Thursday, March 12, 2026 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.30 AM

വേനല്‍മഴയെത്തി; പാണ്ടി പുത്തനാറിന്റെ ആഴംകൂട്ടല്‍ പദ്ധതി എങ്ങുമെത്തിയില്ല

uploads/news/2026/02/827163/2.jpg

എടത്വാ: വേനല്‍ മഴ എത്തിയിട്ടും പാണ്ടി പുത്തനാറിന്റെ ആഴംകൂട്ടല്‍ പദ്ധതി എങ്ങുമെത്തിയില്ല. നദി പകുതിയിലേറെ നികന്ന നിലയില്‍. പദ്ധതി ആസൂത്രണം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ മെല്ലപ്പോക്ക്‌ നയം തുടരുന്നതായി നാട്ടുകാര്‍.
കുട്ടനാട്‌, ഹരിപ്പാട്‌ മണ്ഡലങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്ന പാണ്ടി പുത്തനാറ്റിലാണ്‌ എക്കലും ചെളിയും അടിഞ്ഞ്‌ നികന്ന്‌ പുല്ലും കടകലും വളര്‍ന്ന്‌ ഗതാഗം വരെ നിലയ്‌ക്കുന്ന അവസ്‌ഥയുള്ളത്‌. ചെക്കിടിക്കാട്‌ നന്നാട്ടുമാലി പാടശേഖരത്തോട്‌ ചേര്‍ന്ന്‌ പാണ്ടി ജെട്ടി മുതല്‍ കിഴക്കോട്ട്‌ 600 മീറ്ററിലേറെ നദിയുടെ മധ്യഭാഗം വരെ നികന്ന്‌ കിടക്കുകയാണ്‌. സര്‍വീസ്‌ ബോട്ടുകളുടെ യാത്രപോലും ദുരിതത്തിലായി തീര്‍ന്നു.
പമ്പാനദിയില്‍ നിന്ന്‌ നേരിട്ട്‌ വെള്ളം ഒഴുകിയെത്തുന്ന പാണ്ടി പുത്തനാര്‍ നികരുന്നതിനാല്‍ വെള്ളപ്പൊക്ക സീസണില്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയരും. ഇതോടെ കോഴിമുക്ക്‌, മരിയാപുരം, പോച്ച, പാണ്ടി, ചെക്കിടിക്കാട്‌, പച്ച, കേളമംഗലം, തകഴി പ്രദേശങ്ങളില്‍ ജലം ഒഴുകിപ്പോകാന്‍ കാലതാമസം നേരിടുകയും പ്രദേശം വെള്ളത്തിലാകുകയും ചെയ്യും. കഴിഞ്ഞ മഴക്കാലത്ത്‌ ഈ പ്രദേശങ്ങളില്‍ ആഴ്‌ചകളോളം വെള്ളം കെട്ടിനില്‍ക്കുകയും നിരവധി സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങള്‍ തടസപ്പെടുകയും ഗ്രാമവാസികള്‍ ഒറ്റപ്പെടുകയും ചെയ്‌തിരുന്നു.
ഭരണ-പ്രതിപക്ഷ മുന്നണിയിലെ നിരവധി എം.എല്‍.എമാര്‍ പ്രതിനിധാനം ചെയ്യുന്ന അപ്പര്‍ കുട്ടനാട്ടില്‍ പാണ്ടി പുത്തനാറിന്റെ ആഴംകൂട്ടല്‍ പദ്ധതി ജനപ്രതിനിധികള്‍ പാടേ മറന്ന മട്ടാണ്‌. വേനല്‍മഴ എത്തിയതോടെ പ്രദേശവാസികള്‍ വീണ്ടും ആശങ്കയില്‍ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടനാടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളില്‍ വേനല്‍ മഴ ശക്‌തിയായി അനുഭവപ്പെട്ടിരുന്നു. വീണ്ടുമൊരു വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌ അപ്പര്‍ കുട്ടനാട്ടുകാര്‍ നേരിടുന്നത്‌. 2018-ലെ പ്രളയത്തിന്‌ മുഖ്യകാരണമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്‌ഥാനത്തില്‍ പ്രളയാനന്തരം കുട്ടനാട്ടിലെ ജലാശയങ്ങളുടെ ആഴംകൂട്ടല്‍ പദ്ധതിക്ക്‌ ഒന്നാം പിണറായി സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരുന്നു. പ്രളയാനന്തരം അവതരിപ്പിച്ച സംസ്‌ഥാന ബജറ്റില്‍ പ്രധാന നദികളിലേയും തോടുകളിലേയും ആഴംകൂട്ടല്‍ പദ്ധതിക്ക്‌ രണ്ടാം കുട്ടനാട്‌ പാക്കേജില്‍ ഫണ്ട്‌ വകകൊള്ളിച്ചു.
തുടക്കത്തില്‍ കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ പദ്ധതി ക്രമേണ നിലച്ചിരുന്നു. വേനല്‍ മഴ ശക്‌തി പ്രാപിക്കുന്നതിന്‌ മുന്‍പ്‌ പാണ്ടി പുത്തനാറ്‌ ആഴംകൂട്ടി വെള്ളം സുഗമായി ഒഴുക്കി വിടാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന്‌ ജനങ്ങള്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Wednesday 25 Feb 2026 11.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW