-->
തൊടുപുഴ: ഒളമറ്റം അറക്കപ്പാറയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് 39 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായി.
കരിമണ്ണൂര്‍ സ്വദേശിയായ ഇടനേക്കല്‍ വീട്ടില്‍ ഹാരിസ് (31), കുമാരമംഗലം മൈലക്കൊമ്പ് കണ്ണിറ്റില്‍ വീട്ടില്‍ തോംസണ്‍ ജോയ് (23) എന്നിവരാണ് അറസ്‌റ്റി ലായത്. ഇരുവരും നിരവധി ലഹരി കേസുകളില്‍ പ്രതികളാണ്.
ഏറെ നാളായി നിരീക്ഷണത്തിലായിരുന്ന ഇരുവരെയും ഇന്നലെ ഉച്ചയോടെയാണ് അറസ്‌റ്റ് ചെയ്‌തത്. അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്‌ക്ക് താമസിക്കുന്ന രണ്ട് യുവതികളുടെ സുഹൃത്തുക്കള്‍ വഴി താത്‌കാലിക താമസത്തിനെത്തി രണ്ട് റൂമുകളിലൊന്ന് ഉപയോഗിച്ച് വില്‍പ്പന നടത്തുകയായിരുന്നു.
യുവതികള്‍ക്ക് ലഹരി ഇടപാടില്‍ പങ്കില്ലെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ (ഗ്രേഡ്) സി.എം. ബിന്‍സാദ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ഗ്രേഡുമാരായ കെ.ആര്‍. ബിജു, പി.എ. സെബാസ്‌റ്റ്യന്‍, കെ.കെ. മജീദ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനീഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഡെന്നി, ജെസ്‌മോന്‍, നൗഫല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിന്ധു എന്നിവര്‍ റെയ്‌ഡില്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.