Wednesday, March 11, 2026 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.23 AM

3500 കോടി രൂപയുടെ പദ്ധതിയിലൂടെ കേരളത്തിലെ മുഴുവന്‍ സുനാമി വീടുകളും മാറ്റിനല്‍കും: മന്ത്രി

ആലപ്പുഴ: നബാര്‍ഡ്‌ വഴി 3500 കോടി രൂപയുടെ പദ്ധതി തയ്യാറാണെന്നും താമസയോഗ്യമല്ലാത്ത കേരളത്തിലെ മുഴുവന്‍ സുനാമി വീടുകളും പുനര്‍ നിര്‍മിച്ച്‌ നല്‍കുമെന്നും മന്ത്രി സജി ചെറിയാന്‍. സംസ്‌ഥാന സര്‍ക്കാരിന്റെയും ഫിഷറീസ്‌ വകുപ്പിന്റെയും സ്വപ്‌നപദ്ധതിയായ പുനര്‍ഗേഹം പദ്ധതിയിലൂടെ നിര്‍മ്മിച്ച മണ്ണുംപുറം സഫലം ഭവന സമുച്ചയം ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലാക്രമണ ഭീഷണിയില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിന്‌ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ സുരക്ഷിതമായ വീട്‌ ഒരുക്കുന്നതിനൊപ്പം, അന്തസുറ്റ ജീവിതസൗകര്യങ്ങളും നിലനില്‍പ്പും ഉറപ്പാക്കാനാണ്‌ സര്‍ക്കാര്‍ പദ്ധതി വഴി ലക്ഷ്യമിട്ടതെന്നും അത്‌ യാഥാര്‍ഥ്യമായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. 9108 കുടുംബങ്ങളാണ്‌ വീടില്ലാത്തവരായിട്ട്‌ ഉണ്ടായിരുന്നത്‌. ഇതില്‍ 5478 വീടുകള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്‌. 3498 വീടുകളുടെ താക്കോല്‍ നല്‍കി കഴിഞ്ഞു. സഫലം ഉള്‍പ്പെടെ 1980 ഫ്‌ളാറ്റുകള്‍ നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. മാറി താമസിക്കാന്‍ സമ്മതിച്ചിട്ടുള്ള വ്യക്‌തികളില്‍ ഇനി 3630 പേര്‍ക്ക്‌ മാത്രമേ വീടുകള്‍ നല്‍കാനുള്ളൂയെന്നും തീരദേശത്തുനിന്ന്‌ മാറി താമസിക്കുവാന്‍ കുടുംബങ്ങള്‍ തയ്യാറല്ലാത്തതാണ്‌ തടസമായി നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. തീരദേശത്തിന്‌ അടുത്ത്‌ തന്നെ സ്‌ഥലം കണ്ടെത്തി വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. 2500 കോടി രൂപയാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ ഇതിനായി ചെലവിട്ടത്‌. മത്സ്യത്തൊഴിലാളി സ്‌ത്രീകളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാമ്പത്തിക-സാങ്കേതിക സഹായം നല്‍കുന്ന സാഫ്‌ പദ്ധതിയിലൂടെ 200 കോടിയുടെ കച്ചവടമാണ്‌ കഴിഞ്ഞ വര്‍ഷം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഒരു വ്യക്‌തിക്ക്‌ എങ്കിലും മറ്റ്‌ മേഖലകളില്‍ തൊഴില്‍ ഉറപ്പാക്കുന്ന തൊഴില്‍ തീരം പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്‌. ചെത്തി, അര്‍ത്തുങ്കല്‍, വലിയഴിക്കല്‍ എന്നീ ഹാര്‍ബറുകള്‍ക്ക്‌ പുറമേ തോട്ടപ്പള്ളി ഹാര്‍ബറും ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന്‌ മന്ത്രി വ്യക്‌തമാക്കി. ഫിഷറീസ്‌ വകുപ്പ്‌ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി തയ്യാറാക്കാനുള്ള ആലോചനയിലാണ്‌ എന്നും സര്‍ക്കാര്‍ തുടര്‍ഭരണത്തിലേറിയാല്‍ ഇതോടൊപ്പം നബാര്‍ഡ്‌ വഴി 3000 കോടിയുടെ മറ്റൊരു പദ്ധതിയും നടപ്പാക്കുമെന്ന്‌ മന്ത്രി പറഞ്ഞു.
സഫലം പദ്ധതിയുടെ ആദ്യ ഗുണഭോക്‌താവായ ഗോപാലന്‍ എന്ന വ്യക്‌തിയുടെ ഭാര്യയെ ഗുണഭോക്‌താവാക്കിയുള്ള സഫലം 5എ01 എന്ന പേരിലുള്ള ഫ്‌ളാറ്റിലാണ്‌ പാലുകാച്ചി മന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.വേലിയേറ്റ പരിധിയില്‍ നിന്ന്‌ 50 മീറ്ററിനുള്ളില്‍ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്‌ ആദ്യഘട്ടത്തില്‍ സുരക്ഷിതമായ ഈ ഫ്‌ളാറ്റുകളിലേക്ക്‌ എത്തുക. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്‌ജന പദ്ധതിയില്‍ ഉള്‍പ്പെട്ട 40 കുടുംബങ്ങളും പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായ 44 മത്സ്യത്തൊഴിലാളി കുടുംബങ്ങളും പുതിയൊരു ജീവിതം കെട്ടിപ്പടുക്കുന്നതിന്‌ ഒരു നാടും സര്‍ക്കാരും അഭിമാനത്തോടെ സാക്ഷിയാവുകയാണ്‌. റവന്യൂ വകുപ്പ്‌ ഫിഷറീസ്‌ വകുപ്പിന്‌ കൈമാറിയ മൂന്ന്‌ ഏക്കര്‍ 48 സെന്റ്‌ ഭൂമിയില്‍ 26.5 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിക്കുന്ന ഈ പദ്ധതിയില്‍ ആകെ 204 ഭവനങ്ങളാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. ഇതില്‍ ആദ്യഘട്ടത്തിലെ പൂര്‍ത്തിയായ 84 വീടുകളാണ്‌ കൈമാറിയത്‌. ജില്ലയില്‍ ഇതുവരെ 73 കോടിയിലധികം രൂപയാണ്‌ പുനര്‍ഗേഹം പുനരധിവാസ പദ്ധതിക്കായി മാത്രം സര്‍ക്കാര്‍ ചെലവഴിച്ചത്‌.
ഇതിനോടകം തന്നെ പദ്ധതി വഴി 100 കുടുംബങ്ങള്‍ സുരക്ഷിത ഭവനങ്ങളിലേക്ക്‌ മാറി കഴിഞ്ഞു. ഭൂരഹിതരായ 125 ഗുണഭോക്‌താക്കള്‍ക്ക്‌ ഭൂമി വാങ്ങാനും 568 കുടുംബങ്ങള്‍ക്ക്‌ വീട്‌ വയ്‌ക്കാനും 950 പേര്‍ക്ക്‌ ഭവന പുനരുദ്ധാരണ പദ്ധതിക്ക്‌ ധനസഹായങ്ങളും നല്‍കി.ചടങ്ങില്‍ എച്ച്‌. സലാം എം.എല്‍.എ അധ്യക്ഷനായി.
സംസ്‌ഥാനത്ത്‌ പുനര്‍ഗേഹം വഴി ഏറ്റവും കൂടുതല്‍ ഗുണഭോക്‌താക്കള്‍ക്ക്‌ സൗകര്യം സിദ്ധിച്ച മണ്ഡലമാണ്‌ അമ്പലപ്പുഴയെന്ന്‌ എം.എല്‍.എ പറഞ്ഞു. എഡിഎം ആശാ സി. എബ്രഹാം, അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കവിത, അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത സതീഷ്‌, പുറക്കാട്‌ ഗ്രാമപഞ്ചായത്ത്‌ അംഗം ആര്‍ രാജി, ഫിഷറീസ്‌ വകുപ്പ്‌ ഡയറക്‌ടര്‍ വി. ചെല്‍സാസിനി, കെ.എസ്‌.സി.എ ഡി.സി മാനേജിങ്‌ ഡയറക്‌ടര്‍ പി.ഐ ഷെയ്‌ക്ക് പരീത്‌, ഫിഷറീസ്‌ വകുപ്പ്‌ അഡീഷണല്‍ ഡയറക്‌ടര്‍ സ്‌മിത ആര്‍. നായര്‍, ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പദ്ധതി ഗുണഭോക്‌താക്കള്‍, നാട്ടുകാര്‍, മറ്റ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 24 Feb 2026 10.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW