Wednesday, March 11, 2026 Last Updated 59 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 04.45 AM

വേനലും നോമ്പുകാലവും ഒന്നിച്ചെത്തിയതോടെ പഴ വിപണി സജീവമായി

uploads/news/2026/02/827330/1.jpg

കല്‍പ്പറ്റ: നോമ്പുകാലം ആദ്യവാരം പിന്നിടുമ്പോള്‍ ജില്ലയില്‍ പഴവിപണി സജീവമാകുന്നു. വേനലും നോമ്പുകാലവും ഒന്നിച്ചെത്തിയതോടെ പഴങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്‌. ആവശ്യക്കാര്‍ കൂടിയതോടെ കൂടുതല്‍ ഇറക്കുമതി ചെയ്‌ത് കച്ചവടം പൊടിപൊടിക്കുകയാണ്‌ കച്ചവടക്കാര്‍. വേനല്‍ ശക്‌തി പ്രാപിച്ചതോടെ പഴ വിപണി നേരത്തെത്തന്നെ ഉണര്‍ന്നിരുന്നു. വൈകുന്നേരമാകുന്നതോടെ നല്ല തിരക്കാണ്‌ പഴം വില്‍പന കേന്ദ്രങ്ങളില്‍ അനുഭവപ്പെടാറുള്ളതെന്ന്‌ വ്യാപാരികള്‍ പറയുന്നു. മരച്ചോട്ടിലും താല്‍ക്കാലിക ഷെഡിലുമൊക്കെയായി വില്‍പനക്കാര്‍ ഇടം പിടിച്ചിരിക്കുകയാണ്‌. നോമ്പുക്കാലം കൂടെ ആയതിനാല്‍ പഴങ്ങള്‍ക്ക്‌ വില കഴിഞ്ഞ ആഴ്‌ച്ചയിലെ വിലയേക്കാള്‍ കൂടിയിരിക്കുകയാണ്‌. തണ്ണിമത്തനും മുന്തിരിയുമാണ്‌ കൂടുതല്‍ വില്‍പന നടക്കുന്നത്‌. ഒരുകിലോ തണ്ണിമത്തന്‌ 30 രൂപ മുതലാണ്‌ വില, മഞ്ഞ നിറത്തിലും മറ്റുമുള്ള ചെറിയ തണ്ണിമത്തന്‌ 40 മുതല്‍ 50 രൂപ വരെയാണ്‌ വില.
സീസണായതിനാല്‍ മുന്തിരിയുടെ വില വര്‍ധിച്ചിട്ടില്ല. കറുത്ത മുന്തിരി 140, മറ്റുള്ളവയ്‌ക്ക് 80 എന്നിങ്ങനെയാണ്‌ കിലോ വില. മുസംബി 80, ഓറഞ്ച്‌ 100, പൈനാപ്പിള്‍ 80, സപ്പോട്ട 80, നേന്ത്രപ്പഴം 50, ഷമാം 80 എന്നിങ്ങനെയാണ്‌ വില നിലവാരം. സീസണായതിനാല്‍ മാമ്പഴങ്ങളും വിപണിയില്‍ സജീവമാണ്‌. കിലോയ്‌ക്ക് 150 രൂപ മുതലാണ്‌ മാങ്ങയുടെ വില. പ്രിയൂര്‍ മാങ്ങയും മൂവാണ്ടന്‍ മാങ്ങയും വിപണിയിലിടം പിടിച്ചിട്ടുണ്ട്‌.
റമദാന്‍ ഉണര്‍വില്‍ ഈത്തപ്പഴ വിപണിയും ഉഷാറായിരിക്കുകയാണ്‌. നോമ്പിന്റെ ആരംഭത്തില്‍ തന്നെ ഈത്തപ്പഴ വിപണി സജീവമായിക്കഴിഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ ഈത്തപ്പഴത്തിന്‌ അല്‍പ്പം വില കൂടുതലാണ്‌. ഇറക്കുമതി കുറഞ്ഞിനാല്‍ ഈത്തപ്പഴത്തിന്‌ ക്ഷാമവും നേരിടുന്നുണ്ട്‌. നോമ്പുതുറയുടെ പ്രധാന വിഭവമായ അത്തിപ്പഴവും ഈന്തപ്പഴവും തന്നെയാണ്‌ ഇത്തവണയും വിപണിയിലെ താരങ്ങള്‍. വിദേശത്ത്‌ നിന്നും ഇറക്കുമതി ചെയ്‌ത സിട്രിക്‌ മുസമ്പികളാണ്‌ മാര്‍ക്കറ്റിലെ മറ്റൊരു സാന്നിധ്യം. കിലോയ്‌ക്ക് 80 രൂപയാണ്‌ വില. നോമ്പുതുറയുടെ പ്രധാന വിഭവമായ ഈത്തപ്പഴത്തിന്‌ 100 മുതല്‍ 2500 രൂപ വരെയാണ്‌ വില. സൗദി, ഒമാന്‍, ഇറാഖ്‌, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മികച്ചയിനം ഈത്തപ്പഴങ്ങളും വിപണിയിലുണ്ട്‌. സൗദി ഈത്തപ്പഴങ്ങള്‍ക്കാണ്‌ ആവശ്യക്കാരേറെ. ഈത്തപ്പഴത്തിന്‌ പുറമെ കാരക്ക, അത്തിപ്പഴം, അക്രൂട്ട്‌, ആപ്രിക്കോട്ട്‌ തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സുകളും നോമ്പുതുറ വിപണിയില്‍ സജീവമാണ്‌. വിദേശ പഴങ്ങളായ ഡ്രാഗണ്‍ ഫ്രൂട്ട്‌, റംബൂട്ടാന്‍ എന്നിവയ്‌ക്ക് ആവശ്യക്കാരുണ്ടെങ്കിലും ഇറക്കുമതി തീരുവയിലെ വര്‍ധനയും സീസണ്‍ അല്ലാത്തതും പഴങ്ങളുടെ ലഭ്യത കുറക്കുന്നു. പ്രളയവും, വേനല്‍ മഴയിലെ ഏറ്റക്കുറച്ചിലുകളും, സാമ്പത്തിക പ്രതിസന്ധിയും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. നോമ്പുകാലമെത്തിയതോടെ ഡ്രൈ ഫ്രൂട്ട്‌സ് വിപണി കൂടുതല്‍ സജീവമായെന്ന്‌ ബേക്കറി ഉടമകള്‍ പറയുന്നു. സാധാരണ കാരയ്‌ക്കയ്‌ക്ക് 220 വരെയാണ്‌ വില. അണ്ടിപ്പരിപ്പ്‌, മിക്‌സ്ഡ്‌ ഫ്രൂട്ട്‌സ്, പഴച്ചാറുകള്‍ എന്നിവയും വിപണിയില്‍ താരങ്ങളാണ്‌. ഉണക്കിയ മാമ്പഴങ്ങള്‍, പപ്പായ എന്നിവയും സ്‌ട്രോബറി പോലുള്ള പഴങ്ങളും നോമ്പുതുറയുടെ ഇഷ്‌ടവിഭവങ്ങളാണ്‌. ഇവയ്‌ക്കും നല്ല കച്ചവടമാണ്‌ റമദാന്‍ കാലത്ത്‌ അനുഭവപ്പെടുന്നതെന്നും വ്യാപാരികള്‍ പറയുന്നു.

Ads by Google
Advertisement
Thursday 26 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW