-->
ഇടമുറി: റോഡരികില്‍ നില്‍ക്കുന്ന പെരുമരങ്ങളില്‍നിന്ന് പുഴുശല്യം വര്‍ധിക്കുന്നത് യാത്രക്കാര്‍ക്കു ഭീഷണിയാകുന്നു. ഇടമുറി റബര്‍ ബോര്‍ഡ് പരീക്ഷണ തോട്ടത്തിലെ പെരുമരങ്ങളാണ് പുഴുശല്യം മൂലം നാട്ടുകാര്‍ പൊല്ലാപ്പിലാകുന്നത്. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡില്‍ തോമ്പിക്കണ്ടം മുതല്‍ ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് സമീപം വരെ യാത്ര ദുഷ്‌ക്കരമായിരിക്കുകയാണ്.
മരത്തില്‍ നിന്നും പുഴുക്കള്‍ കൂട്ടത്തോടെ റോഡിലേക്കും യാത്രക്കാരുടെ ശരീരത്തേക്കും വീഴുന്നത് പതിവായതോടെ ഈ വഴി നടന്നുപോകാന്‍ പോലും കഴിയാത്ത അവസ്‌ഥയിലാണ് നാട്ടുകാര്‍.
സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികളാണ് പ്രധാനമായും ഇതിന്റെ ഇരകളാകുന്നത്. പുഴുക്കള്‍ ദേഹത്ത് വീണ് ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നത് കുട്ടികളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. തോമ്പിക്കണ്ടം-ഇടമുറി റോഡിലൂടെ പോകുന്ന കാല്‍നടയാത്രക്കാര്‍ പുഴുക്കള്‍ ദേഹത്ത് വീഴാതിരിക്കാന്‍ കുടചൂടി നടക്കേണ്ട അവസ്‌ഥയിലാണ്. പുഴുക്കളുടെ ശല്യം കാരണം അലര്‍ജിയും മറ്റ് ചര്‍മ്മരോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരത്തി ല്‍ നിന്ന് പുഴുക്കള്‍ താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. കുട്ടികള്‍ പേടിച്ചാണ് ഈ വഴി നടക്കുന്നത്. അധികൃതര്‍ എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
റബ്ബര്‍ ബോര്‍ഡ് അധികൃതരോ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളോ ഇടപെട്ട് മരത്തിലെ പുഴുക്കളെ നശിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യപ്പെടുന്നു. മഴ ശക്‌തമാകുന്നതിനു മുന്‍പ് പ്രതിവിധി ഉണ്ടായില്ലെങ്കില്‍ ശല്യം ഇനിയും വര്‍ധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.