Wednesday, March 11, 2026 Last Updated 46 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 04.36 AM

ചാലിയാര്‍ തീരത്ത്‌ പുതിയ ടൂറിസം പദ്ധതി

uploads/news/2026/02/827510/4.jpg

മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പെട്ട ചാലിയാര്‍ തീരത്തെ വനഭൂമി പ്രയോജനപ്പെടുത്തി പുതിയ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാവാന്‍ വഴിതെളിയുന്നു. കഴിഞ്ഞ ദിവസം വനം വകുപ്പ്‌ പീടികപ്പാറ സെക്ഷന്‍ ഓഫീസര്‍ കെ.കെ സജികുമാര്‍ സ്‌ഥലം സന്ദര്‍ശിച്ച്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ താമരശേരി ഫോറസ്‌റ്റ് റെയ്‌ഞ്ച് ഓഫിസര്‍ പ്രേം ഷമീര്‍ ചാലിയാര്‍ തീരത്ത്‌ പരിശോധന നടത്തി.
ഗ്രാമ പഞ്ചായത്ത്‌ അധികൃതര്‍ക്കൊപ്പമായിരുന്നു പരിശോധന. വനഭൂമി തരം മാറ്റുകയോ മരങ്ങള്‍ മുറിച്ചു മാറ്റുകയോ ചെയ്ായതെ പ്രകൃതി സൗഹൃദമായ ടൂറിസം പദ്ധതിയാണ്‌ ലക്ഷ്യമെന്ന്‌ റെയ്‌ഞ്ച് ഓഫീസര്‍ പറഞ്ഞു. പൊതു ജനങ്ങള്‍ക്ക്‌ വനഭൂമി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും പദ്ധതിയുടെ ലക്ഷ്യമാണന്നും അദ്ധേഹം പറഞ്ഞു. ചെറുവാടി കടവില്‍ ചാലിയാറിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ഒരേക്കറോളം വനഭൂമിയും സമീപത്തെ പുറമ്പോക്ക്‌ ഭൂമിയും പ്രയോജനപ്പെടുത്തിയാണ്‌ പദ്ധതിക്ക്‌ ശ്രമം നടക്കുന്നത്‌.
വാര്‍ഡ്‌ മെമ്പര്‍ എസ്‌.എ നാസര്‍ ഡി.എഫ്‌.ഒ യുമായി വിഷയം സംസാരിക്കുകയും ഡി.എഫ്‌.ഒ സ്‌ഥലം പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സെക്ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ പ്രയോജനപ്രദമായ ഒരു പാര്‍ക്കാണ്‌ ഉദ്ദേശിക്കുന്നത്‌. പദ്ധതി യാഥാര്‍ഥ്യമായാല്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വിനോദ സഞ്ചാര മേഖലക്ക്‌ പുത്തന്‍ ഉണര്‍വായി മാറും. നിലവില്‍ വര്‍ഷത്തിലൊരിക്കല്‍ ചാലിയാര്‍ ജലോത്സവം നടക്കുന്ന പ്രദേശത്ത്‌ ഈ സമയത്ത്‌ മാത്രം ആയിരക്കണക്കിനാളുകളാണ്‌ എത്തിപ്പെടാറുള്ളത്‌.
രാവിലെയും വൈകുന്നേരവും ചാലിയാറിന്റെ മനോഹാരിത കാണാനായും നിരവധി പേര്‍ നിത്യവും എത്തിപ്പെടാറുണ്ട്‌. ഈ സാധ്യതയെല്ലാം മുന്നില്‍ കണ്ടാണ്‌ വലിയ ടൂറിസം പദ്ധതിക്ക്‌ ശ്രമം നടക്കുന്നത്‌. പദ്ധതി പ്രദേശത്തിന്റെ സമഗ്ര വികസനത്തിനൊപ്പം പ്രദേശത്തെ സാമൂഹ്യ വിരുദ്ധ ശല്യത്തിനും ഒരു പരിധി വരെ പരിഹാരമാവും.
വനംവകുപ്പ്‌ റെയ്‌ഞ്ച് ഓഫീസര്‍ക്കൊപ്പം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കവിത, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സുജ ടോം, സ്‌റ്റാന്റിങ്‌ കമ്മറ്റി അധ്യക്ഷ കസ്‌ന ഹമീദ്‌ പഞ്ചായത്ത്‌ അംഗങ്ങളായ എസ്‌.എ നാസര്‍, കെ.വി നിയാസ്‌, മുഹമ്മദ്‌ യൂസഫ്‌ പഞ്ചായത്ത്‌ സെക്രട്ടറി ഒ.എ അന്‍സു നാട്ടുകാരായ കെ.വി അബ്‌ദുസലാം, കണ്ണന്‍ ചെറുവാടി, പി.സി മൊയ്‌തീന്‍ കുട്ടി, എന്‍. മുഹമ്മദ്‌, എസ്‌. മന്‍സൂര്‍, വി. നിയാസ്‌, ഷരീഫ്‌, മൊയ്‌തീന്‍ പുത്തലത്ത്‌, അസീസ്‌ പുത്തലത്ത്‌ എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Friday 27 Feb 2026 04.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW