-->
താനൂര്‍: സംസ്‌ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സ്‌ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി താനൂര്‍ നഗരസഭ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. താനൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് ധര്‍ണ നടത്തി. താനൂര്‍ നഗരസഭയില്‍ ഇതുവരെ 5563 പേരാണ് പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹരായത്. സ്‌ത്രീ സുരക്ഷ പെന്‍ഷന് അര്‍ഹരായവരുടെ രേഖകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനോ ഇവരുടെ ആദ്യ ഗഡുവായ ആയിരം രൂപ ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഇതുവരെ ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത്.
സമീപ പഞ്ചായത്തുകളില്‍ ആയിരം രൂപ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ സമരം രൂക്ഷമാക്കുമെന്നും സമരക്കാര്‍ പറഞ്ഞു. ബസ്‌റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് നഗരം ചുറ്റി നഗരസഭ കാര്യാലയത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ സി.പി.എം. താനൂര്‍ ഏരിയ സെക്രട്ടറി സമ്മദ് താനാളൂര്‍ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ കൗണ്‍സിലര്‍ സുചിത്ര സന്തോഷ് അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ ലാമിഹ് റഹ്‌മാന്‍, സുഹൈബ്, ജാസ്‌മിന്‍ ഖാദര്‍, സി.പി.എം. ഏരിയ കമ്മിറ്റിയംഗം കെ.ടി. ശശി, എല്‍.ഡി.എഫ്. നേതാക്കളായ ഹംസു മേപ്പുറത്ത്, എ.കെ. സിറാജ്, ഫസല്‍ താനൂര്‍, അമീര്‍ താനൂര്‍, സി.പി.എം. നേതാക്കളായ സി.പി. അശോകന്‍, കെ.പി. രാധ, സുലൈഖ, കെ.പി. സൈനുദ്ദീന്‍ പ്രസംഗിച്ചു. പ്രകടനത്തിന് പി. സുന്ദരന്‍, ടി. ദിനേശന്‍, പി.ടി. അക്‌ബര്‍, പി. രാജഗോപാല്‍, നൗഷാദ്, യു.എന്‍. കാദര്‍ നേതൃത്വം നല്‍കി. എം. അനില്‍കുമാര്‍ സ്വാഗതവും പി. അജയന്‍ നന്ദിയും പറഞ്ഞു.