-->
വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പും ആറാട്ട് പൂജയും ഭക്‌തിനിര്‍ഭരമായി.
വൈകിട്ട് 7.30 ന് തന്ത്രി കാശാങ്കോടത്ത് സുനേഷന്‍ നമ്പൂതിരി കൊടിയിറക്കും പൂജയും നടത്തിയശേഷം രണ്ട് ആനകളുടെ അകമ്പടിയോടെ കാളീശ്വരം ക്ഷേത്രക്കുളത്തിലേക്ക് പുറപ്പെട്ടു. ആറാട്ട് കടവിലെ പൂജയ്‌ക്കുശേഷം നടന്ന എഴുന്നള്ളിപ്പിന് അന്‍പതിലധികം കലാകാരന്മാര്‍ പങ്കെടുത്ത പാണ്ടിമേളം, ഉല്ലല 1996-ാം നമ്പര്‍ ദേവീ വിലാസം എന്‍.എസ്.എസ്. വനിതാ സമാജത്തിന്റെ താലപ്പൊലി, തേരോഴി ഹരിസംഘത്തിന്റെ പഞ്ചാരിമേളം എന്നിവ ഭക്‌തിയും ഭംഗിയും പകര്‍ന്നു.
പുതിയകാവ് ക്ഷേത്രത്തിന്റെ തെക്കേമുറ്റത്ത് എഴുന്നള്ളത്ത് എത്തിയപ്പോള്‍ നൂറ് കണക്കിന് ഭക്‌തര്‍ ചുറ്റ് വിളക്ക് തെളിയിച്ചും, നിറപറ സമര്‍പ്പിച്ചും ഉല്ലല കാവിലെ അമ്മയുടെ തിരുമുന്‍പില്‍ കൈകൂപ്പി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് എതിരേല്‍പ്പ്, വലിയകാണിക്ക, കലശാഭിഷേകം, പ്രസന്ന പൂജ എന്നിവ നടത്തി. ക്ഷേത്രം മേല്‍ശാന്തി കേശവന്‍ ഭട്ടതിരിപ്പാട്, ശ്രീജിത്ത് നമ്പൂതിരി, മുന്‍ ശബരിമല മേല്‍ശാന്തി പി. ജെ. നാരായണന്‍ നമ്പൂതിരി എന്നിവരും കാര്‍മ്മികരായിരുന്നു.
ക്ഷേത്രം പ്രസിഡന്റ് ജി. സുരേഷ് ബാബു, ദേവസ്വം മാനേജര്‍ അഡ്വ: കെ. കൃഷ്‌ണകുമാര്‍, വൈസ് പ്രസിഡന്റ് എസ്. കൃഷ്‌ണകുമാര്‍, അസിസ്‌റ്റന്റ് മാനേജര്‍ രതീഷ്‌കുമാര്‍, ട്രഷറര്‍ വി. മനോജ്, സെക്രട്ടറി കെ.ടി. സത്യനാഥപണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.