-->
നെടുങ്കണ്ടം: കൂട്ടാര്‍ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ എല്‍.പി. സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ സ്‌പോട്‌സ് മീറ്റ് സ്‌കൂളത്തോണ്‍-2026 മേളയില്‍ കമ്പംമെട്ട് മെഡോണ എല്‍.പി.എസ്. ചാമ്പ്യന്‍മാര്‍. ചോറ്റുപാറ ആര്‍.പി.എം. എല്‍.പി.എസ്. റണ്ണേഴ്‌സപ്പായി.
കൂട്ടാര്‍ എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും സംസ്‌ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുത്ത കായിക താരങ്ങള്‍ നയിച്ച ദീപശിഖാ പ്രയാണത്തോടെയാണ് മീറ്റ് ആരംഭിച്ചത്. കരുണാപുരം ജംക്ഷനില്‍ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം സ്‌കൂള്‍ മൈതാനത്ത് സമാപിച്ചു. തുടര്‍ന്ന് കമ്പംമെട്ട് എസ്.ഐ. ടി. ബിജു ദീപശിഖ ഏറ്റുവാങ്ങി സ്‌കൂള്‍ മൈതാനത്ത് സ്‌ഥാപിച്ചു. കുട്ടികളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്‌റ്റില്‍ എസ്.ഐ. സല്യൂട്ട് സ്വീകരിക്കുകയും മീറ്റ് ഫ്‌ളാഗോഫ് ചെയ്യുകയും ചെയ്‌തു. ഉദ്‌ഘാടന സമ്മേളനത്തിന് പി.ടി.എ. വൈസ് പ്രസിഡന്റ് വി.വി. ബിനോയി അധ്യക്ഷനായി. കരുണാപുരം സെന്റ് മേരീസ് കത്തോലിക്ക പള്ളി വികാരി ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളെ ഒന്നാം വിഭാഗമായും മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളെ രണ്ടാം വിഭാഗമായും തിരിച്ചാണ് മത്സരങ്ങള്‍ നടത്തിയത്.
വാശിയേറിയ മത്സരത്തില്‍ 66 പോയിന്റുകള്‍ നേടിയാണ് കമ്പംമെട്ട് മെഡോണ എല്‍.പി.എസ്. ചാമ്പ്യന്‍മാരായത്. 59 പോയിന്റുകളാണ് ചോറ്റുപാറ ആര്‍.പി.എം. എല്‍.പി.എസ്. നേടിയത്. 34 പോയിന്റുകളുമായി എസ്.എന്‍.എല്‍.പി.എസ്. കൂട്ടാര്‍ മൂന്നാം സ്‌ഥാനവും 33 പോയിന്റുകളുമായി എസ്.എച്ച്.എച്ച്.എസ്.രാമക്കല്‍മേട് നാലാം സ്‌ഥാനവും കരസ്‌ഥമാക്കി. സമാപന സമ്മേളനം കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബിനു
ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന അനില്‍കുമാര്‍, പഞ്ചായത്തംഗം ജെയ്‌മോന്‍ നെടുവേലില്‍, കരുണാപുരം എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് കെ.ആര്‍. തുളസീധരന്‍ നായര്‍, പി.ടി.എ. എക്‌സി. കമ്മിറ്റിയംഗം സുധീഷ്‌കുമാര്‍, കെ.ആര്‍. ജയന്‍, പ്രഥമാധ്യാപിക അനിതകുമാരി, അനൂപ് ഹരിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വ്യക്‌തിഗത വിജയികള്‍ക്കുള്ള മെഡലുകളും ചാമ്പ്യന്‍മാര്‍ക്കുള്ള എവറോളിങ് ട്രോഫികളും സമ്മാനിച്ചു.
നെടുങ്കണ്ടം ജൂഡോ അക്കാദമി സ്‌കൂളിലെ ജൂഡോ യൂണിറ്റിനായി എത്തിച്ച് നല്‍കിയ മാറ്റുകള്‍ ചടങ്ങില്‍ സ്‌കൂള്‍ അധികൃതര്‍ അക്കാദമി ഭാരവാഹികളില്‍ നിന്നും ഏറ്റുവാങ്ങി. ശേഷം ജൂഡോ അക്കാദമിയിലെ കുട്ടികളുടെ ഡെമോണ്‍സ്‌ട്രേഷനും നടന്നു.