Thursday, March 12, 2026 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.57 AM

ഇടുക്കിയിലെ ഏലം കര്‍ഷകര്‍ക്ക്‌ 5 കോടികൂടി അനുവദിച്ചു: മന്ത്രി പ്രസാദ്‌

ഇടുക്കി: ജില്ലയില്‍ കടുത്ത വരള്‍ച്ച മൂലം കൃഷിനാശം നേരിട്ട ഏലം കര്‍ഷകര്‍ക്ക്‌ ആശ്വാസമായി സംസ്‌ഥാന സര്‍ക്കാര്‍ 5 കോടി രൂപ കൂടി അനുവദിച്ചതായി കൃഷി മന്ത്രി പി.പ്രസാദ്‌ അറിയിച്ചു. 2025-ല്‍ സംസ്‌ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍ നിന്നും അനുവദിച്ച 10 കോടി രൂപയ്‌ക്ക് പുറമെയാണ്‌ ഇപ്പോള്‍ ഈ തുക അനുവദിച്ചിരിക്കുന്നത്‌. ഇതോടെ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ മൊത്തം 15 കോടി രൂപയാണ്‌ വിനിയോഗിക്കുന്നത്‌.
2024 ഫെബ്രുവരി മുതല്‍ മേയ്‌ വരെയുള്ള കാലയളവില്‍ അനുഭവപ്പെട്ട അപൂര്‍വമായ കടുത്ത വരള്‍ച്ച, ജലക്ഷാമം, ഉയര്‍ന്ന താപനില, മണ്ണിലെ ഈര്‍പ്പക്കുറവ്‌ എന്നിവ ഏലം കൃഷിയെ ഗുരുതരമായി ബാധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ജില്ലയില്‍ ആകെ 4364.4 ഹെക്‌ടര്‍ സ്‌ഥലത്തെ ഏലം കൃഷിയാണ്‌ നശിച്ചത്‌. ഇത്‌ ഏലം കൃഷി മുഖ്യജീവനോപാധിയായ ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക്‌ വലിയ തിരിച്ചടിയുണ്ടാക്കുകയും അവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്‌തു. ഇടുക്കി വികസന പാക്കേജിന്റെ നിലവിലെ മാര്‍ഗരേഖയില്‍ കൃഷിനാശത്തിന്‌ നഷ്‌ടപരിഹാരം നല്‍കാനുള്ള വ്യക്‌തമായ വ്യവസ്‌ഥകള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍, 2026 ഫെബ്രുവരി 24-ന്‌ ചേര്‍ന്ന മന്ത്രിസഭായോഗം പ്രത്യേക ഇളവ്‌ നല്‍കിയാണ്‌ ഇപ്പോള്‍ ഈ തുക അനുവദിച്ചത്‌. നേരത്തെ അനുവദിച്ച 10 കോടി രൂപ ഏലത്തോട്ടങ്ങളുടെ പുനര്‍ജീവനത്തിനായി നടീല്‍ വസ്‌തുക്കള്‍ വാങ്ങുന്നതിനും ജീവാണു വളങ്ങള്‍ വിതരണം ചെയ്യാനുമായാണ്‌ വിനിയോഗിച്ചു വരുന്നത്‌. ഇപ്പോള്‍ പുതിയതായി അനുവദിച്ച 5 കോടി രൂപ നഷ്‌ടപരിഹാര വിതരണം വേഗത്തിലാക്കാനും കൂടുതല്‍ ദുരിത ബാധിതരായ കര്‍ഷകര്‍ക്ക്‌ സഹായമെത്തിക്കാനും ഉപകരിക്കും.
വികസന പാക്കേജില്‍ ആവശ്യമായ ഇളവ്‌ വരുത്തി കര്‍ഷകര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്‌ കര്‍ഷകക്ഷേമത്തിന്‌ സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമികതയുടെയും സമയോചിത ഇടപെടലിന്റെയും തെളിവാണെന്ന്‌ കൃഷി മന്ത്രി പി. പ്രസാദ്‌ പറഞ്ഞു.

Ads by Google
Advertisement
Thursday 26 Feb 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW