-->
ഇലന്തൂര്‍: പടയണിപ്രിയയായ ഇലന്തൂര്‍ക്കാവിലമ്മയ്‌ക്കു മുമ്പില്‍ ചൂട്ടുതെളിഞ്ഞ് ജീവതാളം മുഴക്കിയതോടെ ഇലന്തൂരിന് ഇനി പടയണിക്കാലം. തിങ്കളാഴ്‌ച രാത്രി ക്ഷേത്ര ചടങ്ങുകള്‍ക്കുശേഷം ഭഗവതിക്കു മുമ്പിലെ വിളക്കില്‍ നിന്ന് ക്ഷേത്ര മേല്‍ശാന്തി നാരയണമംഗലത്തില്ലം ഹരികൃഷ്‌ണന്‍പോറ്റി ചൂട്ട്‌കറ്റയിലേക്ക് ദീപം പകര്‍ന്നു. പടയണി ആശാന്‍ ഇട്ടിമാടത്ത് കിഴക്കേതില്‍ ദിലീപ് കുമാര്‍ ഏറ്റുവാങ്ങി. കരവാസികള്‍ ആര്‍പ്പും കുരവയുമായി ക്ഷേത്രത്തിന് വലംവെച്ച് കാവുണര്‍ത്തി പടയണികളത്തിന്റെ കന്നി കോണില്‍ എത്തിയശേഷം 'കരക്കാരെ മുറിക്കാരെ പടയണിക്ക് ചൂട്ട് വെച്ചോട്ടെ' എന്ന് മൂന്നുപ്രാവശ്യം വിളിച്ചുചോദിച്ച് കരക്കാരുടെ അനുമതിയോടെ ചൂട്ടുവയ്‌ക്കുകയും തുടര്‍ന്ന് പച്ചത്തപ്പില്‍ ജീവ കൊട്ടുകയും ചെയ്‌തതോടെ ചടങ്ങുകള്‍ പൂര്‍ണമായി.
ഇനിയുമുള്ള മൂന്നുദിവസം കാവുണര്‍ത്തി പച്ചത്തപ്പില്‍ ജീവ കൊട്ടുന്ന ചടങ്ങ് നടക്കും. നാലാം ദിവസം തപ്പ് കാച്ചി കൊട്ടുന്നതോടെ പടയണി ചടങ്ങുകള്‍ തുടക്കം കുറിക്കും. തുടര്‍ന്ന് കരപ്പുറങ്ങളില്‍ ഒരുക്കിയിരിക്കുന്ന കോലപുരകളില്‍ നിന്ന് കോലങ്ങളുടെ വരവാകും.