-->
കട്ടപ്പന: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള റവന്യു അവാര്‍ഡ് കട്ടപ്പന വില്ലേജ് ഓഫീസിന്. വില്ലേജ് ഓഫീസറായ പി.സി. ജയന്റെയും വകുപ്പ് ഉദ്യോഗസ്‌ഥരുടെയും കൂട്ടായ പരിശ്രമമാണ് പുരസ്‌കാരം നേടാന്‍ കാരണമായത്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങും.
സര്‍ക്കാര്‍ ഓഫീസുകള്‍ എന്നു കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്നത് കെട്ടികിടക്കുന്ന ഫയലുകളും നീണ്ട കാത്തിരിപ്പുകളുമാണ്. എന്നാല്‍ ഈ കാഴ്‌ചപ്പാടുകളെയെല്ലാം തിരുത്തികുറിക്കുന്ന കാഴ്‌ചകളാണ് കട്ടപ്പന വില്ലേജ് ഓഫീസിലെത്തിയാല്‍ കാണാന്‍ സാധിക്കുന്നത്. കൃത്യനിഷ്‌ഠയാര്‍ന്ന പ്രവര്‍ത്തനം, സുതാര്യമായ ഇടപെടലുകള്‍, ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍, സര്‍ക്കാര്‍ ഭൂമി സംരക്ഷണം, തെരഞ്ഞെടുപ്പ്, സെന്‍സസ് എന്നിവയുടെ സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍, റവന്യു റിക്കവറി കളക്ഷന്‍, ദൂനികുതി പിരിവ്, പോക്കുവരവ്, പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ലഭിക്കേണ്ട സേവനങ്ങള്‍ മുഴുവന്‍ കാലതാമസം വരുത്താതെ ജനങ്ങളില്‍ എത്തിക്കല്‍ എന്നിവയെല്ലാമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനവും ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെ വേഗതയുമാണ് അവാര്‍ഡ് നേടാന്‍ സാധിച്ചതെന്നാണ് വില്ലേജ് ഓഫീസര്‍ ജയന്‍ പറയുന്നത്. സ്‌മാര്‍ട്ട് വില്ലേജ് ഓഫീസ് എന്ന പദവിയിലേയ്‌ക്ക് മാറിയതോടെ സേവനങ്ങളെല്ലാം വിരല്‍ത്തുമ്പിലായി.
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് റവന്യൂ അവാര്‍ഡ് കട്ടപ്പനയെ തേടിയെത്തുന്നത്. ജയ്‌സണ്‍ ജെ. ഒഴുകയില്‍, അമ്പിളി പി. മോഹനന്‍, എം.ജെ ജോര്‍ജുകുട്ടി എന്നിവര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
2010-ലെ സെന്‍സസിനോടനുബന്ധിച്ച് മികച്ച പ്രകടനം കാഴ്‌ചവച്ചതിന് രാഷ്‌ട്രപതി യുടെ അവാര്‍ഡിന് നേടിയ ആളാണ് പി.സി. ജയന്‍. ലാന്റ് റവന്യു കമ്മീഷണറേറ്റിലെ വിവിധ സെക്ഷനുകളില്‍നിന്ന് ലീസ്, ആര്‍.ആര്‍ കലക്ഷന്‍, പട്ടയ കണക്കുകള്‍, എല്‍.ടി പട്ടയത്തിന്റെ കണക്കുകള്‍ എന്നിവയും ഐ.ടി. സെല്ലില്‍നിന്ന് വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ കണക്കും
ശേഖരിച്ച് ലാന്റ് റവന്യൂ കമ്മിഷണറുടെ നേതൃത്വത്തില്‍ ക്രോസ് വെരിഫിക്കേഷന്‍ നടത്തി മാര്‍ക്ക് ഷീറ്റ് തയാാറാക്കിയാണ് അവര്‍ഡ് നല്‍കുന്നത്.
സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ സി.ആര്‍ റെജി, പ്രവീണ പി. സോമന്‍, കെ.കെ. സുനില്‍, വില്ലേജ് അസിസ്‌റ്റന്റ് രവികുമാര്‍, ടൈപ്പിസ്‌റ്റ് ശ്രീജേഷ്, വില്ലേജ് ഫീല്‍ഡ് അസിസ്‌റ്റന്റ്‌മാരായ ആശമോള്‍, രാജേഷ്, ഓഫീസ് അസിസ്‌റ്റന്‍ഡ്‌മാരായ ലിറ്റില്‍ തെരേസ്, അനന്തകൃഷ്‌ണന്‍, ജീവനക്കാരിയായ മിനി എന്നിവരാണ് മറ്റ് ജീവനക്കാര്‍.