-->
അടിമാലി: പാമ്പുശല്യത്തിന്റെ പേടിയില്‍ അംഗന്‍വാടി കുട്ടികളും രക്ഷിതാക്കളും. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട തോക്കുപാറയില്‍ പ്രവര്‍ത്തിക്കുന്ന 47-ാം നമ്പര്‍ അംഗന്‍വാടി പരിസരത്താണ് പാമ്പ് ശല്യം രൂക്ഷമായത്. പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിലാണ് ഇവിടെ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്.
18 കുട്ടികള്‍ പഠിക്കുന്ന ഇവിടുത്തെ അധ്യാപികയ്‌ക്ക് ബി.എല്‍.ഒയുടെ ചുമതലയുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇതുമൂലം ഒരു ജീവനക്കാരി മാത്രമാണ് മിക്കവാറും ദിവസങ്ങളില്‍ ഇവിടെ ഉണ്ടാവുക. സമീപത്തെ തോട്ടില്‍നിന്നും കാടുമുടിയ പ്രദേശത്തുനിന്നും പാമ്പുകളും മറ്റ് ഇഴജന്തുക്കളും ഇവിടെ എത്തുന്നത് പതിവാണ്.
പാമ്പുശല്യം രൂക്ഷമായതോടെ വനംവകുപ്പ് അധികൃതരെ അറിയിച്ചു. മതില്‍ പൊളിച്ചു മാറ്റണമെന്നാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞതെന്ന് രക്ഷിതാ ക്കള്‍ പറയുന്നു. പാമ്പിനെ പിടിക്കാന്‍ മതില്‍ പൊളിച്ചാല്‍ പുതുക്കി പണിയുന്നതിന് ഫണ്ട് ഇല്ലെന്നും പഞ്ചായത്ത് അധികൃതരും പറഞ്ഞുവത്രേ.
പ്രാഥമിക ആവശ്യങ്ങ ള്‍ക്ക് പോലും കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ ഭയമാണ്. ഒരേസമയം രണ്ടു പാമ്പുകള്‍ ഇണകൂടുന്ന നിലയില്‍ കണ്ടെത്തിയിരുന്നു.
പാമ്പുകളെ കണ്ടെത്തിയതോടെ കുട്ടികള്‍ ഭീതിയിലായി. വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ എത്തിയെങ്കിലും പാമ്പിനെ പിടികൂടാന്‍ ആയില്ല. വലവിരിച്ച ഉദ്യോഗസ്‌ഥര്‍ തിരികെ പോയതിനുശേഷം പാമ്പുകള്‍ വീണ്ടും അംഗന്‍വാടി പരിസരത്തെത്തി. ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ഹെല്‍ത്ത് സെന്ററും സമീപത്തായി മൃഗാശുപത്രിയും പ്രവര്‍ത്തിക്കുന്നത്.
കുരുന്നുകള്‍ പഠിക്കുന്ന അംഗന്‍വാടിയില്‍ പാമ്പിന്റെ ശല്യം രൂക്ഷമായതോടെ പരാതി അറിയിച്ച് ദിവസങ്ങള്‍ കഴിഞ്ഞശേഷവും ഫലപ്രദമായി നടപടിയില്ലെന്ന പരാതിയുമായാണ് രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുള്ളത്. ഈ മാസം ആറാംതീയതി പഞ്ചായത്ത് മെമ്പറെ വിവരമറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.