-->
മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്‌ച തൊഴുത് ഭക്‌തര്‍ സായുജ്യമടഞ്ഞു. 13 കരക്കാര്‍ ശിവരാത്രി നാള്‍ മുതല്‍ ഒരുക്കിത്തുടങ്ങിയ കെട്ടുകാഴ്‌ചകള്‍ കാഴ്‌ചക്കണ്ടത്തിലിറങ്ങിയതോടെ ക്ഷേത്രപരിസരം ദേവീസ്‌തുതികളാല്‍ മുഖരിതമായി. കെട്ടുകാഴ്‌ചകള്‍ കാണാന്‍ അമ്മ ജീവതയില്‍ എഴുന്നള്ളിയതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.
കരകളുടെ ക്രമത്തിലാണ് കെട്ടുകാഴ്‌ചകള്‍ കണ്ടത്തിലിറങ്ങിയത്. ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, കണ്ണമംഗലംതെക്ക്, കണ്ണമംഗലംവടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്രാ, മറ്റംവടക്ക്, മറ്റംതെക്ക്, മേനാമ്പള്ളി, നടയ്‌ക്കാവ് കരകളുടെ ക്രമത്തില്‍ ദേവീദര്‍ശനം നടത്തി വൈകിട്ട് കാഴ്‌ചക്കണ്ടത്തിലിറങ്ങി. ആറു കുതിരയും അഞ്ചു തേരും ഭീമന്‍, ഹനുമാന്‍, പാഞ്ചാലി എന്നിവയാണ് കെട്ടുകാഴ്‌ചകളായി അണിനിരന്നത്.
ഉച്ചയ്‌ക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കി ഭരണി ആഘോഷമാക്കി. രാവിലെ കുത്തിയോട്ട സമര്‍പ്പണങ്ങളും ക്ഷേത്രത്തില്‍ നടന്നു. ശിവരാത്രി നാള്‍ കുത്തിയോട്ട ഭവനങ്ങളില്‍ ആരംഭിച്ച ചടങ്ങുകളും ആചാരപരമായി സമാപിച്ചു. പുലര്‍ച്ചെ കുത്തിയോട്ട വീടുകളിലെ ചടങ്ങുകള്‍ക്കുശേഷം കുത്തിയോട്ട ബാലന്‍മാരെ അണിയിച്ചൊരുക്കി ദേവീ സന്നിധിയിലേക്ക് ആഘോഷപൂര്‍വം ഘോഷയാത്രയായി ആനയിച്ചു. വാഴയില വാട്ടിയുടുപ്പിച്ച് കണ്ണെഴുത്തും കുറിയും തലപ്പാവുമായുള്ള കുത്തിയോട്ട ബാലന്‍മാരുടെ വേഷംപോലും ആചാരപരമാണ്. വെള്ളിപ്പിടി പിച്ചാത്തിയില്‍ പഴുക്കാ പാക്ക് കുത്തി ബാലന്മാര്‍ ഇരുകൈകളിലുമായി ഉയര്‍ത്തിപ്പിടി ച്ച് ചുവടുവച്ചാണ് ദേവീസന്നിധിയിലേക്ക് നീങ്ങിയത്. കുത്തിയോട്ടപ്പാട്ടും വാദ്യമേളങ്ങളും അകമ്പടിയായി. ക്ഷേത്രത്തിലെത്തി വലംവച്ച് ദേവീസ്‌തുതി പാടി ചുവടുവച്ചായിരുന്നു സമര്‍പ്പണം. ഉച്ചയ്‌ക്ക് 12ന് മുമ്പ് എല്ലാ കുത്തിയോട്ടങ്ങളും ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. വൈകിട്ട് ഏഴോടെ കെട്ടുകാഴ്‌ചകള്‍ കാഴ്‌ചക്കണ്ടത്തിലേക്ക് ഇറങ്ങിത്തുടങ്ങി.
അമ്മയ്‌ക്ക് സമര്‍പ്പിച്ചത്
16 കുത്തിയോട്ടങ്ങള്‍
മാവേലിക്കര: ഓണാട്ടുകരയിലെ വീഥികളില്‍ പുലര്‍ച്ചെമുതല്‍ ഒഴുകിയത് കുത്തിയോട്ടത്തിന്റെ വായ്‌ത്താരികള്‍. ഇത് ഏറ്റുപാടി ഭക്‌തരും. ശിവരാത്രി മുതല്‍ വഴിപാട് വീടുകളില്‍ അനുഷ്‌ഠാനപൂര്‍വം നടത്തിവന്ന കുത്തിയോട്ടങ്ങള്‍ ദേവിയുടെ തിരുമുന്നില്‍ സമര്‍പ്പിച്ചു. ഇത്തവണ 16 കുത്തിയോട്ടങ്ങളാണ് സമര്‍പ്പിച്ചത്.
കുത്തിയോട്ട വഴിപാട് കുട്ടികളെ താലപ്പൊലിയായി സ്വീകരിച്ചാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചത്. ഓരോ കുത്തിയോട്ട ഘോഷയാത്രയിലും നൂറുകണക്കിന് സ്‌ത്രീകളും കുട്ടികളും താലപ്പൊലിയേന്തി. മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍, വേലകളി, കാവടി, പൂരാണവേഷവിധാനങ്ങള്‍, കരകം തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകി.
ഇതിനു പിന്നിലായി വഴിപാടുകാരന്റെ ബന്ധു നെട്ടൂര്‍പ്പെട്ടി തലയിലേന്തി കുത്തിയോട്ട പ്പാട്ടിന്റെ അകമ്പടിയില്‍ വഴിപാട് കുട്ടികളെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. കുട്ടികളെ പുലര്‍ച്ചെ കുളിപ്പിച്ചൊരുക്കി ഗുരുനാഥന്മാര്‍ക്കും ബന്ധുജനങ്ങള്‍ക്കും ദക്ഷിണ നല്‍കി കിന്നരി തലപ്പാവ് ചൂടിച്ച് മുഖത്ത് ചുട്ടികുത്തി കൈയില്‍ കാപ്പും കഴുത്തില്‍ മണിമാലകളും അണിയിച്ച് വാഴയില വാട്ടിയുടുപ്പിച്ച് കൈകള്‍ മുകളിലേക്കുയര്‍ത്തി അടയ്‌ക്കാ കുത്തിയ കത്തിയും പിടിപ്പിച്ചാണ് അമ്മയ്‌ക്ക് തിരുമുമ്പില്‍ എത്തിച്ചത്.
കെട്ടുകാഴ്‌ചകളുടെ മുന്നിലെത്തി ആചാരപരമായ ചടങ്ങുകള്‍ നടത്തിയാണ് ക്ഷേത്രത്തില്‍ എത്തിയത്. തുടര്‍ന്ന് നെട്ടൂര്‍പെട്ടി തുറന്ന് അതിനുള്ളില്‍ നിന്ന് വെറ്റിലയും കച്ചയുമെടുത്ത് ക്ഷേത്രക്കുളത്തില്‍ എത്തിച്ച് സ്‌നാനം ചെയ്യിച്ച് കുട്ടികളെ രക്ഷിതാക്കള്‍ക്ക് കൈമാറിയതോടെ കുത്തിയോട്ട വഴിപാടുകളുടെ സമര്‍പ്പണം പൂര്‍ത്തിയായി.