-->
മാരാരിക്കുളം: കേരളത്തിന്റെ ഭരണരീതി, വികസന അനുഭവങ്ങള്‍, സമ്പന്നമായ സാംസ്‌കാരികപൈതൃകം എന്നിവ അടുത്തറിയാന്‍ കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാഡമി (കൈല) സംഘടിപ്പിക്കുന്ന യൂത്ത് എക്‌സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായുള്ള സംഘം ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. പഞ്ചായത്തിലെ കൃഷി സ്‌ഥലവും ഡയറി ഫാമും ബൊഗേന്‍വില്ല നഴ്‌സറിയുമാണ് സംഘം പ്രധാനമായും സന്ദര്‍ശിച്ചത്.
കേരളത്തിലെ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ച് കേരളത്തെ അറിയുകയും പാരമ്പര്യം, പൈതൃകം എന്നിവയെക്കുറിച്ച് പഠിക്കുകയുമാണ് രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായിട്ടുള്ള 32 അംഗ സംഘത്തിന്റെ ലക്ഷ്യം.
പബ്ലിക് പോളിസി, സോഷ്യല്‍ സെക്‌ടര്‍, മീഡിയ, റിസര്‍ച്ച്, സോഷ്യല്‍ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളാണ് പ്രധാനമായും സംഘത്തില്‍ ഉണ്ടായിരുന്നത്. ആദ്യം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിയ സംഘം കാര്‍ഷിക രീതികളെയും കുടുംബശ്രീ സംരംഭങ്ങളെയും കുറിച്ച് ചര്‍ച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം. സന്തോഷ് കുമാര്‍ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കി.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ കൃഷിരീതികള്‍ പങ്കുവെക്കുന്ന വെറൈറ്റി ഫാര്‍മര്‍ എന്നറിയപ്പെടുന്ന സുജിത്തിന്റെ അഞ്ചര ഏക്കര്‍ പച്ചക്കറി കൃഷിയിടം, 25 ലേറെ പശുക്കളെ വളര്‍ത്തി വൈവിധ്യമാര്‍ന്ന പാലുല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു വിപണനം നടത്തുന്ന നിള കുടുംബശ്രീ അംഗം സുഭഗയുടെ സൗഭാഗ്യ എന്ന സംരംഭവും പലനിറങ്ങളില്‍ വിസ്‌മയം തീര്‍ക്കുന്ന ബൊഗേന്‍വില്ല നഴ്‌സറി നടത്തുന്ന പൊന്നിട്ടുശേരി ശ്യാമ, സിജി ദമ്പതികളുടെ പ്രവര്‍ത്തന രീതികളും കണ്ടു സംഘം മനസിലാക്കി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിതാ തിലകന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ്. രഞ്‌ജിത്ത്,
കൈല പ്ര?ജക്‌റ്റ് മാനേജര്‍ സി. കാര്‍ത്തിക് ഗോപാല്‍, ഗ്രാമപഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ ആര്‍. അശ്വിന്‍, ജി. മുരളി, കെ.വി. വിജിമോള്‍, പഞ്ചായത്ത് അംഗങ്ങളായ പി. മുരളി, വി. സോയ, എം.കെ. സജി, പി. അക്‌ബര്‍, സജിത ബൈജു, എ രാജം, ഒ.എ. രജനി, പി.ടി. ശശിധരന്‍, പി.എസ്. ശ്രീലത, പഞ്ചായത്ത് സെക്രട്ടറി ടി.എഫ്. സെബാസ്‌റ്റ്യന്‍, അസിസ്‌റ്റന്റ് സെക്രട്ടറി പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.