Friday, March 13, 2026 Last Updated 40 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.24 AM

എം.എല്‍.എയുടെ വികസന പ്രവര്‍ത്തന രേഖക്കെതിരേ യു.ഡി.എഫ്‌

കോലഞ്ചേരി: കുന്നത്തുനാട്‌ എം.എല്‍.എയുടെ മണ്ഡലതല വികസന രേഖക്കെതിരേ യു.ഡി.എഫ്‌. മണ്ഡലത്തില്‍ 2331 കോടി രൂപയുടെ വികസനം നടത്തിയെന്നാണ്‌ എം.എല്‍.എ രേഖയില്‍ സൂചിപ്പിച്ചിട്ടുള്ളത്‌. മണ്ഡലത്തിന്‌ പുറത്തുള്ള പദ്ധതികള്‍ക്കുള്‍പ്പെടെ ജനറല്‍ വിഭാഗത്തില്‍ അനുവദിച്ച തുക മണ്ഡല വികസന രേഖയില്‍ ഉള്‍പ്പെടുത്തി നവമാദ്ധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയെന്ന്‌ യു.ഡി.എഫ്‌ കുന്നത്തുനാട്‌ നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ സി.പി. ജോയി ആരോപിച്ചു.
ആലുവ-മൂന്നാര്‍ റോഡിന്‌ 653 കോടി രൂപ അനുവദിച്ചതായാണ്‌ വികസന രേഖയില്‍ പറയുന്നത്‌. മണ്ഡലം വഴി 6 കിലോമീറ്റര്‍ മാത്രം കടന്നുപോകുന്ന റോഡാണിത്‌. ആലുവ, കുന്നത്തുനാട്‌, പെരുമ്പാവൂര്‍, കോതമംഗലം, ദേവികുളം എം.എല്‍.എമാര്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങള്‍ വഴി കടന്നുപോകുന്ന റോഡിന്‌ അനുവദിച്ച തുക കുന്നത്തുനാടിന്റെ മാത്രം വികസനമാകുന്നത്‌ എങ്ങനെയെന്നാണ്‌ യു.ഡി.എഫിന്റെ ചോദ്യം.
കൂടാതെ ആറ്‌ ബൈപാസുകള്‍ക്കായി 2023-ലെ ബജറ്റില്‍ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന്‌ വികസന രേഖയില്‍ പറയുമ്പോള്‍, ആറ്‌ ബൈപാസുകള്‍ക്കായി അനുവദിച്ച തുക എങ്ങനെ കുന്നത്തുനാടിന്റെ കണക്കില്‍ വരുമെന്നും യു.ഡി.എഫ്‌ ചൂണ്ടിക്കാട്ടി. വൈദ്യുത വകുപ്പ്‌ പദ്ധതികള്‍ക്കായി 197 കോടി രൂപ അനുവദിച്ചതായി വികസന രേഖ പറയുമ്പോള്‍ കെ.എസ്‌.ഇ.ബി ഫണ്ട്‌ 140 നിയോജക മണ്ഡലങ്ങളിലും ബോര്‍ഡ്‌ നല്‍കുന്നതാണെന്നും അതില്‍ എം.എല്‍.എമാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഒരു റോളുമില്ലെന്നും യു.ഡി.എഫ്‌ പറയുന്നു. അണ്ടര്‍ ഗ്രൗണ്ട്‌ കേബിളുകള്‍ മാറ്റുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായിവൈദ്യുത വകുപ്പ്‌ 197 കോടി രൂപ അനുവദിച്ചത്‌ കുന്നത്തുനാട്‌ മണ്ഡല വികസന രേഖയിലെത്തിയത്‌ എങ്ങനെയെന്നുമാണ്‌ യു.ഡി.എഫിന്റെ വാദം.ജലവിഭവ വകുപ്പ്‌ പദ്ധതികള്‍ക്കായി 420 കോടി രൂപ അനുവദിച്ചതായി രേഖയില്‍ പറയുമ്പോള്‍ മണ്ഡലത്തില്‍ എവിടെയാണ്‌ പദ്ധതി മൂലം കുടിവെള്ളം ലഭിച്ചതെന്നാണ്‌ യു.ഡി.എഫ്‌ ചോദിച്ചു. ലൈഫ്‌ പദ്ധതിയില്‍ ഗുണഭോക്‌താക്കളെ തെരഞ്ഞെടുക്കുന്നത്‌ പഞ്ചായത്താണ്‌. കേന്ദ്ര ഗവണ്‍മെന്റ്‌ ,സംസ്‌ഥാന ഗവണ്‍മെന്റ്‌ , തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ വിഹിതം എന്നിവ ഉപയോഗിച്ചാണ്‌ വീട്‌ നിര്‍മ്മിച്ച്‌ നല്‍കുന്നത്‌. ഇതില്‍ എം.എല്‍.എയ്‌ക്ക് ഒരു പങ്കുമില്ല.മഞ്ചേരിക്കുഴി, കോരന്‍കടവ്‌ പാലങ്ങള്‍ മുന്‍ സര്‍ക്കാരുകളുടെ കാലയളവിലെ പദ്ധതിയാണെന്നും അതിന്റെ പിതൃത്വവും ഈ ഭരണ കാലയളവില്‍ ഏറ്റെടുത്ത്‌ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയത്‌ അപഹാസ്യമാണെന്നും യു.ഡി.എഫ്‌ ചെയര്‍മാന്‍ സി.പി. ജോയി, കെ.വി. എല്‍ദോ, പോള്‍സണ്‍ പീറ്റര്‍ എന്നിവര്‍ ആരോപിച്ചു.

Ads by Google
Advertisement
Tuesday 24 Feb 2026 10.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW