-->
പത്തനംതിട്ട: അടുത്തകാലത്തായി ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുങ്ങിമരണം വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. പരീക്ഷാക്കാലവും വേനല്‍ അവധിയും അടുത്തിരിക്കുന്നതിനാല്‍ കുട്ടികള്‍ കൂടുതല്‍ സമയം വീടിനു പുറത്തും ജലാശയങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലും ചെലവഴിക്കാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ദേശം നല്‍കുന്നതെന്ന് ജില്ലാ കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍ അറിയിച്ചു. റാന്നി ഐത്തലയില്‍ ഇന്നലെയും പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചിരുന്നു.
നദികള്‍, കുളങ്ങള്‍. കായലുകള്‍, വെള്ളകെട്ടുകള്‍, ചെക്ക് ഡാമുകള്‍, ക്വാറികള്‍ എന്നിവയില്‍ കുളിക്കാനോ കളിക്കാനോ കുട്ടികള്‍ പോകരുത്. രക്ഷിതാക്കളുടെയോ ഉത്തരവാദിത്വമുള്ള മുതിര്‍ന്നവരുടെയോ നേരിട്ടുള്ള മേല്‍നോട്ടമില്ലാതെ ജലാശയങ്ങള്‍ക്ക് സമീപം പോകരുത്. വേനല്‍ക്കാലത്ത് വെള്ളം കുറവായി തോന്നുന്ന നദികളിലും തോടുകളിലും പെട്ടന്ന് ഒഴുക്ക് ശക്‌തമാകാന്‍ സാധ്യതയുണ്ട്.
ജലാശയങ്ങളോട് ചേര്‍ന്ന അപകടസൂചനാ ബോര്‍ഡുകളും മുന്നറിയിപ്പുകളും ശ്രദ്ധിക്കേണ്ടതും അവ കര്‍ശനമായി പാലിക്കേണ്ടതുമാണ്. പരീക്ഷയ്‌ക്ക് ശേഷമുള്ള സമയങ്ങളിലും വേനല്‍ അവധിക്കാലത്തും കുട്ടികള്‍ക്ക് സുരക്ഷിതമായ വിനോദ പ്രവര്‍ത്തനം മാത്രം അനുവദിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. അപകടസാധ്യതയുള്ള ജലാശയങ്ങളിലെ വിനോദം പൂര്‍ണമായും ഒഴിവാക്കണം.ഈ നിര്‍ദേശം എല്ലാ സ്‌കൂളുകളും അസംബ്ലികളിലും ക്ലാസ് തലങ്ങളിലും കുട്ടികള്‍ക്ക് വിശദീകരിക്കണമെന്ന് ജില്ല കലക്‌ടര്‍ നിര്‍ദേശിച്ചു. പരീക്ഷയ്‌ക്ക് മുമ്പും അവധിക്ക് മുമ്പും ജലസുരക്ഷാ ബോധവത്‌കരണ ക്ലാസുകള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കണം. സ്‌കൂള്‍തല ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പുകളില്‍ ജലസുരക്ഷയെക്കുറിച്ച് പ്രത്യേക ക്ലാസ് ഉള്‍പ്പെടുത്തണം. പരീക്ഷയ്‌ക്ക് ശേഷം സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ ജലാശയങ്ങ ഉള്ള ഭാഗത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്‌കൂള്‍ സംരക്ഷണ സമിതിയും പി.ടി.എയും ശ്രദ്ധിക്കണം.
പൊതു ഉപയോഗത്തിലുള്ള കടവുകളില്‍ പിടിച്ചുനില്‍ക്കാന്‍ സൗകര്യപ്രദമായ ചങ്ങലകളോ കൈവരികളോ സ്‌ഥാപിക്കണം. അപകടമേഖലകളില്‍ പ്രാദേശിക ഭാഷയിലും ഇം?ീഷിലും വ്യക്‌തമായ മുന്നറിയിപ്പ് ബോര്‍ഡ് സ്‌ഥാപിക്കണം.
രാത്രികാലങ്ങളില്‍ ദൃശ്യമാകുന്ന തരത്തിലുള്ള റിഫ്‌ളക്‌റ്റീവ് ബോര്‍ഡുകള്‍ സ്‌ഥാപിക്കണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പുഴകളിലെ അപകടത്തെക്കുറിച്ച് തദ്ദേശ സ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നല്‍കണമെന്നും ജില്ലാ കലക്‌ടര്‍ നിര്‍ദേശിച്ചു.