-->
കട്ടപ്പന: നഗരസഭാ കെട്ടിടങ്ങള്‍ക്ക് വാടക വര്‍ധിപ്പിച്ചുകൊണ്ടുള്ള ഭരണസമിതിയുടെ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ കട്ടപ്പന നഗരസഭ അധ്യക്ഷന് നിവേദനം നല്‍കി. നഗരസഭ വക കെട്ടിടങ്ങളുടെ വാടകയിനത്തില്‍ അഞ്ച് ശതമാനം വാടക കൂട്ടുന്നതിന് കഴിഞ്ഞ ദിവസത്തെ നഗരസഭ കൗണ്‍സിലില്‍ തീരുമാനമെടുത്തിരുന്നു. പ്രളയത്തിനും കോവിഡിനും ശേഷം വ്യാപാരമേഖല പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ നിന്ന് വ്യാപാര മേഖല കരകയറി വരുന്ന സാഹചര്യത്തില്‍ ചെറുകിട വ്യാപാരികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഇത്തരം നടപടികള്‍ വ്യാപാര മേഖലയെ തകര്‍ക്കുന്ന സാഹചര്യത്തിലേക്ക് എത്തുമെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ പറയുന്നു.
കട്ടപ്പന പുതിയ ബസ് സ്‌റ്റാന്റിലും മാര്‍ക്കറ്റിലും ആയി നിരവധി വ്യാപാര സ്‌ഥാപനങ്ങളാണ് നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിലുള്ളത്.
ഇവിടെയെല്ലാം വ്യാപാരം നടത്തിവരുന്ന വ്യാപാരികള്‍ക്ക് വാടക ഇനത്തില്‍ വര്‍ഷാവര്‍ഷം നഗരസഭ വര്‍ധനവ് വരുത്തുന്നത് വലിയ ബുദ്ധിമുട്ടിലേക്ക് തള്ളിവിടും. ഈ സാഹചര്യത്തില്‍ നഗരസഭയുടെ ഇപ്പോഴത്തെ നടപടി പുന പരിശോധിക്കണമെന്നാണ് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെടുന്നത്. വാടക ഇനത്തില്‍ വര്‍ധനവ് വരുത്തുമ്പോഴും ഈ കെട്ടിടങ്ങളില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ സജീകരിച്ചു നല്‍കുന്നതില്‍ നഗരസഭയുടെ ഭാഗത്തുനിന്ന് അലംഭാവം തുടരുകയാണ്. ഈ വിഷയത്തില്‍ നിരവധി തവണ നിവേദനം നല്‍കിയെങ്കിലും ഉടന്‍ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുന്ന തല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ലെന്നും സമിതി നേതാക്കള്‍ പറയുന്നു. വിഷയത്തില്‍ നഗരസഭയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്‌തമാക്കുവാനാണ് തീരുമാനം.