-->
മാവേലിക്കര: മക്കള്‍ സമര്‍പ്പിച്ച തിരുമുല്‍ക്കാഴ്‌ചകള്‍ ദര്‍ശിച്ച് ഭക്‌തസഹസ്രങ്ങള്‍ക്ക് അനുഗ്രഹമേകി ചെട്ടികുളങ്ങര ഭഗവതി. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന്റെ ഭാഗമായി പുലര്‍ച്ചെ നാലുമണിയോടെയാണ് ഭഗവതിയുടെ എഴുന്നെള്ളത്ത് ആരംഭിച്ചത്. ക്ഷേത്രത്തിന്റെ നാല് നടകളിലും വേലകളി ദര്‍ശിച്ച ശേഷം 13 കരക്കാര്‍ സമര്‍പ്പിച്ച തിരുമുല്‍ക്കാഴ്‌ചകള്‍ ദര്‍ശിക്കാനായി ഭഗവതി കാഴ്‌ചക്കണ്ടത്തിലെത്തി. തീവെട്ടിയുടെയും കുത്തുവിളക്കിന്റെയും പ്രഭയില്‍ മെഴുവട്ടക്കുട, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ എത്തിയ ഭഗവതിയെ അമ്മേശരണം വിളികളും ആര്‍പ്പുവിളികളും വായ്‌ക്കുരവയുമായി ഭക്‌തര്‍ എതിരേറ്റു. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈതവടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്‌ക്കാവ് കരകളില്‍ നിന്നുള്ള കെട്ടുകാഴ്‌ചകള്‍ക്കു മുന്നിലെത്തി അമ്മ അനുഗ്രഹം ചൊരിഞ്ഞു. കാഴ്‌ചക്കണ്ടത്തിലും ക്ഷേത്രവളപ്പിലുമായി ഭഗവതിയുടെ എഴുന്നെള്ളത്ത് ദര്‍ശിക്കാനായി മണിക്കൂറുകളായി കാത്തുനിന്ന ഭക്‌തര്‍ക്ക് അനുഗ്രഹത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്. അമ്മ ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നെള്ളിയതോടെ കെട്ടുകാഴ്‌ചകളുമായി കരക്കാരും കരകളിലേക്കു മടങ്ങി.
തിങ്കളാഴ്‌ച്ച രാത്രി നടയ്‌ക്കാവ് കരയുടെ കുതിരയും കാഴ്‌ചക്കണ്ടത്തില്‍ അണിനിരന്നതിനു ശേഷം ക്ഷേത്രത്തില്‍ ദീപാരാധന നടന്നു. തുടര്‍ന്ന് കുംഭഭരണി സമ്മേളനത്തില്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രസിഡന്റ് ബി.ഹരികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.