്‍കിയ പട്ടികയില്‍ ആശയ്‌ക്കൊപ്പം പി. പ്രദീപിന്റെ പേരു ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമ തീരുമാനം സംസ്‌ഥാന കൗണ്‍സിലിന്റേതാകും.