-->
അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറിയതോടെ കൊടിക്കീഴില്‍ പറയിടാന്‍ തിരക്കേറി. മഹാദേവന് കൊടിക്കീഴില്‍ പറ സമര്‍പ്പിക്കുന്നതിനായി വിവിധ ദേശങ്ങളില്‍ നിന്നുപോലും ഭക്‌തര്‍ എത്താറുണ്ട്. മഹാദേവ പ്രീതിക്കായി ഭക്‌തര്‍ നടത്തുന്ന വഴിപാടുകളിലൊന്നാണിത്. മുഴുപ്പറ(നെല്ല്), തൂണിപ്പറ, അരിമുഴുപ്പറ, അന്‍പൊലി മുഴുപ്പറ, കല്‍ക്കണ്ടം പറ, പഞ്ചസാരപ്പറ, മഞ്ഞള്‍ മുഴുപ്പറ, ചെറുപയര്‍ പറ, രുദ്രാക്ഷപ്പറ, അവില്‍ പറ, ശര്‍ക്കരപ്പറ, മലര്‍ പറ, എള്ളുപറ എന്നിങ്ങനെ വഴിപാടായി ഭക്‌തര്‍ക്കു സമര്‍പ്പിക്കാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പറ വഴിപാട് നടക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രം. ഭക്‌തരുടെ ഭവനങ്ങളില്‍ നടക്കുന്ന പറയെടുപ്പിനോളം പ്രാധാന്യം ഇതിനുമുണ്ട്.
കേരളത്തില്‍ തന്നെ ഭവന സന്ദര്‍ശനം നടത്തി ഏറ്റവും കൂടുതല്‍ പറ വഴിപാട് സ്വീകരിക്കുന്ന ക്ഷേത്രമാണിത്. ഇരട്ട ജീവിതയിലേറി മഹാദേവന്‍ കുത്തുവിളക്കിന്റെയും മേളത്തിന്റെയും അകമ്പടിയോടെ ഭക്‌തരുടെ വീടുകളില്‍ എത്തി പറ സ്വീകരിച്ച് അനുഗ്രഹം ചൊരിയുന്നു. മകരമാസത്തിലെ ചതയം നാളില്‍ ആരംഭിച്ച് ഒരു മാസത്തോളം നീളുന്ന ആഘോഷമാണിത്.
ആചാരപ്രകാരം ആദ്യത്തെ പറയെടുപ്പ് കുറ്റിവിള കൊട്ടാരത്തിലും തുടര്‍ന്ന് മുണ്ടപ്പള്ളി താമരശേരി മഠം വകയായുള്ള പറയും സ്വീകരിച്ച ശേഷം പത്ത് കരകളിലും സമീപദേശങ്ങളിലും ദേശദേവന്‍ എഴുന്നള്ളും.