-->
ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ നടന്ന കൂട്ടത്തല്ലില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായി ഇടുക്കി സി.ഐ. പറഞ്ഞു. പ്രസിഡന്റ് ആന്‍സി തോമസിന്റെ വസ്‌ത്രം കീറുകയും മര്‍ദിക്കുകയും ചെയ്‌ത പ്രതിപക്ഷ മെമ്പര്‍ സിജി ചാക്കോയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കു ന്നതെങ്കിലും സ്‌റ്റേഷന്‍ ജാമ്യം നല്‍കുമെന്നും സി.ഐ പറഞ്ഞു.
പ്രസിഡന്റ് ആന്‍സി തോമസിനേയും വൈസ് പ്രസിഡന്റ് സെലിന്‍ വിന്‍സന്റിനേയും കൈയേറ്റം ചെയ്‌തതതിന് മുന്‍ പ്രസിഡന്റ് പ്രഭാ തങ്കച്ചനെതിരെയും കേസെടുത്തു. പ്രതിപക്ഷ മെമ്പര്‍മാരായ പ്രഭാ തങ്കച്ചനേയും സിജി ചാക്കോയേയും കൈ കൊണ്ട് മര്‍ദിക്കുകയും ആക്രമിക്കുകയും ചെയ്‌ത കേസില്‍ ആന്‍സി തോമസിനെതിരെയും സെലിന്‍ വിന്‍സെന്റിനെതിരേയും കേസെടുത്തതായി സി.ഐ. പറഞ്ഞു. ഒരു മാസമായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പ്രോജക്‌ടുകള്‍ വെട്ടിക്കുറച്ചതിനെതിരെ കമ്മറ്റിയില്‍ സ്‌ഥിരമായി തര്‍ക്കങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച നടന്ന കമ്മറ്റിയിലാണ് വാക്കേറ്റം കൈയാങ്കളിയിലെത്തിയത്. കമ്മറ്റി ആരംഭിക്കുന്നതിനു മുമ്പേ പരസ്‌പരം വാക്കേറ്റം തുടങ്ങി. കമ്മറ്റി നടത്താന്‍ തടസം നില്‍ക്കുന്നവര്‍ പുറത്തു പോകണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷ മെമ്പറായ സിജി ചാക്കോ പ്രസിഡന്റിന്റെ സാരിയില്‍ വലിക്കുകയും മുഖത്തടിക്കുകയുമായിരുന്നെന്ന് പ്രസിഡന്റ് പരാതിയില്‍ പറഞ്ഞു. കേസ് ദുര്‍ബലപ്പെടുത്താന്‍ ഇടുക്കി പോലീസ് ശ്രമിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. ഇതിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് പരാതി നല്‍കുമെന്നും നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. സിജി ചാക്കോ ജോലി ചെയ്യുന്ന സ്വകാര്യ സ്‌കൂള്‍ മേധാവിക്കും പരാതി നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു. പദ്ധതി രൂപീകരണത്തിന് സമയം കഴിയു ന്നതിനാല്‍ ഇന്ന് കമ്മിറ്റി ചേരുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് പ്രശ്‌നങ്ങളുണ്ടായാല്‍ 15-ല്‍ 10 പേരുടെ പിന്തുണയുള്ള യു.ഡി.എഫ.് കമ്മറ്റി ഒറ്റക്കെട്ടായി നേരിടുമെന്നും പ്രസിഡന്റ് പറഞ്ഞു.