-->
കോട്ടയം:എരുമേലി കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഹബ്ബോ?. ഒന്നര വര്‍ഷത്തിനിടെ ഇവിടെ നിന്നു പിടികൂടിയത് ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം. ഒന്നര വര്‍ഷം മുമ്പ് ഓണക്കാലത്ത് ബംഗളുരു ബസില്‍ നിന്നു 67 ലക്ഷത്തിന്റെ കള്ളപ്പണമാണ് പിടികൂടിയതെങ്കില്‍, ഇന്നലെ പിടികൂടിയത് 61 ലക്ഷത്തിന്റെ കള്ളപ്പണമാണ്. എരുമേലിയിലും പരിസരങ്ങളിലും ഒന്നിലേറെ പേര്‍ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം. പിടികൂടിയതിനേക്കാള്‍ കൂടുതല്‍ പണം ഇത്തരത്തില്‍ ഒഴുകുന്നതായാണ് വിവരം.
2024 ഓണക്കാലത്തെ പരിശോധനയിലാണ് എരുമേലി സ്വദേശിയായ ഡ്യൂട്ടിപെയ്‌ഡ് ഷോപ്പ് ഉടമയ്‌ക്ക് എത്തിച്ച കള്ളപ്പണം പിടികൂടിയത്. ഇന്നലെ പിടികൂടിയ കള്ളപ്പണത്തിനും ഇയാളുമായി ബന്ധമുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലയിലെ ഒന്നിലേറെ സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിച്ച് കൊടുക്കുന്ന സംഘവുണ്ടെന്ന് നേരത്തെ നടത്തിയ പോലീസ് അന്വേഷണത്തില്‍ വ്യക്‌തമായിരുന്നു.
വിദേശത്തുനിന്നുള്ള കള്ളപ്പണം ബംഗളുരു വഴിയാണ് എരുമേലിയില്‍ എത്തുക. ബംഗളുരുവിലെ ഫോറിന്‍ എക്‌സ്ചേഞ്ച് സ്‌ഥാപനങ്ങള്‍ക്കും ഇത്തരം ഇടപാടുകളില്‍ ബന്ധമുണ്ടെന്നാണു സൂചന. എരുമേലിയിലെ ഉള്‍പ്പെടെ പല സ്‌ഥാപനങ്ങളുടെയും മറവിലാണ് പണം വെളുപ്പിക്കുന്നത്. അന്തര്‍ സംസ്‌ഥാന ബസുകളിലാണ് ഇത്തരത്തില്‍ പണമേറെയും എത്തിക്കുന്നത്.
അന്തര്‍സംസ്‌ഥാന ബസ് വഴി മുന്‍പും കള്ളപ്പണമെത്തിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. കള്ളപ്പണം പിടികൂടിയാലും അറസ്‌റ്റ് ചെയ്‌താലും ജാമ്യം ലഭിക്കും. ഉറവിടം കാണിച്ചാല്‍ പണവും തിരികെ ലഭിക്കും.
ഇതാണ് കടത്തുകാര്‍ക്കു ഗുണകരമാകുന്നത്. കടത്തുന്ന പണത്തിന്റെ നിശ്‌ചിത ശതമാനം കമ്മിഷന്‍ കടത്തുകാര്‍ക്ക് ലഭിക്കും. എപ്പോഴും ബസ് തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന യാത്രക്കാരുടെ പരാതിക്കും ഇടയാക്കുമെന്നതിനാല്‍ പ്രായോഗികമല്ല. ഈ പഴുതുകളാണ് മാഫിയകള്‍ ഉപയോഗിക്കുന്നത്. വണ്ടിക്കൂലിയിനത്തില്‍ പരമാവധി മൂവായിരം രൂപ മുടക്കിയാല്‍ കോടികള്‍ പണമായോ ലഹരിയായോ കടത്താം. നിരവധി ബാഗുകളുടെ കൂടെവയ്‌ക്കുന്നതിനാല്‍ കണ്ടെത്താനും പ്രയാസമാണെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറയുന്നു.