Wednesday, March 11, 2026 Last Updated 30 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.36 AM

മനസുവച്ചാല്‍ പാറപ്പുറത്തും കൃഷിയിറക്കാം

uploads/news/2026/02/827196/2.jpg

കോഴഞ്ചേരി: പാറപ്പുറത്തെ പച്ചക്കറി ഹൃദ്യമാക്കി സര്‍ക്കാര്‍ മഹിളാമന്ദിരം. ജില്ലയില്‍ കോഴഞ്ചേരി പഞ്ചായത്തിലെ കീഴുകരയില്‍ വനിതാ-ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ്‌ മഹിളാമന്ദിര അന്തേവാസികളാണ്‌ പാറപ്പുറത്തു്‌ കൃഷി പരീക്ഷിക്കുന്നത്‌. 17 താമസക്കാരും നാല്‌ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന മന്ദിരം കേരള കൃഷി വകുപ്പുമായി ചേര്‍ന്നാണ്‌ പുതിയ സംരംഭത്തിന്‌ തുടക്കം കുറിച്ചത്‌. 35 സെന്റിലായി പ്രവര്‍ത്തിക്കുന്ന മന്ദിരം പൂര്‍ണ്ണമായും പാറപ്പുറത്താണ്‌ സ്‌ഥിതിചെയ്യുന്നത്‌.
മഹിളാമന്ദിരത്തിലെ താമസക്കാരുടെയും ജീവനക്കാര്‍ക്കുമായി അവരുടെ മാനസിക ശാരീരിക ഉന്മേഷത്തിനും ഉണര്‍വിനുമായി സംസ്‌ഥാന കൃഷിവകുപ്പിന്റെ കീഴിലുള്ള സ്‌ഥാപനാധിഷ്‌ഠിത പച്ചക്കറി കൃഷി എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45,000 രൂപയുടെ പ്രോജക്‌ട് നടപ്പിലാക്കി. കെട്ടിടത്തിന്‌ ചുറ്റുമുള്ള പാറപ്പുറത്തും തരിശുഭൂമിയിലുമായി സ്‌ഥാപനത്തിലെ അംഗങ്ങള്‍ തന്നെ പച്ചക്കറിത്തോട്ടം ഉണ്ടാക്കുകയായിരുന്നു. വിവിധ ഇനത്തിലുള്ള പച്ചക്കറികള്‍ സമൃദ്ധമായി വിളയിച്ച്‌ എടുക്കാന്‍ ഈ പദ്ധതിയിലൂടെ സ്‌ഥാപനത്തിന്‌ സാധ്യമായി. കോഴഞ്ചേരി കൃഷി ഓഫീസര്‍ രമേഷ്‌ കുമാറിന്റെ നിരന്തരമായ പരിശ്രമവും അധ്വാനിക്കാന്‍ തയ്യാറായ മഹിളാമന്ദിരത്തിലെ അംഗങ്ങളുടെ പ്രയത്നവും ഈ മികവിന്‌ പിന്നിലുണ്ട്‌. സ്വന്തം പച്ചക്കറിത്തോട്ടത്തില്‍ നിന്നും വിളവെടുത്ത ചീരയില്‍നിന്ന്‌ സ്‌ക്വാഷ്‌ ഉണ്ടാക്കാനും ഇവര്‍ക്കു കഴിഞ്ഞു.
പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്‌ ഉദ്‌ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോമോന്‍ പുതുപ്പറമ്പില്‍ നിര്‍വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ ബിജോ പി. മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വന്തം കൃഷിയിടത്തില്‍ നിന്നും വിളവെടുത്ത ചീരയില്‍ നിന്നും നിര്‍മിച്ച സ്‌ക്വാഷിന്റെ ആദ്യവില്‌പന ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത സജീവ്‌ ഭാസ്‌കര്‍ നിര്‍വഹിച്ചു.
പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ലി സക്കറിയാസ്‌ പദ്ധതി വിശദീകരണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്‌ടര്‍ ജാനറ്റ്‌ ഡാനിയല്‍,ഇലന്തൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ റോളി മാത്യു, അശോക്‌ ഗോപിനാഥ്‌, പി.എസ്‌ സരിഗ ,ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സുനിത ഫിലിപ്പ്‌, അംഗങ്ങളായ ലത ചെറിയാന്‍, സില്‍വിയ തോമസ്‌, സജി ജോര്‍ജ്‌, കൃഷി അസി.ഡയറക്‌ടര്‍ ആലിയ ഫര്‍സാന, കെ.ആര്‍ സന്ധ്യ, മനീഷ്‌ മോഹന്‍, അനീഷ്‌ ചക്കുങ്കല്‍, അഡ്വ. വിനീത കോശി, അഡ്വ.എം .എന്‍ ബാലകൃഷ്‌ണന്‍ നായര്‍, അനു എം വര്‍ഗീസ്‌, മൃദുല റോയ്‌, ജിബി തോമസ്‌, സൂപ്രണ്ട്‌ പി.എസ്‌ ഷഹീന, വനിതാ ശിശു വികസന ഓഫീസര്‍ ആശാമോള്‍, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ, കൃഷി ഓഫീസര്‍ പി. രമേശ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 25 Feb 2026 11.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW