-->
കോട്ടയം: കടല്‍വിഭവങ്ങള്‍ക്കു പിന്നാലെ പഫ്‌സ്, ഫ്രിഡ്‌ജിലെ ഭക്ഷണം എന്നിവയില്‍നിന്നുള്ള ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മരണങ്ങളുണ്ടാകുമ്പോള്‍ ജില്ലയിലും ജാഗ്രത വേണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം കൊച്ചിയിലാണു പഫ്‌സ് കഴിക്കവേ യുവാവ് കുഴഞ്ഞുവീണു മരിച്ചത്. ഫ്രിഡ്‌ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നു കുട്ടി മരിച്ചതും കഴിഞ്ഞ ദിവസങ്ങളിലാണ്.
ഹോട്ടല്‍ വിഭവങ്ങള്‍ എന്നതുപോലെ ബേക്കറി ഉത്‌പന്നങ്ങളുടെ നിര്‍മാണത്തിലും ശ്രദ്ധ വേണ്ട സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ജില്ലയില്‍ ചെറിയ കവലകള്‍ മുതല്‍ നഗരങ്ങളില്‍ വരെ ബേക്കറികള്‍ ഏറെയുണ്ട്. ബേക്കറി വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുമാണ്. ഭൂരിഭാഗവും ശുചിത്വം പാലിച്ച്‌് ഭക്ഷണ സാധനങ്ങളുണ്ടാക്കി വില്‍ക്കുന്നവരാണെങ്കില്‍, ന്യൂനപക്ഷം യാതൊരു ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാതെ ഉത്‌പന്നങ്ങള്‍ പാചകം ചെയ്‌തു വില്‍ക്കുന്നതായി പരാതിയുണ്ട്.
ബേക്കറികളിലെ ഇനങ്ങളില്‍ ആവശ്യക്കാരേറെയും ഇറച്ചി അടങ്ങിയ വിഭവങ്ങളാണ്. പഫ്‌സ്, സമൂസ, കട്‌ലറ്റ്, റോള്‍, ബര്‍ഗര്‍, സാന്‍ഡ്‌വിച്ച് എന്നിങ്ങനെ നിരവധി വിഭവങ്ങളാണ് ഇത്തരത്തില്‍ ബേക്കറികളിലുണ്ട്. ഈ ഉത്‌പന്നങ്ങളിലെല്ലാം ഇറച്ചി അരച്ചു ചേര്‍ത്ത് ഉപയോഗിക്കുന്നതിനാല്‍ ഇറച്ചിയുടെ ഗുണമേന്മ സംബന്ധിച്ച് ഉപയോക്‌താക്കള്‍ക്ക് യാതൊരു അറിവുമുണ്ടാകില്ല.
ഇറച്ചി വേവിച്ച് അരച്ചു മസാലയും ചേര്‍ത്തു കഴിഞ്ഞാല്‍ അറിയാനേ കഴിയില്ല. ഇത്തരം വിഭവങ്ങളുടെ പാചകത്തിനായി സുനാമി ഇറച്ചി, മൃഗങ്ങളുടെ ഉപയോഗ യോഗ്യമല്ലാത്ത പാര്‍ട്‌സുകളിലെ ഇറച്ചി എന്നിവയൊക്കെ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. പല ബേക്കറികളിലേക്കും വേസ്‌റ്റ് അടങ്ങിയ ഇറച്ചിയാണ് മേടിക്കുക.സ്വന്തമായി ബോര്‍മകളുള്ള ബേക്കറികളെല്ലാം ഗുണനിലവാരമുള്ള ഇറച്ചിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, പല ബേക്കറികളിലേക്കു വിഭവങ്ങള്‍ വിതരണം ചെയ്യുന്ന പല ബോര്‍മകളിലും ഇത്തരത്തില്‍ മോശം ഇറച്ചി ഉപയോഗിക്കുന്നതായാണ് ആക്ഷേപം. ഏതാനും വര്‍ഷം കോട്ടയം നഗരത്തിനു സമീപത്തെ ബോര്‍മയില്‍ നിന്ന് ഇത്തരത്തില്‍ പഴകിയ ഇറച്ചി പിടികൂടിയിരുന്നു. ബസ് സ്‌റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ തിരക്കേറിയ സ്‌ഥലങ്ങളിലെ ബേക്കറികളില്‍ നിന്നു സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്ന പലര്‍ക്കും ഭക്ഷ്യ വിഷബാധയുണ്ടാകാറുണ്ട്. എന്നാല്‍ പരാതി പറയാന്‍ മടിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു.