-->
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് നേരെ കണ്ണൂരില്‍ ഉണ്ടായ കെ.എസ് .യു ആക്രമണത്തില്‍ പ്രതിഷേധിച്ചു് ജില്ലയില്‍ എല്‍.ഡി.എഫ് പ്രതിഷേധം സംഘടിപ്പിച്ചു.അടൂരില്‍ പ്രതിഷേധം എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റത്തിലേക്കും തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷത്തിലേക്കും നീങ്ങി. പലയിടത്തും പുതു യുഗ യാത്രക്കായി ഒരുക്കിയിരുന്ന പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചു.പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധ യോഗം മുന്‍ എം.പി ,സി.എസ് സുജാത ഉത്‌ഘാടനം ചെയ്‌തു.മന്ത്രിയെയും ആരോഗ്യ വകുപ്പിനെയും ചെളി വാരി എറിയുന്നത് നിര്‍ത്തി ഇപ്പോള്‍ അക്രമത്തിലേക്ക് യു.ഡി.എഫ് നീങ്ങുകയാണെന്ന് അവര്‍ പറഞ്ഞു.
അടൂരില്‍ ഡെപ്യുട്ടി സ്‌പീക്കര്‍ ചിറ്റഴം ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിനിടെ വി.ഡി. സതീശന്റെ നിരവധി ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ചതായി നേതാക്കള്‍ ആരോപിച്ചു.
ഇന്നലെ വൈകിട്ട്‌നടത്തിയ പ്രകടനത്തിത്തിനിടെയാണ് കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ് കൊടിമരവും പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളും നശിപ്പിച്ചത്.
പുതുയുഗ യാത്രയുടെ സ്വീകരണത്തിനായി തിരുവല്ല മണ്ഡലത്തില്‍ ഒരുക്കിയ വേദിയും ബോര്‍ഡുകളും തോരണങ്ങളും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നശിപ്പിച്ചതായി യു.ഡി.എഫ്.
കേരളത്തിലുടനീളം പുതുയുഗ യാത്രയ്‌ക്ക് ലഭിക്കുന്ന സ്വീകരണവും ജനപങ്കാളിത്തവും കണ്ട് നേതൃത്വത്തിന്റെ അറിവോടുകൂടെയാണ് അക്രമം നടന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ ആരോപിച്ചു. മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന് പ്രചരിപ്പിച്ചു അടൂര്‍, തിരുവല്ല തുടങ്ങി ജില്ലയില്‍ ഉടനീളം പുതുയുഗ യാത്രയുടെ പ്രചാരണ ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചതില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പ്രതിഷേധിച്ചു.മന്ത്രി വീണാ ജോര്‍ജിന്റെ അറിവോടെയാണ് അക്രമം നടന്നത്. മന്ത്രിക്കും ആരോഗ്യവകുപ്പിനും എതിരെ ഉയര്‍ന്ന ജനാരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഉണ്ടാക്കിയ നാടകമായിരുന്നു കണ്ണൂരിലേത്. വീണാ ജോര്‍ജിനെതിരെ റാന്നിയില്‍ സമരം ചെയ്‌ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ വാഹനം നിര്‍ത്തി വീണാ ജോര്‍ജ് വെല്ലുവിളിച്ച സംഭവം ജനം മറന്നിട്ടില്ല. സമരക്കാര്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് അവരെ നേരിടുന്നത് മന്ത്രിയുടെ സ്‌ഥിരം പരിപാടിയാണ്.
മന്ത്രി വീണ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സേ്‌റ്റഷന്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയത് ഗുണ്ടായിസമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി അലക്‌സ്. സംസ്‌ഥാനം ആരോഗ്യ രംഗത്ത് ഉണ്ടാക്കിയ വന്‍ മുന്നേറ്റങ്ങളെ അസഹിഷ്‌ണുതയോടെയാണ് പ്രതിപക്ഷം കാണുന്നത്. ചില ഡോക്‌ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന വീഴ്‌ചകള്‍ ആര്‍ക്കും ന്യായീകരിക്കാന്‍ ആവില്ല.
എന്നാല്‍ ഇതെല്ലാം ആരോഗ്യ വകുപ്പ് മന്ത്രിയുടെയും സംസ്‌ഥാന ഗവണ്‍മെന്റിന്റെയും വീഴ്‌ചയാണ് എന്ന തരത്തില്‍ ആരോപണം ഉയരുന്നത് തികച്ചും രാഷ്ര്‌ടീയ പ്രേരിതമാണ്.