-->
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്‌ക്ക് ജില്ലയില്‍ ആവേശ്വോജ്വല സ്വീകരണം. രാവിലെ പത്ത് മണിയോടെ ആദ്യ സ്വീകരണപരിപാടി നടന്ന പാലായിലേക്ക് എത്തിയ പ്രതിപക്ഷ നേതാവിനെ കാത്ത് നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു തടിച്ചുകൂടിയത്. പാലാ കുരിശുപള്ളി ജങ്‌ഷനിലെത്തിയ പ്രതിപക്ഷ നേതാവിനെ മാണി സി. കാപ്പന്‍ എം.എല്‍.എ., യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ഇ.ജെ. ആഗസ്‌തി, കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്,സെക്രട്ടറി അസീസ് ബഡായില്‍ ,ഡി.സി.സി. പ്രസിഡന്റ്‌് നാട്ടകം സുരേഷ് , പാലാ നരഗസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു എന്നിവരുടെ നേൃത്വത്തില്‍ സ്വീകരിച്ചു.
പാലാ കുരിശുപള്ളിയില്‍ നേര്‍ച്ചയിട്ട് പ്രാര്‍ഥിച്ച ശേഷമാണു പ്രതിപക്ഷ നേതാവ് ഇന്നലത്തെ പ്രചരണത്തിനു തുടക്കം കുറിച്ചത്. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകരുടെ അകമ്പടിയോടെ സമ്മേളന നഗരിയായ പുഴക്കര മൈതാനത്തേക്ക് ആനയിച്ചു. പാലായിലെ സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. പുതുയുഗ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ പടിയിറക്കം ആരംഭിക്കുമെന്നു തിരുവഞ്ചൂര്‍ പറഞ്ഞു.
സമ്മേളനത്തില്‍ മാണി സി. കാപ്പന്‍ പാലായില്‍ നടത്തിയ വികസന പ്രവര്‍നങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പതിപ്പിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് നിര്‍വഹിച്ചു. സ്വീകരണസമ്മേളനത്തില്‍ മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് മാണി സി കാപ്പനെയും പാലാ നഗരസഭാ ചെയര്‍പേഴ്‌സനെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ യു.ഡി.എഫ്‌് ഒറ്റക്കെട്ടായി നേരിടുമെന്ന് പറഞ്ഞു.
രണ്ടാമത്തെ സമ്മേളന സ്‌ഥലമായ ഈരാറ്റുപേട്ടയില്‍ കനത്ത ചൂടിനെപ്പോലും വകവെയ്‌ക്കാതെ നൂറുകണക്കിനു യു.ഡി.എഫ് പ്രവര്‍ത്തകരാണു തടിച്ചുകൂടിയത്.കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തിലെ പരിപാടി നടന്ന പൊന്‍കുന്നം രാജേന്ദ്ര മൈതാനിയിയിലേയ്‌ക്ക് വാദ്യമേളങ്ങളുടെയും നിശ്‌ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെയാണു പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത്.
ചങ്ങനാശേരിയില്‍ നടന്ന പൊതുസമ്മേളനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുസമ്മേളനം നടക്കുന്ന പാമ്പാടി എം.ജി.എം ജങ്‌ഷനില്‍ വൈകിട്ട് ആറരയോടെയാണു പ്രതിപക്ഷ നേതാവും സംഘവും എത്തിയത്. തുടര്‍ന്നു പൊതുസമ്മേളനം നടക്കുന്ന പാമ്പാടി ബസ് സ്‌റ്റാന്‍ഡ് മൈതാനത്തേക്കു യാത്രാ അംഗങ്ങളെ തുറന്ന വാഹനത്തില്‍ സ്വീകരിച്ചാനയിച്ചു.
പൊതുസമ്മേളനം കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. കോട്ടയത്തായിരുന്നു ഇന്നലത്തെ സമാപനം. കോട്ടയം ചന്തക്കവലയില്‍ വി.ഡി.സതീശനെയും യാത്രാംഗങ്ങളെയും സ്വീകരിച്ചു പൊതുസമ്മേളനം നടക്കുന്ന തിരുനക്കര മൈതാനത്തേക്ക് ആനയിച്ചു. പൊതുസമ്മേളനം ശശി തരൂര്‍ എം.പി. ഉദ്‌ഘാടനം ചെയ്‌തു. വിവിധ പൊതുയോഗങ്ങളില്‍ യു.ഡി.എഫ് നേതാക്കളായ സണ്ണി ജോസഫ്, കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ്, പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി ,എന്‍.കെ.പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, കെ.സി. ജോസഫ്, മോന്‍സ് ജോസഫ്, മാണി സി.കാപ്പന്‍, ചാണ്ടി ഉമ്മന്‍,ഷാനിമോള്‍ ഉസ്‌മാന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.