Wednesday, March 11, 2026 Last Updated 24 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.59 AM

ഇലന്തൂര്‍ ഭഗവതിക്കുന്നില്‍ ഇന്ന്‌ കൊടിയേറ്റ്‌, പടയണിയില്‍ കളം നിറഞ്ഞാടാന്‍ കരിങ്കാളി

uploads/news/2026/02/827385/1.jpg

ഇലന്തൂര്‍: പത്തു നാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനായി ഇലന്തൂര്‍ ഭഗവതി കുന്ന്‌ ദേവീ ക്ഷേത്രത്തില്‍ ഇന്ന്‌ കൊടിയേറും.ഇതിനൊപ്പം പടയണിക്കും തുടക്കം കുറിക്കും.
ഇന്ന്‌ രാവിലെ 8:20 നും 9 നും മധ്യേ കൊടിയേറുന്നതോടെ ഉത്സവ ചടങ്ങുകള്‍ക്ക്‌ തുടക്കമാവും. മണ്ണുംഭാഗം കരയില്‍ നിന്നും വരുന്ന കൂട്ടക്കോലങ്ങളെ കളത്തിലേക്ക്‌ വായ്‌ക്കുരവയും ആര്‍പ്പുവിളിയുമായി സ്വീകരിച്ച്‌ ആനയിച്ച്‌ കാച്ചിക്കടുപ്പിച്ച തപ്പില്‍ ജീവ കൊട്ടുന്നതോടെ പടയണി ചടങ്ങുകള്‍ക്ക്‌ ആരംഭമാകും. തുടര്‍ന്ന്‌ നടക്കുന്ന തപ്പുമേളത്തിന്‌ ശേഷം അമ്മയുടെ പ്രതിരൂപമായ ഭൈരവി അടന്തതാളത്തില്‍ കളത്തില്‍ എത്തുന്നതോടെ കോലങ്ങളുടെ വരവായി. ശിവകോലം, പിശാച്‌, മറുത, സുന്ദരയക്ഷി, കാലന്‍ കോലം, ഭൈരവി എന്നീ കോലങ്ങളെ കൂടാതെ കരിങ്കാളി കോലവും കളത്തിലെത്തും.
ഇലന്തൂര്‍ പടയണിയിലെ പ്രധാനപ്പെട്ട കോലങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള കോലമായ കരിങ്കാളികോലത്തെ മലനടയില്‍ നിന്നും കളത്തിലേക്ക്‌ എതിരേല്‍ക്കുന്നു. കറുപ്പ്‌ നിറത്തിന്‌ പ്രാധാന്യം നല്‍കുന്ന കിരീട സമാനമായ കോലവും കുരുത്തോലപ്പാവാടയും ,അരത്താലിലും ,അരമണിയും കാല്‍ ചിലമ്പും മുഖത്ത്‌ കറുപ്പും ഇട്ട്‌ കണ്ണും കുറിയുമായി ഇടംകൈയ്യില്‍ നാന്ദകവും വലംകൈയ്യില്‍ വാളുമായി അത്യന്തം രൗദ്രഭാവത്തില്‍ കളത്തില്‍ എത്തുന്ന കരിങ്കളി അടന്തതാളത്തില്‍ തുടങ്ങി ഒറ്റയും മുറുക്കവുമായി തുള്ളി ഒഴിയുന്നു.
ഭഗവതി കുന്നിലമ്മയുടെ മൂലസ്‌ഥാനമായ കിഴക്ക്‌കരയില്‍ നിന്നും കൂട്ടക്കോലങ്ങളോടൊപ്പം നാളെ കളത്തില്‍ എത്തുന്നത്‌ രുദ്ര മറുത ആണ്‌ .ഒറ്റപ്പാളയില്‍ എഴുതുന്ന ചെറുക്കോലങ്ങള്‍ മുതല്‍ 101 പാളയില്‍ എഴുതുന്ന മഹാ ഭൈരവി വരെ ഏതാണ്ട്‌ അഞ്ഞൂറില്‍ പരം കോലങ്ങളാണ്‌ എട്ട്‌ പടേനി രാവുകളിലായി ഇലന്തൂര്‍പ്പടേനിയില്‍ തുള്ളിഒഴിയുന്നത്‌. പടയണിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ട്‌ കഴിഞ്ഞ വ്യശ്‌ച്ചികത്തില്‍ തിരിതെളിഞ്ഞ ഇലന്തൂര്‍ പടേനികളരിയില്‍ കോലം തുള്ളല്‍ , പടേനിപ്പാട്ട്‌ , തപ്പ്‌ മേളം , കോലമെഴുത്ത്‌ , പടേനി വിനോദം എന്നിവയെപ്പറ്റിയുള്ള അറിവുകള്‍ പ്രഗല്‍ഭരായ ആശാന്‍മാര്‍ പുതുതലമുറയ്‌ക്ക് പകര്‍ന്ന്‌ നല്‍കിയിരുന്നു.
പമ്പാനദിയ്‌ക്ക് അക്കരെയിക്കരെ തെക്കന്‍ വടക്കന്‍ ശൈലികളില്‍ തെക്കന്‍ ശൈലി പിന്‍തുടരുമ്പോളും ഇലന്തൂര്‍ പടേനിക്ക്‌ തലമുറകളായി പകര്‍ന്നു കിട്ടിയ തനതുശൈലി നഷ്‌ടപ്പെടാതെ ഇന്നും സൂക്ഷിയ്‌ക്കുന്നു. മറ്റു പടേനിക്കരകളെ അപേക്ഷിച്ച്‌ ചടുലമായ പാട്ടും ചുവടുകളും ഇലന്തൂര്‍ പടയണിയെ വേറിട്ട്‌ നിര്‍ത്തു ന്നു.എട്ട്‌ പടേനി രാവുകള്‍ക്ക്‌ വെളിച്ചമേകാന്‍ ആയിരക്കണക്കിന്‌ ചൂട്ടു കറ്റകളാണ്‌ കരവാസികള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ മൂന്നു മാസമായി ഇലന്തൂര്‍ ദേശത്തിലെ ഭവനങ്ങളില്‍ സൂക്ഷിച്ച്‌ വച്ചിരുന്ന ചൂട്ടുകള്‍ കരവാസികള്‍ ശേഖരിച്ച്‌ ചൂട്ടുകളാക്കി മാറ്റിക്കൊണ്ടിരിയ്‌ക്കുകയാണ്‌. ദേവിയുടെ മുമ്പിലെ വിളക്കായ കത്തിച്ച ചൂട്ടുകറ്റകള്‍ കയ്യലേന്തി ചൂട്ടു വെളിച്ചത്തില്‍ കോലം എതിരേല്‌ക്കുന്നത്ത്‌ കോലം വഴിപാട്‌ പോലെ തന്നെ ശ്രേഷ്‌ടമാണെന്നാണ്‌ കരക്കാരുടെ വിശ്വാസം.

Ads by Google
Advertisement
Thursday 26 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW