-->
കൊച്ചി: നഗരഭരണം തിരിച്ചുപിടിച്ചതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ ബജറ്റ് കൊച്ചിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണെന്ന് മേയര്‍ വി.കെ. മിനിമോള്‍ അവകാശപ്പെട്ടു. ഭരണമേറ്റപ്പോള്‍ 50 ദിനം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച കര്‍മ്മ പരിപാടികളില്‍ 13 എണ്ണം ഇതിനകം തന്നെ പൂര്‍ത്തിയാക്കിയതായി മേയര്‍ അറിയിച്ചു.
നഗരവീഥികള്‍ മനോഹരമാക്കിയും നഗരത്തിലെ കായിക മൈതാനങ്ങള്‍ മെച്ചപ്പെടുത്തിയും അടഞ്ഞുപോയ കനാലുകള്‍ തുറന്നും അടിസ്‌ഥാന സൗകര്യ വികസനത്തിന് മാസ്‌റ്റര്‍ പ്ലാന്‍ ഒരുക്കാനാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നത്. വികസനനയ രൂപീകരണത്തിന് 50 ലക്ഷം രൂപ ചെലവഴിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ് അവതരിപ്പിച്ച ബജറ്റില്‍ വ്യക്‌തമാക്കുന്നു.
കൊച്ചി നഗരത്തിന്റെ സമഗ്രവും സുസ്‌ഥിരവുമായ വികസനവും, സാമ്പത്തിക മുന്നേറ്റവും ലക്ഷ്യമിട്ട് 1388,13,83,902 രൂപ വരവും 1255,16,89,000 രൂപ ചെലവും 132,96,94,902 രൂപ നീക്കിബാക്കിയുമുള്ള ബജറ്റ് അവതരിപ്പിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്‌മരിച്ചാണ് ഡെപ്യുട്ടി മേയര്‍ തന്‍റെ കന്നി ബജറ്റ് അവതരിപ്പിച്ചത്.
മലിനജല സംസ്‌കരണത്തിനുളള ശാസ്‌ത്രീയ പദ്ധതികള്‍, ഗതാഗത രംഗത്തിന്റെ ആധുനികവല്‍ക്കരണം, സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് പ്രത്യേക ഊന്നല്‍, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയുള്ള ധനസമാഹരണം എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
നഗരത്തിലെ ഒരു പ്രധാന വീഥി, ആധുനിക സംഗീത സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി, ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന്റെ ഗാനങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന രീതിയില്‍ രൂപകല്‍പന ചെയ്‌ത് ഗന്ധര്‍വ സംഗീത വീഥിയാക്കും.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന് ആദരമര്‍പ്പിക്കാന്‍ പനമ്പള്ളി നഗര്‍ രവിപുരം ശ്‌മശാനത്തിന് സമീപം ഈ മനോഹര തീരത്ത് ഓര്‍മ്മയില്‍ പി. ടി. എന്ന പേരില്‍ ഉദ്യാനവും ഓപ്പണ്‍ ലൈബ്രറിയും സ്‌ഥാപിക്കും.
കൊച്ചിയുടെ സാംസ്‌കാരിക സാന്നിധ്യം ഉറപ്പാക്കാന്‍ കൊച്ചി ബിനാലയുടെ സഹ സ്‌ഥാപകനായ ബോസ് കൃഷ്‌ണമാചാരിയെ കള്‍ച്ചറല്‍ ക്യുറേറ്ററായി നിയമിക്കും.
യുനെസ്‌കോ ക്രിയേറ്റീവ് സിറ്റി പദവിയില്‍ കൊച്ചിയുടെ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്താന്‍ 25 ലക്ഷം രൂപ ചെലവഴിക്കും.
നഗരസഭയുടെ പുതിയ കാര്യാലയം ആര്‍ട്ട് കോറിഡോര്‍ ആയി രൂപകല്‌പന ചെയ്യും. ഇതില്‍ കൊച്ചിയുടെ ചരിത്രം കലാകാരന്മാരുടെ ഭാവനയില്‍ ചിത്രീകരിക്കും.
മട്ടാഞ്ചേരിയില്‍ സുഗന്ധവ്യഞ്‌ജന പാരമ്പര്യത്തെ ഓര്‍മിപ്പിക്കാന്‍ സ്‌പൈസ് മ്യൂസിയം.
വാക്ക് വേ ഓഫ് ഹിസ്‌റ്ററി എന്ന പേരില്‍ ഫോര്‍ട്ടുകൊച്ചിയുടെ ചരിത്രം ആലേഖനം ചെയ്യും.
കലൂര്‍ ബസ്‌റ്റാന്റിനെ സംയോജിത ഗതാഗത സമുച്ചയമായി ഉയര്‍ത്താന്‍ 40 കോടി രൂപ ചെലവഴിച്ച് പദ്ധതി ആവിഷ്‌കരിക്കും.
ബ്രഹ്‌മപുരത്ത് മാലിന്യ സംസ്‌കരണത്തിന് അത്യാധുനിക പ്ലാന്റുകള്‍. ഇതിനായി 40 കോടി രൂപ ചെലവിടും.
വാഹനത്തിരക്ക് ഒഴിവാക്കാന്‍ കൊച്ചി മെട്രോ,വാട്ടര്‍ മെട്രോ എന്നിവയെ ബന്ധിപ്പിച്ച് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്‌റ്റം നടപ്പാക്കാന്‍ 30 ലക്ഷം രൂപ ചെലവിടും.
നികുതി ചോര്‍ച്ച കണ്ടെത്തി അത് പരിഹരിക്കാന്‍ ഡിജിറ്റല്‍ സര്‍വേ നടത്തും. പ്രത്യേക റവന്യൂ റിക്കവറി സെല്‍ രൂപീകരിക്കും.
ക്യുആര്‍ കോഡ് ഇല്ലാത്ത പരസ്യ ബോര്‍ഡുകള്‍ നിയമവിരുദ്ധമായി കണക്കാക്കും.
കോര്‍പ്പറേഷന്‍ ഓഫീസ് ജംഗ്‌ഷനും ബോള്‍ഗാട്ടിയും ബന്ധിപ്പിച്ചുകൊണ്ട് രണ്ടാമത്തെ പാലം നിര്‍മ്മിക്കാന്‍ പദ്ധതി.
എറണാകുളം ബോട്ട് ജെട്ടി മള്‍ട്ടി മോഡല്‍ മൊബിലിറ്റി ഹബ്ബ്.
ഫോര്‍ട്ടുകൊച്ചി ലോക്കല്‍ ഏരിയ പ്ലാന്‍, ഫോര്‍ട്ട് വൈപ്പിന്‍ ബസ്‌റ്റാന്‍ഡ്,വൈറ്റില ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ്,നഗര റോഡുകളുടെ ആധുനികവല്‍ക്കരണം,നഗരത്തില്‍ പോസ്‌റ്റര്‍ ഫ്രീ സോണുകള്‍,ഇടപ്പള്ളിയില്‍ 45 കോടി രൂപ ചെലവിട്ട് മള്‍ട്ടിപര്‍പ്പസ് കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റ് അവതരണത്തിന് ശേഷം മേയര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ടി. കെ. അഷ്‌റഫ്, ആന്റണി പൈനുതറ, ശകൃത സുരേഷ്, സീന ഗോകുലം, പി എ മനാഫ്, ജിസ്‌മി ജെറാള്‍ഡ് എന്നിവരും പങ്കെടുത്തു.