Sunday, March 15, 2026 Last Updated 18 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.28 AM

ദേശീയ സേവാഭാരതിയുടെ തണലില്‍ ഗോപികയ്‌ക്കും ജ്യോതികയ്‌ക്കും വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായി

uploads/news/2026/02/826990/4.jpg

കോട്ടയം: ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേര്‍ന്ന്‌ സേവാഭാരതി നിര്‍മ്മിച്ചു നല്‌കിയ വീടിന്റെ താക്കോല്‍ കേന്ദ്രമന്ത്രി ജോര്‍ജ്‌ കുര്യനില്‍നിന്നും ഏറ്റുവാങ്ങുമ്പോള്‍ ജ്യോതിക വിശ്വനാഥ്‌ എന്ന കുട്ടിയുടെ ഹൃദയം വിങ്ങുകയായിരുന്നു. കയറിക്കിടക്കുവാന്‍ സുരക്ഷിതമായി സ്വന്തമായി ഒരു വീടു കിട്ടിയതിന്റെ സന്തോഷമായിരുന്നു ആ വിങ്ങലില്‍ ഒതുക്കിയത്‌.
അച്‌ഛന്‍ വിശ്വനാഥന്റെ സ്വപ്‌നമായിരുന്നു തന്റെ രണ്ടു പെണ്‍മക്കള്‍ക്കു സുരക്ഷിതമായി കഴിയുവാന്‍ അടച്ചുറപ്പുള്ള ഒരു വീടു നിര്‍മ്മിക്കുകയെന്നത്‌. എന്നാല്‍ കാന്‍സര്‍ രോഗം പിടിപെട്ട്‌ അദ്ദേഹം മരിക്കുമ്പോള്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിഞ്ഞില്ല. അധികനാള്‍ കഴിയും മുമ്പേ താമസിച്ചിരുന്ന ഓടിട്ട വീട്‌ നിലംപൊത്തി. അതോടെ അമ്മയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബം നിരാലംബരായി.
ഈ സമയം നാട്ടിലെ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ അവര്‍ക്ക്‌ താങ്ങും തണലുമായി രംഗത്തു വന്നു. ഈ കുടുംബത്തിനു സുരക്ഷിതമായി കിടന്നുറങ്ങുവാന്‍ ഒരു വീടു ലഭിക്കുന്ന കാര്യത്തെക്കുറിച്ചു ദേശീയ സേവാഭാരതിയുമായി കൂടിയാലോചിച്ചു.
അങ്ങനെ സേവാഭാരതിയുടെ കണക്കു പുസ്‌തകത്തില്‍ ജ്യോതികയുടെയും ഗോപികയുടെയും പേരും എഴുതി ചേര്‍ക്കപ്പെട്ടു.
വീട്‌ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പിന്നീട്‌ അധികകാലം വേണ്ടിവന്നില്ല. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ഇക്കാര്യത്തില്‍ സേവാഭാരതിയുമായി കൈകോര്‍ത്തു. അങ്ങനെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌ത് ഇന്നലെ രണ്ടു കിടപ്പുമുറികളും, ഹാളും, അടുക്കളയും വരാന്തയും ശുചിമുറിയും അടങ്ങുന്ന വീടിന്റെ ഗൃഹപ്രവേശവും നടന്നു.
നിരവധിയാളുകളുടെ കൂട്ടായ പരിശ്രമമാണ്‌ ഈ സത്‌കര്‍മ്മത്തിനു കാരണമായതെന്നും ഈ രീതിയിലുള്ള പ്രവര്‍ത്തനം സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച്‌ കേന്ദ്രമന്ത്രി ജോര്‍ജ്‌ കുര്യന്‍ പറഞ്ഞു. സമര്‍പ്പണ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ്‌ സേവാഭാരതി ചെയ്യുന്നതെന്നും ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹായഹസ്‌തം അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടുമുറ്റത്ത്‌ അദ്ദേഹം ഫലവൃക്ഷത്തൈയും നട്ടു.
സേവാഭാരതി അയ്‌മനം യൂണിറ്റ്‌ പ്രസിഡന്റ്‌ അനിത മധു അധ്യക്ഷയായി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ഡോ. ജയലക്ഷ്‌മി അമ്മാള്‍ മംഗളപത്ര സമര്‍പ്പണം നടത്തി.
ആര്‍.എസ്‌.എസ്‌ സക്ഷിണ കേരളം പ്രാന്തീയ കാര്യകാരി അംഗം എന്‍ ശങ്കര്‍ റാം സേവാ സന്ദേശം നല്‌കി. അയ്‌മനം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അനു ശിവപ്രസാദ്‌്, 20-ാം വാര്‍ഡ്‌ അംഗം വൈഷ്‌ണവി സി.എസ്‌, മൈത്രീ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌് ലക്ഷ്‌മീ നാരായണന്‍, സേവാഭാരതി അയ്‌മനം യൂണിറ്റ്‌ സെക്രട്ടറി മഹേഷ്‌ പി.കെ, ട്രഷറര്‍ പി.എസ്‌ മുരളീധര്‍ എന്നിവര്‍ പ്രസംഗിച്ചു. കര്‍ണാടക സംഗീതജ്‌ഞ മാതംഗി സത്യമൂര്‍ത്തി ഈശ്വര പ്രാര്‍ത്ഥനയും കുടുംബനാഥ ടി.കെ സുശീല മറുപടി പ്രസംഗവും നടത്തി.

Ads by Google
Advertisement
Tuesday 24 Feb 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW