-->
കോട്ടയം: വേനല്‍ക്കാലമായതോടെ പോളതിങ്ങി കോടിമത ബോട്ട് ജെട്ടി. പോളശല്യം മൂലം ബോട്ട് സര്‍വീസ് പോലും നിലയ്‌ക്കുന്ന അവസ്‌ഥയാണ്. കോടിമത ബോട്ട് ജെട്ടി മുതല്‍ കാഞ്ഞിരം വെട്ടിക്കാട് മുക്കുവരെ പോള നിറഞ്ഞുകിടക്കുകയാണ്. ജലപാതയില്‍ പോള തിങ്ങിയതിനെ തുടര്‍ന്ന് ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസിനും തടസം നേരിടുന്നത് ആശങ്കയ്‌ക്കു കാരണമായിട്ടുണ്ട്. നിലവില്‍ ആലപ്പുഴ സര്‍വീസുകള്‍ മുടക്കംകൂടാതെ നടത്തുന്നുണ്ടെങ്കിലും തടസപ്പെടാനുള്ള സാധ്യതയേറെയാണ്‌്.
പോള നിറഞ്ഞ ജലപാതയിലൂടെ ബോട്ട് സര്‍വീസ് നടത്തുമ്പോള്‍ പ്ര?പ്പല്ലറില്‍ പുല്ലും പോളയും കുരുങ്ങി ബോട്ട് നിന്നുപോകുന്നതും കേടുപാടുകള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. പോള നീക്കം ചെയ്യേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പോ, ഇറിഗേഷന്‍ വകുപ്പോ ആണെങ്കിലും ഇരു വകുപ്പുകളും അനങ്ങുന്നതേയില്ലെന്നു നാട്ടുകാര്‍ പറയുന്നു.
ബോട്ട് സര്‍വീസിനെ ബാധിക്കുമെന്നതിനാല്‍ പോള നീക്കം ചെയ്യുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും നാളിതുവരെ നടപടിയില്ല. പുത്തന്‍തോട്ടിലൂടെ കടന്നുപോകുന്ന ചുങ്കംമുപ്പതില്‍ പാലത്തിന്റെ തകര്‍ച്ചയും ബോട്ട് സര്‍വീസിന് തടസം സൃഷ്‌ടിക്കുന്നതിനൊപ്പമാണ് പോളശല്യം. അഞ്ച്‌് പൊക്കുപാലങ്ങളാണ് ഇവിടെ സ്‌ഥിതിചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി വിദേശസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരുമായി വന്ന ബോട്ട് ചുങ്കംമുപ്പതില്‍ പാലത്തില്‍ കുടുങ്ങിയിരുന്നു.
പോള തിങ്ങിനിറഞ്ഞ് കിടക്കുന്നതിനാല്‍, ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കാന്‍ പ്രയാസമാണെന്നു ബോട്ട് ജീവനക്കാര്‍ പറയുന്നു. പോള ഇനിയും തിങ്ങിനിറയുന്ന സമയമാണ്. കൃത്യമായി പോള നീക്കം ചെയ്‌താല്‍ സര്‍വ്വീസ് സുഗമമായി നടത്താന്‍ സാധിക്കുമെന്നും ഇവര്‍ പറയുന്നു.