-->
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥിയായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വീണ്ടും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ യു.ഡി എഫും ബി.ജെ.പി യും ഒരുക്കങ്ങള്‍ സജീവമാക്കി. ഒരു ജനപ്രതിനിധിക്ക് രണ്ടുതവണ എന്നതില്‍ ഇളവ് വരുന്നതോടെയാണ് വീണാ ജോര്‍ജിന് വീണ്ടും അവസരം ലഭിക്കുന്നത്.
മുഖ്യ മന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ജയസാധ്യത ഉള്ളവരെ മാറ്റി നിര്‍ത്തേണ്ടതില്ല എന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെയാണ് മന്ത്രിതന്നെ വീണ്ടും മത്സരിക്കുമെന്ന് അറിയുന്നത്. ഇതോടെ മണ്ഡലത്തില്‍ വീണാ ജോര്‍ജ് വീണ്ടും സജീവമാകുകയും ചെയ്യുന്നുണ്ട്. പ്രവര്‍ത്തകരുമായി പോലും ആശയ വിനിമയം നടത്തുന്നില്ല എന്ന പരാതി ഇവര്‍ക്കെതിരെ വ്യാപകമായി ഉണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മിക്കയിടത്തും ഇവര്‍ എത്തിച്ചേരുന്നുമുണ്ട്. നേരിട്ടും വകുപ്പിനും എതിരെ നിരവധിയായ ആരോപണങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ മണ്ഡലത്തില്‍ ഡി.വൈ എഫ്.യും എസ്.എഫ്.ഐയും രംഗത്തിറങ്ങുന്നുണ്ട്. യുത്ത് കോണ്‍ഗ്രസുമായി ഇവര്‍ നേരിട്ട് ഏറ്റുമുട്ടുകയാണ്. മണ്ഡലത്തില്‍ പലയിടത്തും ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിനും ഇത് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എം.എല്‍.എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും ജനറല്‍ ആശുപത്രി ഉദ്‌ഘാടന ആലോചനാ യോഗത്തിലും ഇത് പ്രകടമായിരുന്നു.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍.സനല്‍ കുമാര്‍, ജില്ലാകമ്മറ്റി അംഗം അജയ കുമാര്‍ തുടങ്ങിയവരുടെ പേരുകളും ആദ്യം ഉയര്‍ന്ന് കേട്ടിരുന്ന ഇവിടെ പുറമെ നിന്നുള്ള സ്‌ഥാനാര്‍ഥിയാകുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ പുതിയ നീക്കത്തില്‍ വീണാ ജോര്‍ജ് തന്നെയാകും മത്സരിക്കുകയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജും കോന്നിയില്‍ കെ.യു. ജനീഷ് കുമാറും തന്നെ വീണ്ടും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥികളാകുമെന്ന്. സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു.
ബി.ജെ.പി മുന്തിയ പരിഗണന നല്‍കുന്ന ആറന്മുള മണ്ഡലത്തില്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ മിക്കതിലും സ്‌ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അപാകതകള്‍ ഉണ്ടായിരുന്നതായി അണികളുടെ അഭിപ്രായം ശരി വയ്‌ക്കുന്നതായിരുന്നു ഫലവും.മണ്ഡലവുമായി പരിചയമില്ലാത്തവരും സജീവ പ്രവര്‍ത്തകരുമല്ലാത്തവരാണ് പലപ്പോഴും മത്സരിക്കാന്‍ എത്തിയത്.ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് തന്നെ സംഭവിച്ചു.
എന്നാല്‍ ഇക്കുറി മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കുമെന്ന് സൂചന ഉണ്ട്.എന്നാല്‍ ജില്ലയില്‍ നിന്നുള്ള ആദ്യ ബി.ജെ.പി ബ്ലോക്ക് പഞ്ചായത്തു് അംഗവും പ്രമുഖ കര്‍ഷകനും പരിസ്‌ഥിതി പ്രവര്‍ത്തകനുമായ അജയകുമാര്‍ വലിയുഴത്തിലിന്റെ പേരും പരിഗണനയിലുണ്ട്. കേന്ദ്രത്തില്‍നിന്നും മണ്ഡലത്തില്‍ സജീവമാകാന്‍ നിര്‍ദേശം നല്‍കിയതായും അറിയുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വികസന കോണ്‍ക്ലേവുകള്‍ നടത്തി ജനാഭിപ്രായം സ്വരൂപിക്കുകയും ഇത് ഗ്രാമ പഞ്ചായത്തുകള്‍ക്ക് കൈമാറുകയും ചെയ്‌തു. ഇത്തരത്തില്‍ അജയനും മണ്ഡലത്തില്‍ സജീവമാണ്. കര്‍ഷകമോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ് ഷാജി രാഘവനെയാണ് മണ്ഡലത്തിന്റെ ചുമതല ബി.ജെ.പി ഏല്‍പ്പിച്ചിരിക്കുന്നത്. കൃത്യതയോടെ മണ്ഡലം പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ക്ക് അനുയോജ്യമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. യു.ഡി.എഫി ല്‍ കോണ്‍ഗ്രസിന്റെ സീറ്റായ ആറന്മുളയില്‍ നിരവധി പേര്‍ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. സ്‌ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സാമുദായിക പരിഗണന കൂടി കോണ്‍ഗ്രസ്സ് നല്‍കും. യുത്ത് കോണ്‍ഗ്രസ് സംസ്‌ഥാന തലത്തില്‍ ആവശ്യപ്പെട്ടിരുന്ന 15 മണ്ഡലങ്ങളില്‍ ആറന്‍മുളയും ഉള്‍പ്പെടുന്നുണ്ട്.യുത്തു് കോണ്‍ഗ്രസ്സ് ദേശീയ ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി, ജില്ലാ പ്രസിഡണ്ട് വിജയ് ഇന്ദുചൂഡന്‍ എന്നിവരുടെ പേരുകള്‍ അടങ്ങിയ പട്ടികയാണ് ഇവര്‍ നല്‍കിയിട്ടുള്ളത്. ജില്ലയില്‍ സാമുദായിക സമവാക്യം രൂപപ്പെടുത്തുമ്പോള്‍ ഇവരില്‍ ഒരാള്‍ സ്‌ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍രാജ്, പഴകുളം മധു,സെക്രട്ടറി അനീഷ് വരിക്കണ്ണാമല, നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, മുന്‍ ജില്ലാ പഞ്ചായത്തു് പ്രസിഡന്റ് കെ.കെ റോയിസണ്‍ എന്നിവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ള സര്‍പ്രൈസ് സ്‌ഥാനാര്‍ഥിയെയും മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കോണ്‍ഗ്രസും വിജയത്തിനായാണു മത്സരമെന്ന് ബി.ജെ.പിയും പറയുമ്പോള്‍ ഇതെല്ലാം വ്യാമോഹങ്ങള്‍ മാത്രമെന്നാണ് ഇടതുനേതാക്കളുടെ പ്രതികരണം.