-->
ചാരുംമൂട്: നൂറനാട്ട് കാണപ്പെട്ട കാട്ടുപോത്തിനെ കണ്ടെത്താന്‍ വനപാലകസംഘം തെരച്ചില്‍ ഊര്‍ജിതമാക്കി. ചുനക്കര ഭാഗത്ത് കാട്ടുപോത്തിനെ കണ്ടതോടെ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തിവരുന്നു. പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.
വനപാലകര്‍ക്കൊപ്പം മുഴുവന്‍സമയവും എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എയും ഉണ്ട്.
ചൊവ്വാഴ്‌ച പുലര്‍ച്ചെ നൂറനാട്ടു കണ്ട കാട്ടുപോത്തിനെ ഇന്നലെ രാവിലെയാണ് ചുനക്കര നടുവില്‍ ഭാഗത്ത് വീണ്ടും കണ്ടതായി നാട്ടുകാര്‍ അറിയിച്ചത്.ചാരുംമൂട് മേഖലയില്‍ ക്യാമ്പ് ചെയ്യുന്ന വനപാലക സംഘവും എം.എല്‍.എയും ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭന അടക്കമുള്ള ജനപതിനിധികളും സ്‌ഥലത്ത് എത്തിച്ചേര്‍ന്നു. രണ്ട് മണിയോടെ കാട്ടുപോത്തിനെ സമീപത്തെ പുരയിടത്തില്‍ കണ്ടെങ്കിലും ആള്‍ക്കാരെ കണ്ട് എതിര്‍വശത്തുകൂടി ചുനക്കര കളിക്കണ്ടം വഴി ഓടി. എതിര്‍ വശത്തേക്ക് കാട്ടുപോത്ത് വരുന്നത് കണ്ട് ഓടിമാറുന്നതിനിടെ ചിലര്‍ വീഴുകയും ചെയ്‌തു. വയല്‍ വഴി ചുനക്കര തെക്ക് ഭാഗങ്ങളില്‍ കൂടി ചൂരല്ലൂര്‍ പാഠശേഖരം വരെ കാട്ടുപോത്ത് എത്തിയിരുന്നു. വനപാലകരുടെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തിവരികയാണ്.ചൂരല്ലൂരില്‍നിന്നു സന്ധ്യയോടെ വീണ്ടും ചുനക്കര കിഴക്കന്‍ ഭാഗത്തേക്ക് ഓടിയതായാണ് വിവരം. റാന്നി ഡി.എഫ്.ഒ. ബി.ആര്‍. ജയന്റെ നേതൃത്വത്തിലുള്ള 50 അംഗ വനപാലകസംഘം മൂന്നു ഗ്രൂപ്പുകളായാണ് തെരച്ചില്‍ നടത്തുന്നത്. കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടി കാട്ടിലെത്തിക്കാനാണ് തീരുമാനമെന്ന് ഡി.എഫ്.ഒ പറഞ്ഞു. ഇതിനുള്ള അനുമതിയും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കാട്ടാനകളെ പോലെ കൂട്ടംതെറ്റി നാട്ടിലെത്താറുള്ള ഇവ അതേപടി തിരികെ കാട്ടിലേക്ക് പോകാനും സാധ്യതയുള്ളതായും ഡി.എഫ്.ഒ പറഞ്ഞു.