-->
പത്തനംതിട്ട: ഉള്‍നാടന്‍ ഫിഷറീസും അക്വകള്‍ച്ചര്‍ നിയമം അനുശാസിക്കുന്നതിന് വിരുദ്ധമായി അനധികൃതമായി ഇതര സംസ്‌ഥാനത്തുള്ളവര്‍ മീന്‍പിടുത്തം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 28 ന് തെക്കേമലയിലെ ജില്ലാ ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ അനധികൃത മീന്‍പിടുത്തം വ്യാപകമാണ്. കുട്ടവഞ്ചിയിലും ചെറുവള്ളങ്ങളിലുമായി അനധികൃതമായി മീന്‍പിടിക്കുന്നവര്‍ രാസവസ്‌തുക്കള്‍ കലര്‍ത്തി മത്സ്യങ്ങളെ കൂട്ടകുരുതി നടത്തുകയാണ്. നദീ തീരവാസികള്‍ കുളിക്കാനും കുടിക്കാനും ആശ്രയിക്കുന്ന നദികളെ വലിയ തോതില്‍ മലിനമാക്കുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. മത്സ്യങ്ങളുടെ, ആവാസ / പ്രജനന സ്‌ഥലങ്ങള്‍ വിഷലിപ്‌തമാകുകയും മത്സ്യസമ്പത്ത് ഇല്ലാതാക്കുകയും ചെയ്യുന്നതിനൊപ്പം ഈ നദികളില്‍ എല്ലായിടത്തും മെഷീന്‍ ചൂണ്ട ഉപയോഗിച്ചും അമ്പുകളും തെറ്റാലികളും, ഗണ്ണും ഉപയോഗിച്ചുള്ള മത്സ്യവേട്ടയും നടക്കുകയാണ്. ഇത്തരം അനധികൃത മത്സ്യബന്ധനം മൂലം പരമ്പരാഗ മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവനം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പണമടച്ച് വളളത്തിനും ഉപകരണങ്ങള്‍ക്കും ലൈസന്‍സും വാങ്ങി പ്രവര്‍ത്തിക്കുന്ന അംഗീകൃത മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും, അനധികൃത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുവാന്‍ തീരുമാനിച്ചതെന്ന് ജില്ലാ പ്രസിഡന്റ് റ്റി.എസ് ആന്റണി , ജില്ലാ സെക്രട്ടറി തങ്കച്ചന്‍ യോന എന്നിവര്‍ അറിയിച്ചു.
സംസ്‌ഥാന പ്രസിഡന്റ് പി.പി.ജോണ്‍ ധര്‍ണ ഉത്‌ഘാടനം ചെയ്യും. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ബാബു ലിയോണ്‍സ് മുഖ്യപ്രസംഗം നടത്തും. ജില്ല പ്രസിഡന്റ് റ്റി.എസ് ആന്റണി അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യ പ്രവര്‍ത്തകനായ ബിജോയ് ഡേവിഡ് പ്രസംഗിക്കും.