-->
ചെറുതോണി: തടിയമ്പാടിനു സമീപം പെരിയാറില്‍ നാല് പെരുമ്പാമ്പുകളെ ചത്ത നിലയില്‍ കണ്ടെത്തി. ഇതില്‍ രണ്ട് പെരുമ്പാമ്പുകള്‍ മത്സ്യബന്ധന വലയില്‍ കുടുങ്ങിക്കിടക്കുകയും മറ്റ് രണ്ടെണ്ണം ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുകയും ചെയ്യുന്നതാണ് കണ്ടത്.
പെരിയാറില്‍ വെള്ളം ഗണ്യമായി കുറഞ്ഞതോടെ നഞ്ചുകലക്കി മത്സ്യബന്ധനം വര്‍ധിച്ചിരിക്കുകയാണ്. ഇതിനിടെ വിഷാംശം കലര്‍ന്ന ജലം അല്ലെങ്കില്‍ മലിനീകരണം മൂലമാണോ വലയില്‍ കുടുങ്ങിയാണോ പെരുമ്പാമ്പുകള്‍ കൂട്ടത്തോടെ ചത്തതെന്ന് വനം വകുപ്പ് അന്വേഷണത്തിലാണ്.
മത്സ്യങ്ങളും സമീപത്ത് ചത്തു പൊങ്ങിയിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന വിമര്‍ശനവും ശക്‌തമാണ്. സംഭവവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇടുക്കി വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പരിശോധന ആരംഭിച്ചു. പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരവും പാമ്പുകളുടെ മരണകാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. തടിയമ്പാട് മടത്തുംകാവ് ക്ഷേത്രത്തിന് താഴെ പെരിയാര്‍ തീരത്താണ് ജീര്‍ണിച്ച നിലയിലുള്ള നാല് പെരുമ്പാമ്പുകളുടെ ജഡങ്ങള്‍ കണ്ടെത്തിയത്. നദീതീരത്തുനിന്ന് കടുത്ത ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. പോസ്‌റ്റുമോര്‍ട്ട നടപടികള്‍ക്കായി നാല് പാമ്പുകളുടെയും ജഡങ്ങള്‍ വനംവകുപ്പ് ഏറ്റെടുത്തു. ഒരേസമയം നാല് പെരുമ്പാമ്പുകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെരിയാര്‍ തീരത്തെ പ്രദേശവാസികള്‍ ഭയാശങ്കയിലാണ്.