-->
ചെങ്ങന്നൂര്‍: ആഗോള പ്രശസ്‌തനായ സാമൂഹിക ശാസ്‌ത്രജ്‌ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, അധ്യാപകന്‍, ഗ്രന്ഥകര്‍ത്താവ്, സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന വ്യക്‌തിത്വമായിരുന്നു ഇന്നലെ പുലര്‍ച്ചെ ഡല്‍ഹിയില്‍ അന്തരിച്ച വെ ണ്‍മണി തറയിലേത്ത് പത്മഭൂഷണ്‍ പ്രഫ. ഡോ. ടി.കെ. ഉമ്മന്‍ (88). അദ്ദേഹത്തിന്റെ കഴിവുകളും രാജ്യത്തിന് നല്‍കിയ സംഭാവനകളും മാനിച്ച് 2008ല്‍ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ചെങ്ങന്നൂര്‍ താലൂക്കിലെ വെണ്‍മണി വില്ലേജില്‍ തറയിലേത്ത് പരേതരായ കോശി - സാറാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായിട്ടായിരുന്നു ജനനം. വെണ്‍മണിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എയും പൂനൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ഏയും അവിടെ നിന്ന് തന്നെ പി.എച്ച്.ഡിയും എടുത്തു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഉമ്മന്‍ പിന്നീട് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രഫസറായി. അവിടെ ഡിപ്പാര്‍ട്ട്‌മെന്റ് തലവനായാണ് വിരമിച്ചത്. 2007 മുതല്‍ പ്രഫ.എമിരേറ്റ്‌സ് പദവിയും ലഭിച്ചു.
ഹിന്ദു. മുസ്ലീം അനുരജ്‌ഞനവുമായി ബന്ധപ്പെട്ട് 2002ല്‍ രൂപീകരിച്ച കമ്മറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായുളള സച്ചാര്‍ കമ്മറ്റിയംഗമായിരുന്നു. കൂടാതെ ഫോര്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായിരുന്നു. സോഷ്യോളജിക്കുള്ള വി.കെ.ആര്‍.വി റാവു പുരസ്‌കാരം, ജി.എസ് ഖുറേ അവാര്‍ഡ്, സോഷ്യോളജിക്കുളള സ്വാമി പ്രണവാനന്ദ അവാര്‍ഡ് , ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം നവതി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു.
1986ല്‍ ദല്‍ഹിയില്‍ നടന്ന പതിനൊന്നാമത് വേള്‍ഡ് കോണ്‍ഗ്രസ് സോഷ്യോളജിയുടെ സെക്രട്ടറി ജനറല്‍ ആയിരുന്നു. 1990-94 ല്‍ ഇന്റര്‍നാഷണല്‍ സോഷ്യോളജിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് ടി.കെ ഉമ്മന്‍. 1998-99ല്‍ ഇന്ത്യന്‍ സോഷ്യോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചു. യുനെസ്‌കോ അംഗം, ഇന്‍ഡ്യയിലും വിദേശ സര്‍വ്വകലാശാലകളിലും വിസിറ്റിംഗ് പ്രഫസര്‍ തുടങ്ങി ഒട്ടേറെ വിശിഷ്‌ട പദവികളും വഹിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലെ ജാതിവ്യവസ്‌ഥ, പൗരത്വം, സാമൂഹിക നീതി എന്നിവയെക്കുറിച്ച് പഠിക്കാനാണ് അദ്ദേഹം ജീവിതം മാറ്റിവച്ചത്. ലളിതമായ ജീവിത ശൈലിയും ആഴത്തിലുളള ബൗദ്ധികമായ ഇടപെടലും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. മുപ്പതോളം പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്. സംസ്‌കാരം തിങ്കളാഴ്‌ച ഡല്‍ഹി യരുശലേം മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും. സഹോദരങ്ങള്‍: ടി.കെ. എബ്രഹാം, ടി.കെ. സൈമണ്‍, അന്നമ്മ, അമ്മിണി, പരേതരായ ടി.കെ. മാത്യു, ചിന്നമ്മ.