-->
ആലപ്പുഴ: ഫിഷറീസ് വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എച്ച്. സലാം എം.എല്‍.എ. തോട്ടപ്പള്ളി മണ്ണുംപുറം കോളനിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങില്‍ അധ്യക്ഷ പ്രസംഗത്തിനിടെയായിരുന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ എം.എല്‍.എയുടെ പരസ്യവിമര്‍ശനം.
ഫ്‌ളാറ്റില്‍ വീട് ലഭിക്കാതിരുന്ന അഞ്ച് കുടുംബങ്ങളുടെ അപേക്ഷ ഫിഷറീസ് ഡി.ഡിയുടെ സാന്നിധ്യത്തില്‍ നല്‍കിയിരുന്നതായി സലാം പറഞ്ഞു. ഇവര്‍ക്ക് വീട് നല്‍കാന്‍ മാനദണ്ഡങ്ങളുണ്ടെങ്കിലും ഉദ്യോഗസ്‌ഥര്‍ പ്രത്യേകമായി മാനദണ്ഡങ്ങള്‍ നടപ്പാക്കുകയാണ്.
ഇത് തന്റെ വിവേചനാധികാരമാണെന്നാണ് ഉദ്യോഗസ്‌ഥര്‍ പറയുന്നത്. മര്യാദകേട് തീരദേശത്തെ പാവപ്പെട്ട തൊഴിലാളികളോട് കാണിക്കരുത്. കാണിച്ചാല്‍ തൊഴിലാളികള്‍ ഏതുനിലയിലും നേരിടും. മന്ത്രിക്കും സര്‍ക്കാരിനും മേലെയാണ് ചില ഉദ്യോഗസ്‌ഥര്‍ പെരുമാറുന്നതെന്നും സലാം തുറന്നടിച്ചു.