Sunday, March 15, 2026 Last Updated 10 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.30 AM

മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാരുടെ സമരം തുടരുന്നു; രോഗികള്‍ക്ക്‌ ദുരിതമേറി

അമ്പലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ നടക്കുന്ന മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാരുടെ സമരം തുടരുന്നു.
ഒ.പി ബഹിഷ്‌കരണവും അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകളുടെ ബഹിഷ്‌കരണവും അക്കാദമിക ബഹിഷ്‌കരണവും നിരാഹാര സമരവും തുടരുകയാണ്‌. കെ.ജി.എം.സി.ടി.എ പ്രതിനിധികളും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ധനകാര്യമന്ത്രി എന്നിവരും തമ്മില്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. സംഘടന മുന്നോട്ട്‌ വച്ച ആവശ്യങ്ങളില്‍ പ്രധാനമായത്‌ 2016 ജനുവരി മുതലുള്ള ശമ്പള കുടിശിക നല്‍കുക, പ്രവേശന തസ്‌തികയിലെ ശമ്പള അപാകത പരിഹരിക്കുക, പുതിയ മെഡിക്കല്‍ കോളജുകളിലെ ഡോക്‌ടര്‍ തസ്‌തികകളുടെയും അടിസ്‌ഥാന സൗകര്യങ്ങളുടെയും അപര്യാപ്‌തത പരിഹരിക്കുക, പഴയ മെഡിക്കല്‍ കോളജുകളില്‍ രോഗികളുടെ ബാഹുല്യത്തിനനുസരിച്ച്‌ ഡോക്‌ടര്‍മാരുടെ തസ്‌തികള്‍ സൃഷ്‌ടിക്കുക വഴി രോഗി പരിചരണം മെച്ചപ്പെട്ടതാക്കുക, അന്യായമായ പെന്‍ഷന്‍ സീലിങ്‌ ഒഴിവാക്കുക തുടങ്ങിയവയാണ്‌. ഇതില്‍ പ്രവേശന തസ്‌തികയിലെ അപാകതയുമായി ബന്ധപ്പെട്ട വിഷയം മാത്രമേ ഏറെക്കുറേ തൃപ്‌തികരമായ രീതിയില്‍ പരിഹരിച്ചിട്ടുള്ളൂ. ധനമന്ത്രി ഈ മാസം തുടക്കത്തില്‍ പ്രവേശന തസ്‌തികയുടെ കാര്യത്തില്‍ ഇറക്കിയ ഉത്തരവ്‌ സംഘടന സ്വാഗതം ചെയ്യുന്നുവെങ്കിലും ശമ്പള കുടിശിക ഉള്‍പ്പടെ ബാക്കി പ്രധാന ആവശ്യങ്ങളില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ ന്യായമാണെന്ന്‌ മന്ത്രിമാര്‍ അംഗീകരിച്ചു. കോവിഡ്‌ കാലത്തെ ഉള്‍പ്പടെയുള്ള ശമ്പള കുടിശിക സംബന്ധിച്ച കാര്യവും ചര്‍ച്ച ചെയ്‌തു. ഈ വിഷയം ധനകാര്യ മന്ത്രിയുമായി ആലോചിച്ച്‌ തീരുമാനിക്കാമെന്ന്‌ മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്‌. എങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
ആരോഗ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ശമ്പള കുടിശിക നല്‍കാനുള്ള നടപടികള്‍ എടുക്കണമെന്ന്‌ ശക്‌തമായി അഭിപ്രായപ്പെട്ട ആരോഗ്യ മന്ത്രിയുടെ നിലപാടിനെ സംഘടന സ്വാഗതം ചെയ്യുന്നു. ശമ്പള കുടിശിക താമസംവിനാ ലഭ്യമാക്കാനുള്ള നടപടികള്‍ ആരോഗ്യ മന്ത്രാലയവും ധനകാര്യ മന്ത്രാലയവും സ്വീകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. പ്രതിദിനം 4000 രോഗികള്‍ ഒ.പിയില്‍ എത്തിയിരുന്ന കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികളുടെ എണ്ണം 1200 ആയി കുറഞ്ഞിട്ടുണ്ട്‌. ദിവസേന 4500 ഓളം രോഗികള്‍ എത്തിയിരുന്ന തിരുവനന്തപുരം മെഡിക്കല്‍ ഇപ്പോള്‍ 2500 ഓളം രോഗികളെ എത്തുന്നുള്ളൂ. 4000 ത്തോളം രോഗികള്‍ ദിവസേന ഒ.പി യില്‍ എത്തിയിരുന്ന ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആയിരത്തില്‍ താഴെ രോഗികളെ എത്തുന്നുള്ളൂ. മറ്റെല്ലാ മെഡിക്കല്‍ കോളജുകളുടെയും അവസ്‌ഥ ഇതുതന്നെയാണ്‌. അഡ്‌മിഷനുകളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ഒ.പിയില്‍ സീനിയര്‍ ഡോക്‌ടര്‍മാര്‍ ഇല്ലാത്തതിനാല്‍ കാര്യമായ ചികിത്സ വേണ്ട രോഗികള്‍ സ്വകാര്യ ആശുപത്രികളെയും മറ്റും ആശ്രയിക്കുകയാണ്‌. പി.ജി. വിദ്യാര്‍ഥികളാണ്‌ ഇപ്പോള്‍ ഒ.പിയില്‍ താല്‍ക്കാലിക ചികിത്സ നല്‍കുന്നത്‌. അടിയന്തിരമല്ലാത്ത ശസ്‌ത്രക്രിയകള്‍ മാറ്റി വെച്ചതിനാല്‍ രോഗികള്‍ക്ക്‌ വലിയ രീതിയില്‍ ബുദ്ധിമുട്ട്‌ ഉണ്ടായിയിരിക്കുകയാണ്‌. അക്കാദമിക്ക്‌ ബഹിഷ്‌കരണം ബാധിക്കുന്നത്‌ സംസ്‌ഥാനത്തെ ഏറ്റവും മിടുക്കരായ മെറിറ്റ്‌ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവശേനം നേടിയ വിദ്യാര്‍ഥികളെയാണ്‌. സംഘടന ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ എത്രയും വേഗം അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നും അതുവരെ എല്ലാ രീതിയിലുള്ള സമരവും തുടരുമെന്നും സംസ്‌ഥാന പ്രസിഡന്റ്‌ ഡോ. റോസ്‌നാരാ ബീഗം.ടി, ജനറല്‍ സെക്രട്ടറി ഡോ. അരവിന്ദ്‌ സി.എസ്‌ എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 25 Feb 2026 11.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW