-->
പന്തളം: കേവലഭൂരിപക്ഷമില്ലാത്ത പന്തളം നഗരസഭ ഭരണസമിതിയില്‍ ഹരിത കര്‍മ്മ സേനയുടെ യൂസര്‍ ഫീയും കെട്ടിട നികുതിയും വര്‍ദ്ധിപ്പിക്കുന്നതില്‍ ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ നഗരസഭാംഗങ്ങള്‍ കാണിക്കുന്ന ഐക്യം അടിസ്‌ഥാന സൗകര്യം ഉള്‍പ്പെടെയുള്ള വികസന കാര്യങ്ങളിലും ജനങ്ങളോടുള്ള പ്രതിബദ്ധതയിലും കൂടി ഉണ്ടാകണമെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
2016ല്‍ സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നികുതി വര്‍ദ്ധനവിന്റെ ഉത്തരവുകള്‍ നടപ്പിലാക്കാതെ 2024 ല്‍ സംസ്‌ഥാന സര്‍ക്കാരിന്‍റെ അന്ത്യശാസനത്തിന് ശേഷം അശാസ്‌ത്രീയ നികുതി വര്‍ദ്ധനവ് നടത്തുകയും 2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പലിശ, പിഴ പലിശ ഉള്‍പ്പെടെ ജനങ്ങളില്‍ നിന്നും പിടിച്ചു വാങ്ങുകയും കെട്ടിടനികുതി വര്‍ദ്ധിപ്പിക്കുന്നതിന് മുന്നോടിയായി നഗരസഭയിലെ ഭൂരിഭാഗം കെട്ടിടങ്ങളും അനധികൃത നിര്‍മ്മാണം എന്ന സ്‌റ്റിക്കര്‍ പതിച്ച് പുതിയ പ്ലാന്‍ വരപ്പിക്കുകയും ക്രമവല്‍ക്കരിക്കുന്നതിന് വേണ്ടി അമിത ഫീസ് ഏജന്‍സികള്‍ മുഖേന ഈടാക്കുകയും ചെയ്‌തതിന്റെ ക്ഷീണം മാറുന്നതിന് മുമ്പേ 2024 ല്‍ സംസ്‌ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഹരിത കര്‍മ്മ സേനയുടെ യൂസേഴ്‌സ് ഫീ വര്‍ദ്ധനവ് 2026 ല്‍ അധികാരത്തില്‍ കയറി ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പ് കേവല ഭൂരിപക്ഷം ഇല്ലാത്ത ഭരണസമിതി നഗരസഭ അംഗങ്ങളുടെ ഐക്യകണ്‌ഠേനയുള്ള തീരുമാനപ്രകാരം 50 രൂപയില്‍ നിന്ന് 70 രൂപയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്‌തു.
സംസ്‌ഥാന സര്‍ക്കാരിന്‍റെ കാലാകാലങ്ങളില്‍ ഉള്ള നികുതി വര്‍ദ്ധനവ് പൊതുജനങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം, കാലപ്പഴക്കം മൂലം ലഭിക്കേണ്ട വിവിധ നികുതി ഇളവുകള്‍ ലഭിക്കാതെ കെട്ടിടനികുതി , അനധികൃത നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നത് മുതലായ വന്‍ ചിലവുകള്‍ ജനങ്ങള്‍ വഹിക്കുന്ന കാലത്ത്, പ്ലാസ്‌റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാര സ്‌ഥാപനങ്ങളില്‍ പ്ലാസ്‌റ്റിക് ബാഗുകള്‍ പരിശോധിച്ചു വന്‍ പിഴ ഈടാക്കുകയും ചെയ്യുമ്പോള്‍ വീടുകളില്‍നിന്നും ഹരിതകര്‍മ്മസേനയുടെ ഉപജീവനത്തിനുവേണ്ടിമാത്രം ആണ് നിര്‍ബന്ധിത പ്ലാസ്‌റ്റിക്ക് ശേഖരിക്കുവാന്‍ പദ്ധതി തയ്യാറാക്കിയത്.
ജില്ലാ ആസ്‌ഥാനമായ പത്തനംതിട്ട നഗരസഭയിലും താലൂക്ക് ആസ്‌ഥാനമായ അടൂര്‍ നഗരസഭയിലും യൂസര്‍ ഫീ 60 രൂപ ആയിരിക്കുമ്പോഴാണ് പന്തളം നഗരസഭയില്‍ 70 രൂപയാക്കി നിരക്ക് വര്‍ദ്ധിപ്പിച്ചത്. അശാസ്‌ത്രീയ നികുതി വര്‍ദ്ധനവ് സംബന്ധിച്ച് നഗരസഭയ്‌ക്ക് എതിരെ ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോഴാണ് എന്നതും നഗരസഭാ നിവാസികളോടുള്ള വെല്ലുവിളിയായി കാണുന്നു. ഹൈക്കോടതിയിലെ കേസിന്റെ വിധി വരുന്നതുവരെയെങ്കിലും പുതിയ ചാര്‍ജ് വര്‍ദ്ധനവുകള്‍ മരവിപ്പിക്കണമെന്നും ബോവ ആവശ്യപ്പെടുന്നു.
അസോസിയേഷന്‍ പ്രസിഡന്റ് ഇ എസ് നുജുമുദീന്‍, സെക്രട്ടറി സുഭാഷ് കുമാര്‍ വി.സി, പി.പി ജോണ്‍, പ്രേംശങ്കര്‍, അശോക് കുമാര്‍,എം സി ജോസ്, മന്‍സൂര്‍ അഹമ്മദ്, ജോര്‍ജുകുട്ടി, അഡ്വ. ബിനു ജോണ്‍ തുടങ്ങിയ അസോസിയേഷന്‍ ഭാരവാഹികള്‍ നിവേദക സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.