Thursday, March 12, 2026 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.30 AM

പട്ടയം നല്‍കുന്നതില്‍ ജില്ലയ്‌ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി: മന്ത്രി റോഷി

uploads/news/2026/02/827555/1.jpg

ചെറുതോണി: സങ്കീര്‍ണമായ വിവിധ ഭൂമിപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കി നിയമാനുസൃതമായ ഭൂമി പതിവ്‌ നടപടികളാണ്‌ ജില്ലയില്‍ നടത്തുന്നതെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍.
ചെറുതോണി പഞ്ചായത്ത്‌ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയില്‍ പട്ടയ വിതരണ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാര്‍ട്ട്‌ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സംസ്‌ഥാനത്തെ എല്ലാ ഭൂരഹിതരേയും കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തിലേക്കു സംസ്‌ഥാന സര്‍ക്കാര്‍ അതിവേഗം നീങ്ങുകയാണ്‌.
ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാര്‍ പട്ടയ മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ളതും പട്ടയ മിഷന്റെ ഭാഗമായി പട്ടയ അസംബ്ലികള്‍ ചേര്‍ന്ന്‌ ഓരോ മണ്ഡലത്തിലേയും ഭൂരഹിതരെ കണ്ടെത്തുന്നതിന്‌ പ്രത്യേക പരിഗണന നല്‍കി അവരുടെ പട്ടയപ്രശ്‌നങ്ങള്‍ പരിഹരിച്ചു വരുന്നു. കാലങ്ങളായി തടസപ്പെട്ടു കിടന്ന മാങ്കുളം മിച്ചഭൂമി വിതരണത്തിലെ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച്‌ പട്ടയ വിതരണത്തിന്റെ അടുത്ത ഘട്ടം ഈ മേളയില്‍ ആരംഭിക്കുകയാണ്‌. നാളുകളായി പട്ടയം ലഭിക്കാതെയിരുന്ന ചിന്നക്കനാല്‍ വില്ലേജിലെ മുത്തമ്മ ഉന്നതിയിലെ 238 കുടുംബങ്ങള്‍ക്ക്‌ പട്ടയം അനുവദിക്കുന്നതിലെ തടസം പരിഹരിച്ച്‌ ഈ പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്യുകയാണ്‌.
ചെറുതോണി ഗാന്ധിനഗര്‍ ഉന്നതിയിലെ കൈവശക്കാര്‍ക്ക്‌ പട്ടയം അനുവദിക്കുന്നതിന്‌ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുള്ളതും പതിവ്‌ നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയുമാണ്‌. കട്ടപ്പന ടൗണ്‍ഷിപ്പിലെ കൈവശക്കാര്‍ക്ക്‌ പട്ടയം അനുവദിക്കുന്ന വിഷയത്തില്‍ ഫീല്‍ഡ്‌ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതും നിലവില്‍ പട്ടയ നടപടികള്‍ സ്വീകരിക്കുന്നതിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കാലങ്ങളായി പട്ടയവിഷയത്തില്‍ തീരുമാനമാകാതെ കിടന്ന ചെങ്കുളം ഡാം പദ്ധതി പ്രദേശം, കല്ലാര്‍കുട്ടി ഡാം 7 ചെയിന്‍ എന്നീ പദ്ധതി പ്രദേശങ്ങളിലെ പട്ടയ വിഷയം സര്‍ക്കാര്‍ പരിഗണിച്ചിട്ടുള്ളതാണ്‌. ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ 3 ചെയിന്‍ പ്രദേശത്ത്‌ പതിവ്‌ അനുവദിക്കുന്ന വിഷയം സര്‍ക്കാര്‍ പരിഗണിച്ചുവരുന്നു. കാഞ്ചിയാര്‍ തേക്ക്‌ പ്ലാന്റേഷന്‍, കാഞ്ചിയാര്‍ പാറപുറംപോക്ക്‌, കുണ്ടള സാന്തോസ്‌ ഉന്നതി, തുടങ്ങിയ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ സംസ്‌ഥാന തല പട്ടയം മിഷന്റെ ഭാഗമായി കൈവശങ്ങളുടെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ പട്ടയം അനുവദിക്കുന്നതിന്‌ സര്‍ക്കാരിന്‌ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്‌. അത്‌ സര്‍ക്കാരിന്റെ പരിഗണനയിലാണ്‌.
ചിന്നക്കനാല്‍ വില്ലേജില്‍ തടസപ്പെട്ട്‌ കിടന്ന ഭൂമി പതിവ്‌ നടപടികള്‍ പുനരാരംഭിച്ചു. ആദ്യഘട്ടമായി വീട്‌ വച്ച്‌ താമസിച്ചുവരുന്ന തദ്ദേശീയരായ കൈവശക്കാര്‍ക്ക്‌ മുന്‍ഗണന നല്‍കുന്നതിന്‌ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
കാലങ്ങളായി പട്ടയം അനുവദിക്കുന്നത്‌ തടസ്സപ്പെട്ടുകിടന്ന പൊന്‍മുടി ഡാമിന്റെ 10 ചെയിന്‌ പുറത്തുള്ള കൈവശക്കാര്‍ക്ക്‌ പട്ടയം മിഷന്റെ ഭാഗമായി പട്ടയം അനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ പ്രദേശത്തെ കൈവശക്കാരുടെ ഭൂമി സര്‍വ്വേ പൂര്‍ത്തീകരിച്ചു രേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്‌ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാതല പട്ടയമേളകളുടെ സംസ്‌ഥാനതല ഉദ്‌ഘാടനം തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ്‌ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ചെറുതോണിയില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എമാരായ എം.എം. മണി, അഡ്വ. എ. രാജ, ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്‌, സബ്‌ കലക്‌ടര്‍ അനൂപ്‌ ഗാര്‍ഗ്‌, എ.ഡി.എം ഷൈജു പി. ജേക്കബ്‌, ഡെപ്യൂട്ടി കളക്‌ടര്‍ അതുല്‍ സ്വാമിനാഥ്‌, ത്രിതല പഞ്ചായത്ത്‌ അംഗങ്ങളായ ടി. ഇ നൗഷാദ്‌, സിജി ചാക്കോ, രാഷ്‌ട്രീയ സാമൂഹ്യനേതാക്കളായ സിവി വര്‍ഗീസ്‌, സലിംകുമാര്‍, ജോസ്‌ പാലത്തിനാല്‍,അനില്‍ കൂവപ്ലാക്കല്‍,രാരിച്ചന്‍ നീറണാംകുന്നേല്‍, രതീഷ്‌ അത്തിപ്പള്ളി, എംകെ പ്രിയന്‍, ജോസ്‌ കുഴികണ്ടംഎന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 27 Feb 2026 10.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW