Wednesday, March 11, 2026 Last Updated 14 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 04.45 AM

ടൗണ്‍ഷിപ്പ്‌; വീടുകളുടെ ചുറ്റുമതില്‍ നിര്‍മാണവും അടിസ്‌ഥാന സൗകര്യങ്ങളൊരുക്കലും പുരോഗമിക്കുന്നു

uploads/news/2026/02/827331/2.jpg

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടം ഗുണഭോക്‌താക്കള്‍ക്ക്‌ കൈമാറുന്ന വീടുകളുടെ ചുറ്റുമതില്‍ നിര്‍മാണവും അടിസ്‌ഥാനസൗകര്യങ്ങളൊരുക്കലും പുരോഗമിക്കുന്നു. ആദ്യഘട്ടം കൈമാറുന്ന വീടുകളുടെ ചുറ്റുമതില്‍ നിര്‍മാണം അന്തിമഘട്ടത്തിലായി. മുറ്റം ഒരുക്കലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌. നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായ വീടുകളിലെല്ലാം സോളാര്‍ പാനലുകളും വാട്ടര്‍ടാങ്കും സ്‌ഥാപിച്ചു. ഭൂരിഭാഗം വീടുകളുടെ പെയിന്റിങും പൂര്‍ത്തിയായി. വീടിന്റെ ഒരുക്കങ്ങളും മിനുക്കുപണികളും നടക്കുന്നതോടൊപ്പംതന്നെ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള പണികളും പൂര്‍ത്തിയായിവരുകയാണ്‌. അണ്ടര്‍ഗ്രൗണ്ട്‌ കേബിള്‍ വലിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായി. ഓരോ നിരകളിലെയും വീടുകള്‍ക്ക്‌ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനാവശ്യമായ പാനല്‍ബോര്‍ഡുകള്‍ സ്‌ഥാപിച്ചുകഴിഞ്ഞു. വൈകാതെതന്നെ വൈദ്യുതി കണക്ഷന്‍ നല്‍കും. റോഡ്‌ നിര്‍മാണ പ്രവൃത്തിയും വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌. സിമന്റ്‌ ട്രീറ്റഡ്‌ ബെയ്‌സ് (സി.പി.ടി.) സാങ്കേതികവിദ്യയില്‍ അത്യാധുനികനിലവാരത്തിലാണ്‌ റോഡുകള്‍ നിര്‍മിക്കുന്നത്‌. നാലുപാളികളായാണ്‌ റോഡുകള്‍ നിര്‍മിക്കുന്നത്‌. പ്രധാനകവാടത്തിലൂടെ 12.65 മീറ്റര്‍ വീതിയുള്ള റോഡും രണ്ടു ഉപകവാടങ്ങളിലൂടെ 9.5 മീറ്റര്‍ വീതിയുള്ള റോഡുകളുമാണ്‌ നിര്‍മാണം നടക്കുന്നത്‌. ഇവ ടാറിങ്ങിലേക്ക്‌ കടന്നു. ടൗണ്‍ഷിപ്പിനുള്ളില്‍ വീടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടറോഡുകള്‍ ഇന്റര്‍ലോക്കാണ്‌ ചെയ്യുന്നത്‌. ഇടറോഡുകളുടെയും ഓവുചാലിന്റെയും പ്രവൃത്തികള്‍ നടക്കുന്നുണ്ട്‌. വൈബ്രേറ്റര്‍ റോളര്‍ ഉപയോഗിച്ച്‌ നിലമൊരുക്കുന്ന പ്രവൃത്തിയാണ്‌ നടക്കുന്നത്‌. പലയിടങ്ങളിലും ഓവുചാലിന്‌ മുകളില്‍ സ്ലാബ്‌ വാര്‍ത്തുതുടങ്ങി. അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചാണ്‌ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നത്‌. 2,200ലധികം തൊഴിലാളികളാണ്‌ ടൗണ്‍ഷിപ്പ്‌ നിര്‍മാണത്തിലുള്ളത്‌. മാര്‍ച്ച്‌ ഒന്നിന്‌ വൈകീട്ട്‌ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ആദ്യഘട്ട ഗുണഭോക്‌താക്കള്‍ക്ക്‌ വീടുകള്‍ കൈമാറുന്നത്‌. ദുരന്തത്തില്‍ വീട്‌ പൂര്‍ണമായും നഷ്‌ടമായ ഫേസ്‌ ഒന്നില്‍ ഉള്‍പ്പെട്ട 178 കുടുംബങ്ങള്‍ക്കാണ്‌ ആദ്യഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്‌. സോണ്‍ ഒന്നില്‍ 115 വീടുകളും സോണ്‍ മൂന്നില്‍ 30 വീടുകളും സോണ്‍ നാലില്‍ 33 വീടുകളുമാണ്‌ ആദ്യഘട്ടത്തില്‍ കൈമാറുന്നത്‌. അഞ്ചുസോണുകളിലായി 410 വീടുകളാണ്‌ നിര്‍മിക്കുന്നത്‌. ഏഴു സെന്റില്‍ 1000 ചതുരശ്ര അടിയിലാണ്‌ വീടുകള്‍ ഒരുങ്ങുന്നത്‌.

Ads by Google
Advertisement
Thursday 26 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW