-->
കോട്ടയം: അഞ്ചു പതിറ്റാണ്ടിനിടെ ഉമ്മന്‍ചാണ്ടി ഇല്ലാത്ത ആദ്യ കോണ്‍ഗ്രസ് യാത്രയാണു ജില്ലയിലൂടെ ഇന്നലെ കടന്നുപോയത്.ഉമ്മന്‍ ചാണ്ടിയുടെസ്‌മരണകള്‍ നിറഞ്ഞ് നിന്ന മണ്ണിലൂടെ പുതുയുഗ യാത്രയുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കോട്ടയത്തേക്ക് കടന്നുവന്നത് ഓര്‍മ്മകളുടെ വേലിയേറ്റത്തിലൂടെ ആയിരുന്നു. പുതുപ്പള്ളിയിലെ സ്വീകരണം ഒരുക്കിയിരുന്നത് ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തേയും ഇഷ്‌ടതട്ടകമായിരുന്ന പാമ്പാടിയിലായിരുന്നു.
സംസാരിച്ചവരുടെ എല്ലാം ഓര്‍മ്മകളില്‍ ഉമ്മന്‍ചാണ്ടി ഒരു വികാരമായി കത്തിപടര്‍ന്നപ്പോള്‍ സമ്മേളന നഗരിയില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ വീര്‍പ്പടക്കി. കോണ്‍ഗ്രസ് പ്രസ്‌ഥാനത്തിന് മാത്രമല്ല, യു.ഡി.എഫിനും ഉമ്മന്‍ചാണ്ടി ഇല്ലാത്ത സംസ്‌ഥാന ജാഥ ഇതാദ്യമായാണെന്നു സ്വീകരണസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത ബെന്നി ബഹനാന്‍ എം.പി ഓര്‍മ്മിപ്പിച്ചു.
കേരളത്തിലുടനീളം ഒട്ടേറെ ജാഥകള്‍ നയിക്കുകയും ജാഥകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്‌ത ഉമ്മന്‍ചാണ്ടി മരിച്ചാലും മരിക്കാത്ത വികാരമായാണ് പ്രവര്‍ത്തകരിലും നേതാക്കളിലും ആവേശമായി നിറയുന്നത്.
ജാഥ ആരംഭിച്ച ദിവസം മുതല്‍ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളാണ് മനസില്‍ നിറയുന്നതും മനസ് മന്ത്രിക്കുന്നതുമെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു.
ആ ഓര്‍മ്മകളാണ് മുന്നോട്ട് നയിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് ശേഷം ഒരു യു.ഡിഎഫ് മുഖ്യമന്ത്രിയെ കേരളത്തിനു സമ്മാനിക്കുന്ന ജാഥയാണ് പുതുപ്പള്ളിയുടെ മണ്ണിലൂടെ ഇത്തവണ കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്മേളന നഗരിയില്‍ വേദിക്ക് മുന്നില്‍ തയ്യാറാക്കിയ ഉമ്മന്‍ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രതിപക്ഷനേതാവ് വേദിയിലേക്ക് കടന്നുവന്നത്. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ചാണ് സമ്മേളനം ആരംഭിച്ചത്. ഉമ്മന്‍ചാണ്ടിയെ സ്വീകരിച്ചത് പോലെയുള്ള സ്വീകരണമാണ് പുതുപ്പള്ളിക്കാര്‍ പ്രതിപക്ഷനേതാവിന് നല്‍കിയതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.