-->
കോഴിക്കോട്: വലിയങ്ങാടിയിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ സണ്‍ഷേഡ് കോണ്‍ക്രീറ്റ് തകര്‍ന്ന് വീണ് നാല് പേര്‍ മരണപ്പെടാനിയായ സംഭവത്തില്‍ പ്രതിഷേധം ശക്‌തമാക്കി. പ്രതിപക്ഷം. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫിസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച സംഭവത്തില്‍ 25 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നല്‍കണമെന്നും മേയര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി.
കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് ഇരച്ച് കയറിയ യു.ഡി.എഫ് കൗണ്‍സിലര്‍മാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. നഗരസഭയുടെ അനാസ്‌ഥ ആരോപിച്ച് ഇന്നലെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ നൈറ്റ് മാര്‍ച്ചും സംഘടിപ്പിച്ചു. മുതലക്കുളത്ത് നിന്ന് ആരംഭിച്ച ബി.ജെ.പി.യുടെ കോര്‍പ്പറേഷന്‍ മാര്‍ച്ച് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ്‌ബാബു ഉദ്‌ഘാടനം ചെയ്‌തു. കാലപ്പഴക്കമുണ്ടെന്നും അണ്‍ഫിറ്റാണെന്നും റിപ്പോര്‍ട്ട് ചെയ്പ്പെയട്ട കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാത്തത് കോര്‍പ്പറേഷന്റെ അനാസ്‌ഥയാണ്. രണ്ടാഴ്‌ച മുമ്പ് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ കെട്ടിടങ്ങളുടെ ശോച്യാവസ്‌ഥ ശ്രദ്ധയില്‍പ്പെടുത്തിയതാണ്.
എന്നാല്‍ മേയര്‍ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് നല്‍കിയത്. അനധികൃത കെട്ടിടങ്ങള്‍ക്ക് അടിയന്തര യോഗം ചേര്‍ന്ന് പ്രവര്‍ത്തനാനുമതി നല്‍കുന്ന ഭരണകൂടമാണ് കോഴിക്കോടുള്ളത്. മരിച്ചവര്‍ക്ക് നീതി ലഭിക്കുന്നത് വരെ ബി.ജെ.പി. പോരാടും അദ്ദേഹം പറഞ്ഞു. കിട്ടാവുന്നിടത്തോളം ലൈസന്‍സ് ഫീസും വാടകയും വസൂലാക്കാനുള്ള താല്‍പര്യം മാത്രമാണ് കോര്‍പ്പറേഷനുള്ളതെന്ന് മഹിളാമോര്‍ച്ച സംസ്‌ഥാന പ്രസിഡന്റും കൗണ്‍സിലറുമായ നവ്യഹരിദാസ് പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എം.സുരേഷ്, കൗണ്‍സിലര്‍ മാരായ നമ്പിടി നാരായണന്‍, ഷിനു പിണ്ണാണത്ത്, ടി. റെനീഷ്, സരിത പറയേരി, ഇന്ദിര കൃഷ്‌ണന്‍, ബിന്ദു ഉദയകുമാര്‍, കെ.പി.അനില്‍കുമാര്‍, ശ്രീജ.സി. നായര്‍, എന്‍.ശിവ പ്രസാദ്, പി.ഹരീഷ് കുമാര്‍, ബി.ജെ.പി. നേതാക്കളായ എം.ജഗന്നാഥന്‍, ബിജിത്ത് ചെറോട്ട്, കെ.സി.വല്‍സരാജ്, അക്ഷയ് തക്രാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദുരന്തത്തെ പ്രതിപക്ഷം രാഷ്ര്‌ടീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്ന് മേയര്‍ ഒ. സദാശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടഭീഷണി നിലനില്‍ക്കുന്ന പാളയം മാര്‍ക്കറ്റ് ഒഴിയുന്ന കാര്യത്തില്‍ പ്രതിപക്ഷം എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്‌തമാക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ബഹളം വെക്കുകയും ചെയ്യുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് തൊഴിലാളികള്‍ മരിക്കാനിടയായ ദാരുണ സംഭവത്തെക്കുറിച്ച് കോര്‍പറേഷന്‍ സെക്രട്ടറിയും ജില്ലാ കലക്‌ടറും അടിയന്തരമായി അന്വേഷണം നടത്തി ഒരാഴ്‌ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദ്ദേശിച്ചു. ജില്ലാ കലക്‌ടര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ബന്ധപ്പെട്ട വകുപ്പുകള്‍ക്കും അതോറിറ്റികള്‍ക്കും നിര്‍ദ്ദേശം അടിയന്തരമായി കൈമാറണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ഉത്തരവ്. വലിയങ്ങാടിയില്‍ ദുരന്തമുണ്ടായ സ്‌ഥലം കെ.ബൈജുനാഥ് സന്ദര്‍ശിച്ചു.
അപകടത്തില്‍ മരണപ്പെട്ടവരോടുള്ള ആദരസൂചകമായി വലിയങ്ങാടി മേഖലയില്‍ ഇന്നലെ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. അപകടത്തില്‍ മരണമടഞ്ഞ കിണാശേരി ബൈത്തുല്‍ഹുദ ജബ്ബാര്‍(58), അത്തോളി കൊളക്കാട് കൊടുവമ്പത്ത് താഴെകുനി അഷ്‌റഫ് (57) അത്തോളി കൊങ്ങന്നൂര്‍ മല്ലിശേരിതാഴെ ബഷീര്‍(64), തിരുവങ്ങൂര്‍ സ്വദേശി വിനോദ്(55) എന്നിവര്‍ക്കും നഗരം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാണ് നല്‍കിയത്.