Friday, March 13, 2026 Last Updated 40 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.24 AM

ശരണമന്ത്രധ്വനിയില്‍ കോട്ടുവള്ളിക്കാവ്‌ പിള്ളത്തൂക്കം

uploads/news/2026/02/826970/1.jpg

വരാപ്പുഴ : അമ്മേ നാരായണ, ദേവീ നാരായണ ആയിരങ്ങളുടെ കണ്‌ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണമന്ത്രങ്ങള്‍ ഭക്‌തിമുഖരിതമാക്കിയ അന്തരീക്ഷത്തില്‍ കോട്ടുവള്ളിക്കാവ്‌ ഭഗവതി ക്ഷേത്രത്തില്‍ പിള്ളതൂക്കം നടന്നു. തൂക്കത്തിനു മുന്നോടിയായി നടന്ന ആയിരം തിരി പൂജയും ഓട്ടവും ദര്‍ശിക്കാന്‍ വിശ്വാസികളുടെ തിരക്ക്‌ അനുഭവപ്പെട്ടു. ഭദ്രകാളിയുടെ ദാരികവധത്തിനു മുമ്പുള്ള സ്വരൂപമാണ്‌ കോട്ടുവള്ളിക്കാവിലെ പ്രതിഷ്‌ഠ സങ്കല്‍പ്പം.
കുംഭം ഭരണി നാളില്‍ കോട്ടുവള്ളിക്കാവില്‍ രണ്ട്‌ തൂക്കങ്ങള്‍ നടന്നുവരുന്നു. കോട്ടപ്പുറം എന്‍.എസ്‌.എസ്‌. കരയോഗത്തിനായി ചന്ദ്രത്തില്‍ വിനോദ്‌ കുമാറും തിരുമുപ്പം വാര്യത്തിനായി ശിവന്‍ സി. കെ. വെളിയത്തുനാട്‌ തൂക്കച്ചാടേറി. കെ. ജി. രഘുനാഥ്‌ കളരിക്കല്‍ തൂക്കക്കൊളുത്ത്‌ കൈമാറി. എം. എന്‍. സന്ദേശന്‍, മാടവനപ്പറമ്പില്‍ തൂക്കം കുത്തി. തൂക്കത്തിന്‌ മുന്‍പായി സര്‍ക്കാര്‍ പ്രതിനിധിയായ വില്ലേജ്‌ ഓഫീസര്‍ അനുവാദ പത്രിക നല്‍കിയതോടെയാണ്‌ തൂക്കം തുടങ്ങിയത്‌. ഇരുന്നൂറ്‌ അടിയോളം ഉയരമുള്ള തൂക്കച്ചാടില്‍ പ്രത്യേക കച്ചയുടെ പിന്‍ബലത്തോടെയാണ്‌ തൂക്കക്കാരെ ചാടേറ്റിയത്‌. ഇരുന്നൂറ്‌ റാത്തല്‍ ഭാരമുള്ള ചാട്‌ ഉയര്‍ത്തി തോളിലേറ്റി തേവര്‍കാട്‌ 108-ാം നമ്പര്‍ കുടുംബിസമാജം പ്രവര്‍ത്തകര്‍ രണ്ടുഘട്ടമായി മൂന്നുതവണ ക്ഷേത്രം വലംവച്ചു. കഠിനവ്രതം പകര്‍ന്ന കരുത്തില്‍ ചാട്‌ തോളിലേറ്റിയവര്‍ക്കു വിശ്വാസികളുടെ വായ്‌ക്കുരവയും ശരണധ്വനികളും ഊര്‍ജ്‌ജം പകര്‍ന്നു. തൂക്കച്ചാടില്‍നിന്നു ദേവിയുടെ സന്നിധിയില്‍ നേദിച്ച പഴം പ്രസാദമായി വിശ്വാസികള്‍ക്കിടയിലേക്കു വര്‍ഷിച്ചതു ലഭിക്കാന്‍ ഭക്‌തജനങ്ങള്‍ പിന്നാലെ ഓടി.
ഓരോ തവണയും തൂക്ക ചാട്‌ ക്ഷേത്രനടയിലിറക്കി പിള്ളതൂക്കം നടത്തി. തൂക്കക്കാരന്‍ ചാടില്‍ കിടന്നു തന്നെ കുട്ടികളെ ശ്രീകോവിലിന്‌ അഭിമുഖമായി എടുത്ത്‌ ഉയര്‍ത്തുന്നതാണ്‌ പിള്ള തൂക്കം. കസവുമുണ്ടും ഹാരവും അണിഞ്ഞെത്തിയ നൂറുകണക്കിനു പിഞ്ചുകുഞ്ഞുങ്ങള്‍ പിള്ളതൂക്കത്തില്‍ അണി നിരന്നു. പിള്ള തൂക്കത്തോടെ കുട്ടികള്‍ക്ക്‌ ഐശ്വര്യവും രോഗപീഡകളില്‍ നിന്നു മുക്‌തിയും ലഭിക്കുമെന്നാണ്‌ വിശ്വാസം. തൂക്കത്തിന്‌ ശേഷം നടയടക്കല്‍ നടന്നു.
മാര്‍ച്ച്‌ 1ന്‌ ഞായറാഴ്‌ച രാവിലെ നടതുറക്കല്‍ നടക്കും. കേരളത്തിലെ അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ മാത്രം നടക്കുന്ന പിള്ളത്തൂക്കം കോട്ടുവള്ളിക്കാവിലെ പ്രത്യേകതയാണ്‌. പിള്ളത്തൂക്കം ദര്‍ശിക്കാന്‍ ആയിരങ്ങളാണ്‌ കുംഭഭരണി നാളില്‍ കോട്ടുവള്ളിക്കാവില്‍ എത്തുന്നത്‌.

Ads by Google
Advertisement
Tuesday 24 Feb 2026 10.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW