-->
കോട്ടയം: അശ്രദ്ധയോ, മയക്കമോ... എം.സി. റോഡില്‍ പകല്‍ അപകടങ്ങള്‍ ഏറുന്നു, ദുരന്തങ്ങള്‍ ഒഴിവാകുന്നത് തലനാരിഴയ്‌ക്ക്. പകല്‍ താപനില വര്‍ധിച്ചതിനു പിന്നാലെ ഡ്രൈവര്‍മാര്‍ മയക്കത്തിലാകുന്നതോ അശ്രദ്ധയോ ആണ് അപകടങ്ങള്‍ വര്‍ധിക്കാനുള്ള കാരണം.
ഒരാഴ്‌ചയ്‌ക്കിടെ ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയില്‍ പത്തിലേറെ അപകടങ്ങളാണ് ഇത്തരത്തിലുണ്ടായത്.
ചൂട്ടുവേലിയില്‍ ഒരാഴ്‌ച മുമ്പ് നിയന്ത്രണം വിട്ട ബൊലേറോ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി മൂന്നു പേര്‍ക്കു പരുക്കേറ്റിരുന്നു.
അപകടം സമയം ജങ്‌ഷനില്‍ ആളു കുറവായതിനാല്‍ മാത്രം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ചവിട്ടുവരിയ്‌ക്കു സമീപം ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിലും ദുരന്തം വഴിമാറുകയായിരുന്നു. ഉച്ചമുതല്‍ എപ്പോഴും പത്തിലേറെപേര്‍ ചായ കുടിക്കാന്‍ കാത്തു നില്‍ക്കുന്ന കടയാണ് രാവിലെ പത്തരയോടെയുണ്ടായ അപകടത്തില്‍ തകര്‍ന്നത്.
വെയിലിനെത്തുടര്‍ന്നുണ്ടാകുന്ന ക്ഷീണത്താല്‍ ഡ്രൈവര്‍മാര്‍ മയങ്ങിപ്പോകുന്നത് പകല്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി മോട്ടോര്‍ വാഹന വകുപ്പും, പോലീസും സംശയിക്കുന്നു. രാത്രിയില്‍ ഉറക്ക ക്ഷീണം ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ വഴിയരുകില്‍ വണ്ടി നിര്‍ത്തി മയങ്ങുന്നതും കടുംകാപ്പി കുടിക്കുന്നതുമൊക്കെ പതിവാണ്. എന്നാല്‍, പകല്‍ ഉറങ്ങില്ലെന്ന ബോധ്യത്തില്‍ മുന്‍കരുതലുകളൊന്നും സ്വീകരിക്കാറില്ല. പലപ്പോഴും ഇത് അപകടത്തിലേക്കു നയിക്കുന്നു.
അശ്രദ്ധയും മറ്റൊരു കാരണമാകുന്നതായി പോലീസ് പറയുന്നു. മൊബൈല്‍ ഫോണിന്റെ ഉപയോഗവും അപകട കാരണങ്ങളാകുന്നുണ്ട്. ഡ്രൈവര്‍മാര്‍ ഫോണില്‍ വരുന്ന കോള്‍ എടുക്കാനോ വാട്‌സ് ആപ്പ് സന്ദേശം നോക്കാനോ ഫോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധ മാറുകയും അപകടമുണ്ടാകുകയും ചെയ്യും. ഇത്തരത്തിലുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതായി പോലീസ് പറയുന്നു.