Wednesday, March 11, 2026 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 04.46 AM

കര്‍ഷകര്‍ക്ക്‌ ആശ്വാസമായി കാരാപ്പുഴ ഡാമിന്റെ ഇരു കനാലുകളിലൂടെയും ജലവിതരണം ആരംഭിച്ചു

uploads/news/2026/02/827131/1.jpg

അമ്പലവയല്‍: വേനല്‍ കടുത്തതോടെ കനത്ത ആശങ്കയിലായ കര്‍ഷകര്‍ക്ക്‌ ആശ്വാസമായി കാരാപ്പുഴ ഡാമിന്റെ ഇരു കനാലുകളിലൂടെയും ജലവിതരണം ആരംഭിച്ചു. ഇതോടെ കാര്‍ഷിക മേഖലയ്‌ക്ക് വലിയ ഉണര്‍വാണ്‌ ഉണ്ടായിരിക്കുന്നത്‌. ഇരു കനാലുകളിലൂടെയുമായി ഏകദേശം 25 കിലോ മീറ്റര്‍ ദൂരത്തിലാണ്‌ കാരാപ്പുഴ കനാലിലൂടെ വെള്ളമൊത്തുന്നത്‌. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെ തന്നെ ഇത്തവണ കൃഷിയിടത്തിലേക്ക്‌ കനാല്‍ വഴിയുള്ള വെള്ളത്തിന്‌ കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചിരുന്നു.
ഇത്‌ കൂടി കണക്കിലെടുത്താണ്‌ ജലവിതരണം ആരംഭിച്ചത്‌. പാടശേഖര സമിതികള്‍ക്കും കര്‍ഷകര്‍ക്കും ജല വിതരണം ആശ്വാസമായി. കാരാപ്പുഴ ഡാമില്‍ നിന്നുള്ള ജലവിതരണത്തിന്‌ ഉപയോഗിക്കുന്ന ഇടതുകര കനാല്‍ കണിയാമ്പറ്റ വരെയാണുള്ളതെങ്കിലും നിലവില്‍ മടക്കിമല വരെ മാത്രമാണ്‌ ജലവിതരണം. 16.74 കിലോ മീറ്ററുള്ള കനാലിന്റെ, മടക്കിമല കഴിഞ്ഞ്‌ ബാക്കിയുള്ള ഭാഗങ്ങള്‍ നവീകരിക്കരണം നടത്താത്തതിനാലാണ്‌ ജലവിതരണം മുടങ്ങുന്നത്‌. ഇവിടെ പൂര്‍ണമായും ജലവിതരണത്തിനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്‌തമാകുന്നുണ്ട്‌. വലതുകര കനാല്‍ വഴി 8.805 കിലോ മീറ്റര്‍ മീനങ്ങാടി ചെണ്ടക്കുനിക്ക്‌ സമീപം വരെയുമാണ്‌ നിലവില്‍ വെള്ളമെത്തുന്നത്‌. നിലവില്‍ കനാലുകള്‍ വഴി പല ഘട്ടങ്ങളായിട്ടാണ്‌ വെള്ളം തുറന്ന്‌ വിടുന്നത്‌. വേനല്‍ കനക്കുകയാണെങ്കില്‍ കൂടുതല്‍ വെള്ളം ആവശ്യമായി വരുമെന്നാണ്‌ കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും നിലപാട്‌.
ചിലയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ ലഭിച്ചത്‌ ചെറിയ ആശ്വാസമായിട്ടുണ്ടെങ്കിലും താപനില ഉയരുന്നത്‌ കാര്‍ഷിക മേഖലയെ കാര്യമായി ബാധിക്കുമെന്നാണ്‌ വിലയിരുത്തല്‍. ഡിസംബര്‍ മുതല്‍ കനാലുകളിലെ കാടുകളും ചെളിയും നീക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ ആരംഭിച്ച്‌ വെള്ളം തുറന്ന്‌ വിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇത്‌ പൂര്‍ത്തിയായതിനു ശേഷമാണ്‌ ജലവിതരണം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്‌. വേനല്‍ ശക്‌തമാകുന്ന മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ അളവില്‍ ജലവിതരണം നടത്തേണ്ടി വരുമെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌.

Ads by Google
Advertisement
Wednesday 25 Feb 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW